
കുക്കു പരമേശ്വരൻ | ഫോട്ടോ: മാതൃഭൂമി
കൊച്ചി: അമ്മ സംഘടനയുടെ സുപ്രധാന സ്ഥാനത്തേക്ക് താൻ മത്സരിക്കുന്നുവെന്നതാണോ ഇപ്പോൾ തനിക്കെതിരേ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിലുള്ള കാരണമെന്ന് അറിയില്ലെന്ന് കുക്കു പരമേശ്വരൻ. മെമ്മറി കാർഡ് ആവശ്യപ്പെട്ടുകൊണ്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും ഇപ്പോൾ തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും കുക്കു പരമേശ്വരൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
2018-ൽ മീടു ക്യാമ്പയിന് ശേഷം താരസംഘടനയായ അമ്മയിലെ സ്ത്രീകൾ നടത്തിയ തുറന്നുപറച്ചിലുകളടങ്ങിയ മെമ്മറി കാർഡുമായി ബന്ധപ്പെട്ടാണ് കുക്കു പരമേശ്വരനെതിരേ ആരോപണങ്ങൾ ഉയരുന്നത്.
ആരോപണം ഉയർന്നിരിക്കുന്ന മെമ്മറി കാർഡുമായി ബന്ധപ്പെട്ട സംഭവം നടക്കുന്നത് 2018-ലാണ്. അതിനുശേഷം ഇത്രയും വർഷങ്ങൾ ഞാൻ ഇവിടെത്തന്നെ ഉണ്ടായിരുന്നു. ഇതുവരേയും ആരും ഇതിനെക്കുറിച്ചുള്ള ആരോപണങ്ങളുമായി വന്നിട്ടില്ല. ഇത്രയും വർഷമായിട്ടും മെമ്മറി കാർഡ് ആവശ്യപ്പെട്ടുകൊണ്ട് തന്നെ ആരും സമീപിച്ചിട്ടില്ല. ഉണ്ടായിരുന്നെങ്കിൽ ഇതിന് മുമ്പുതന്നെ അവർക്ക് അതിന്റെ ഉത്തരം കിട്ടുമായിരുന്നല്ലോ. അല്ലെങ്കിൽ മെമ്മറി കാർഡ് ആവശ്യപ്പെട്ടവർ അത് സംബന്ധിച്ച് ആരോപണം ഉന്നയിക്കുകയോ പരാതിപ്പെടുകയോ ചെയ്യേണ്ടതായിരുന്നല്ലോ.
ഈ മെമ്മറികാർഡും അതിനുള്ളിലുള്ള കാര്യങ്ങളുമെല്ലാം എന്റേത് അല്ല. അത് അമ്മ എന്ന സംഘടനയുടേതാണ്. അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയല്ലേ അത് ചെയ്യേണ്ടത്. ഇത് ഒരു അസോസിയേഷന്റെ കാര്യമാണ്. അവിടെ എന്റെ പദവി എന്തായിരുന്നു എന്നുപോലും ആരും ചോദിക്കുന്നില്ല. എന്തുകൊണ്ടാണ് എല്ലാ ഉത്തരവാദിത്വവും എന്റെ മേലിൽ മാത്രം വെക്കുന്നതെന്നുപോലും മനസിലാകുന്നില്ല. കുക്കു എന്ന വ്യക്തിയെ മാധ്യമങ്ങളടക്കം എന്തുകൊണ്ടാണ് ലക്ഷ്യം വെക്കുന്നതെന്ന് അറിയില്ല. എനിക്കെതിരേ നടക്കുന്ന എല്ലാ ഭീഷണികൾക്കെതിരേയും വേണ്ടുന്നതെല്ലാം നിയമപരമായി ചെയ്യുന്നുണ്ട്, കുക്കു പരമേശ്വരൻ പറഞ്ഞു.
മെമ്മറി കാർഡുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ആരോപണങ്ങളിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അമ്മ സംഘടനയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം അതിനെപ്പറ്റി വിശദമായി സംസാരിക്കാമെന്നും അവർ പറഞ്ഞു.
കഴിഞ്ഞവർഷവും ഞാൻ അമ്മ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ഇത്തവണ ഞാൻ തിരഞ്ഞെടുപ്പിന് നിൽക്കുമ്പോഴുള്ള പ്രത്യേകത എന്താണെന്ന് വ്യക്തമായി എനിക്കറിയില്ല. കഴിഞ്ഞതവണ വെറും 27 വോട്ടുകൾക്കാണ് ഞാൻ പരാജയപ്പെട്ടത്. പക്ഷേ, അത്രയും വോട്ടുകൾക്കാണ് തോറ്റത് എന്നത് വലിയ വിജയമായാണ് കാണുന്നത്. എന്റെ സ്വന്തം ഇഷ്ടത്തിനാണ് മത്സരിച്ചത്. അന്ന് വമ്പൻമാരെല്ലാം എനിക്കെതിരായിരുന്നു. ഇപ്പോൾ ഉണ്ടായിരിക്കുന്ന ആരോപണങ്ങൾക്ക് പിന്നിലുള്ള കാരണം തിരഞ്ഞെടുപ്പ് തന്നെയാണോ എന്നത് എനിക്ക് വ്യക്തമല്ല. അമ്മ സംഘടനയിലെ സുപ്രധാനമായ സ്ഥാനത്തേക്ക് സ്ത്രീകൾ മത്സരിച്ചിട്ടില്ല. പ്രധാനപ്പെട്ട സ്ഥാനത്തേക്കോ തീരുമാനങ്ങളെടുക്കുന്നതോ ആയ പദവികളിലേക്കാണ് താൻ മത്സരിക്കുന്നത് എന്നതാണോ ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിലുള്ള കാരണമെന്ന് അറിയില്ലെന്നും കുക്കു പരമേശ്വരൻ പറഞ്ഞു.
എനിക്കെതിരേ ഉയർന്നിരിക്കുന്ന ആരോപണങ്ങൾക്ക് പിന്നിൽ ആരാണെന്ന് അറിയില്ല. ഞാനൊരു സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തിൽ ആരോപണങ്ങൾ ഉയർത്തുന്നതെന്ന് കരുതുന്നില്ല. ഇപ്പോൾ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മത്സരത്തിനിറങ്ങിയത്. മെമ്മറി കാർഡുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ അത് തുറന്ന് പറയാമായിരുന്നു. എങ്കിൽ അത് പരിഹരിച്ചതിന് ശേഷം മാത്രമേ മത്സരത്തിന് ഇറങ്ങുമായിരുന്നുള്ളൂ.
ആരോപണങ്ങൾക്കെതിരേ പ്രതികരിക്കാനുള്ള സമയം ഇപ്പോൾ ഇല്ല. അമ്മ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുകൊണ്ടുതന്നെ ഇപ്പോൾ അമ്മയിലെ അംഗങ്ങളോട് വോട്ട് ചോദിക്കുന്ന തിരക്കിലാണ്. അതിന് അപ്പുറത്തേക്കുള്ള കാര്യങ്ങൾ ചിന്തിക്കുന്നില്ല. മെമ്മറി കാർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ ഓഗസ്റ്റ് പതിനഞ്ചിന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ സംസാരിക്കാൻ കഴിയുകയുള്ളൂവെന്നും കുക്കു പരമേശ്വരൻ പറഞ്ഞു.
Content Highlights: kukku parameswaran response, representation paper allegation, Amma organisation
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·