Published: September 26, 2025 07:21 AM IST Updated: September 26, 2025 10:21 AM IST
1 minute Read
-
കേരളത്തിനായി മത്സരിച്ചത് ഫറോക്ക് ഹയർ സെക്കൻഡറി സ്കൂൾ ടീം
ന്യൂഡൽഹി ∙ സുബ്രതോ കപ്പിൽ ചരിത്രനേട്ടവുമായി കേരളം. ഡൽഹിയിൽ നടന്ന സുബ്രതോ കപ്പ് രാജ്യാന്തര സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ ജൂനിയർ ആൺകുട്ടികളുടെ (അണ്ടർ 17) വിഭാഗത്തിൽ കോഴിക്കോട് ഫറോക്ക് ഹയർ സെക്കൻഡറി സ്കൂൾ ടീം ചാംപ്യൻമാരായി. സുബ്രതോ ജൂനിയർ വിഭാഗത്തിൽ കേരളത്തിന്റെ ആദ്യ കിരീട നേട്ടമാണിത്.
ഡൽഹിയിലെ അംബേദ്കർ സ്റ്റേഡിയത്തിൽ മലയാളത്തിലുള്ള ആരവങ്ങൾക്കു നടുവിൽ കേരളത്തിന്റെ ചുണക്കുട്ടികൾ ഫൈനലിൽ 2–0ന് ഉത്തരാഖണ്ഡ് അമിനിറ്റി പബ്ലിക് സ്കൂളിനെ തോൽപിച്ചു. 20–ാം മിനിറ്റിൽ തഹേലാംബ, 62–ാം മിനിറ്റിൽ ആദി കൃഷ്ണ എന്നിവർ ഫറോക്ക് സ്കൂൾ ടീമിനായി ഗോൾ നേടി. ബോക്സിനു പുറത്തു നിന്നു തഹേലാംബയെടുത്ത ഷോട്ടാണു ഫറോക്കിന് ആദ്യ ഗോൾ സമ്മാനിച്ചത്. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ ആദി കൃഷ്ണ ഫൈനലിലും തിളങ്ങിയതു ടീമിനു നേട്ടമായി.
മലപ്പുറം എംഎസ്‌പി ഹയർ സെക്കൻഡറി സ്കൂൾ ടീം 2014ൽ സുബ്രതോയുടെ ഫൈനലിലെത്തിയിരുന്നെങ്കിലും അന്നു ബ്രസീലിൽ നിന്നുള്ള ടീമിനോട് സഡൻഡെത്തിൽ പരാജയപ്പെട്ടിരുന്നു.
ജേതാക്കൾക്ക് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി.സിങ് കിരീടം സമ്മാനിച്ചു. ഷൂട്ടിങ് താരം ദിവ്യാൻഷ് സിങ് പൻവർ മുഖ്യാതിഥിയായിരുന്നു. 5 ലക്ഷം രൂപയാണു വിജയികൾക്കു ലഭിക്കുക. ഫറോക്ക് സ്കൂളിലെ ആദി കൃഷ്ണയാണു ടൂർണമെന്റിലെ മികച്ച താരം. ഫറോക്ക് സ്കൂളിലെ വി.പി.സുനീർ മികച്ച പരിശീലകനുള്ള പുരസ്കാരം സ്വന്തമാക്കി. ഐ ലീഗ് ക്ലബ് ഗോകുലം കേരളയുടെ പിന്തുണയോടെയാണു ഫറോക്ക് സ്കൂൾ ടീമിന്റെ പരിശീലനം. ടീം ക്യാപ്റ്റനായ ജസീം അലി 10 ഗോളുകളാണ് ടൂർണമെന്റിൽ നേടിയത്. സുബ്രതോ കപ്പ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ അസമിലെ ബെറ്റ്കുച്ചി ഹൈസ്കൂളാണു കിരീടം നേടിയത്. സബ് ജൂനിയർ (അണ്ടർ 15) ആൺകുട്ടികളിൽ പഞ്ചാബ് മിനർവ പബ്ലിക് സ്കൂളാണു ജേതാക്കൾ.
English Summary:








English (US) ·