സുമതി വളവിലേത് പാട്ടിന്റെ വേറിട്ട വഴി, ഉള്ളിൽ തോന്നിയ സ്റ്റൈലുകളുടെ പരീക്ഷണം-രഞ്ജിന്‍ രാജ്

5 months ago 5

2018ല്‍ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് രഞ്ജിന്‍ രാജ് എന്ന സംഗീതസംവിധായകന്‍ മലയാള സിനിമാരംഗത്തെത്തിയത്. അതിനുമുന്‍പു തന്നെ റിയാലിറ്റി ഷോയിലൂടെ ഗായകന്‍ എന്ന നിലയില്‍ രഞ്ജിന്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ 'സുമതി വളവ്' എന്ന ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുമ്പോള്‍ രഞ്ജിന്‍ ഈണമിട്ട ഗാനങ്ങളും ഒരുക്കിയ പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ വിജയത്തിന് പിന്നിലെ ഒരു ഘടകമായി എന്നതില്‍ തര്‍ക്കമില്ല. പതിവ് മെലഡികളിൽ നിന്ന് വ്യത്യസ്തമായ ഗാനങ്ങളും ഹിറ്റായി എന്നത് രഞ്ജിന്‍ രാജ് എന്ന സംഗീതസംവിധായകന്റെ വേറിട്ട ശൈലിയാണ് വെളിപ്പെടുത്തുന്നത്. സുമതി വളവിലെ ഗാനങ്ങളെ കുറിച്ചും ഇതര ഭാഷകളിൽ ഉള്‍പ്പെടെയുള്ള പുതിയ പ്രോജക്ടുകളെ കുറിച്ചും രഞ്ജിന്‍ സംസാരിക്കുന്നു.

രഞ്ജിന്റെ സംഗീതസംവിധാനത്തില്‍ വന്നിട്ടുള്ള ഗാനങ്ങളില്‍ ഭൂരിഭാഗവും മെലഡികളാണ്. എന്നാല്‍ സുമതി വളവില്‍ വ്യത്യസ്തമായാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. അത്തരത്തില്‍ വേണമെന്നുള്ളത് സംവിധായകന്റെ അഭിപ്രായമായിരുന്നോ അതോ വ്യത്യസ്തമായുള്ള പരീക്ഷണമായിരുന്നോ

നാല് പാട്ടുകളാണ് നിലവില്‍ റിലീസായിട്ടുള്ളത്. അതില്‍ ഒരെണ്ണം മാത്രമാണ് എന്റെ സാധാരണ ശൈലിയില്‍, അതായത് എന്നെ കൂടുതലായി ശ്രോതാക്കള്‍ അംഗീകരിച്ച മെലഡി സ്‌റ്റൈലില്‍ വന്നിട്ടുള്ളത്. ബാക്കി മൂന്നു ഗാനങ്ങളും വ്യത്യസ്ത ശൈലിയിലാണ് ചെയ്തിട്ടുള്ളത്. ഈ സിനിമയ്ക്ക് ചേരുന്ന സൗണ്ടിങ് അതാണെന്ന് തോന്നിയതുകൊണ്ടാണ് അങ്ങനെ ചെയ്തത്. കഥ കേട്ട സമയത്തും അഭിലാഷ് (തിരക്കഥാകൃത്ത്) അത് വിവരിക്കുമ്പോഴും സംഗീതം ഇങ്ങനെയാകാമെന്ന ചിന്ത വന്നു. ഉദാഹരണത്തിന് പ്രണയം കണ്‍വേ ചെയ്യാന്‍ നാദസ്വരം ഉപയോഗപ്പെടുത്തുക, നമ്മള്‍ തമിഴില്‍ കൂടുതലായി കേള്‍ക്കുന്ന തരത്തിലുള്ള റിഥംസ് ഉപയോഗിക്കുക, സാധാരണയായി കൊടുക്കാന്‍ സാധ്യതയില്ലാത്ത സംഗീതം തുടങ്ങിയവയൊക്കെ വിഷ്ണുവും (സംവിധായകന്‍) അഭിലാഷുമൊക്കെ സജസ്റ്റ് ചെയ്തപ്പോള്‍ എന്റെ ഉള്ളില്‍ തോന്നിയ ചില സ്‌റ്റൈലുകളാണ് പരീക്ഷിച്ചിരിക്കുന്നത്, പ്രത്യേകിച്ച് ഒറ്റ നോക്ക്, ശോകം വേണ്ട തുടങ്ങിയ പാട്ടുകളില്‍. എന്നാലും മെലഡിക്കും പ്രാധാന്യമുണ്ട്, ഒറ്റ നോക്ക് പാട്ടില്‍ ക്യൂട്ട്‌നെസ് കൊണ്ടുവരാന്‍ നോക്കിയിട്ടുണ്ട്. ഒറ്റ നോക്കില്‍ എന്ന പാട്ടിലെ സെക്കന്‍ഡ് ബിജിഎമ്മില്‍ ഒരു വിസിലിങ് ഉണ്ട്. അത് ഞാനാണ് ചെയ്തിരിക്കുന്നത്. എനിക്കറിയുന്ന പോലെയാണ് ചെയ്തത്. അത് പെര്‍ഫെക്ട് അല്ല എന്നറിയാം. അങ്ങനെ തന്നെ മതിയെന്നുള്ളത് എന്റെ ആശയമായിരുന്നു. അറിയാത്തയാള്‍ ചെയ്തുവെന്നൊക്കെ ചില പ്രതികരണങ്ങള്‍ വന്നിരുന്നു. സുമതി വളവിലെ പാട്ടുകളെ കുറിച്ചും ബിജിഎമ്മിനെ കുറിച്ചും നല്ല റിവ്യൂസ് ആണ് കിട്ടുന്നത്. നമ്മള്‍ ചെയ്യുന്നത് ശ്രോതാക്കള്‍ക്ക്, അല്ലെങ്കില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നുവെന്ന് അറിയുന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്. അഭിപ്രായങ്ങളെല്ലാം തന്നെ വളരെ വിലപ്പെട്ടതാണ്.

മാളികപ്പുറത്തിനുശേഷം ഈ ടീമുമായുള്ള ചിത്രമാണല്ലോ സുമതി വളവ്. അന്നത്തെ കൂട്ടായ്മയാണോ ഇതിലേക്കെത്തിച്ചത്.

മാളികപ്പുറത്തിന്റെ വിജയം തന്നെയാണ് സുമതി വളവുണ്ടാകാനുള്ള കാരണം. മാളികപ്പുറത്തിന്റെ പ്രേക്ഷകര്‍ക്ക് വേണ്ടിത്തന്നെയാണ് സുമതി വളവ് നിര്‍മിച്ചത്. അവര്‍ തന്നെയാണ് തിയേറ്ററുകളിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. അവര്‍ക്ക് തൃപ്തി നൽകുന്ന സംഗീതവും സിനിമയും ഉണ്ടാക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അത് ഒരുപരിധി വരെ സാധ്യമായിട്ടുണ്ടെന്നാണ് വിശ്വാസം.

താങ്കളുടെ സംഗീതത്തിന് കൂടുതലായി വരികളെഴുതിയിരിക്കുന്നത് ബി.കെ. ഹരിനാരായണനാണല്ലോ, അവിചാരിതമായി സംഭവിക്കുന്നതാണോ അതോ താങ്കള്‍ ആവശ്യപ്പെടുന്നതാണോ.

ഞാന്‍ ആവശ്യപ്പെടാറുണ്ട്. കാരണം ഹരിയേട്ടനുമായുള്ള കോമ്പിനേഷന്‍ വളരെ എളുപ്പമാണ്. കമ്മ്യൂണിക്കേറ്റ് ചെയ്യാനും എളുപ്പമാണ്. ജോസഫ് മുതലുള്ള ബന്ധമാണ്. ഹരിയേട്ടന്‍ വരികളെഴുതുമ്പോള്‍ അധികം സ്ട്രഗിള്‍ ചെയ്യാതെയും സമയം കളയാതെയും വളരെ പെട്ടെന്നുതന്നെ വര്‍ക്ക് ഔട്ടാക്കാൻ പറ്റാറുണ്ട്. അത് ഈ സിനിമയിലും ഗുണകരമായി എന്ന് തോന്നുന്നു. ശോകം വേണ്ട എന്ന പാട്ടാണെങ്കിലും ഒറ്റ നോക്കാണെങ്കിലും സിനിമയില്‍ ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്നതായി തോന്നാറുണ്ട്. അതിനുകാരണം വരികളുമാണ്. ജോസഫ് മുതല്‍ ഒരുപാട് നല്ല പാട്ടുകള്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിച്ചു. എന്നോമല്‍ നിധിയല്ലേ, കാതോര്‍ത്ത് കാതോര്‍ത്ത്, ശോണമുകിലേ... അതൊക്കെ ഞങ്ങള്‍ക്ക് ഏറെ സ്വീകാര്യത ലഭിച്ച പാട്ടുകളാണ്. കുറേ നല്ല ഗാനങ്ങള്‍ ഹരിയേട്ടനുമൊത്ത് ചെയ്യാന്‍ പറ്റിയിട്ടുണ്ട്. അദ്ദേഹത്തിന് അവാര്‍ഡ് കിട്ടിയ കണ്ണെത്താ ദൂരം... അതെല്ലാം ഞങ്ങളുടെ ബന്ധം കുറച്ചുകൂടി ആഴത്തിലാക്കാന്‍ സഹായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എളുപ്പത്തിൽ കണ്‍വേ ചെയ്യാനും എക്‌സിക്യൂട്ട് ചെയ്യാനും പറ്റും. ഹരിയേട്ടനോട് അധികമൊന്നും വിശദീകരിക്കേണ്ടി വരാറില്ല. ഞാന്‍ പ്രതീക്ഷിക്കുന്ന വാക്കുകള്‍ അദ്ദേഹം അനായാസമായി തരും. ചിലപ്പോള്‍ ട്യൂണ്‍ പറഞ്ഞുകൊടുക്കുന്ന വാക്കുകള്‍ അതേപടി അദ്ദേഹം ഉപയോഗപ്പെടുത്താറുമുണ്ട്. യാതൊരു ഈഗോയുമില്ലാതെ ആ വാക്ക് തന്നെ അവിടെ മതിയെടാ എന്നുപറഞ്ഞ് ബാക്കി വരികള്‍ എഴുതിത്തരാറുമുണ്ട്. നമ്മുടെ വാക്കുകളുമായി ഇഴുകിച്ചേര്‍ന്നുള്ള വാക്കുകള്‍ എളുപ്പത്തില്‍ എഴുതിത്തരാനുള്ള ബുദ്ധിയുള്ള എഴുത്തുകാരന്‍ കൂടിയാണ് അദ്ദേഹം. അതിന്റേയായ ഗുണങ്ങളുണ്ടാകാറുമുണ്ട്.

രഞ്ജിന്റെ പുതിയ പ്രോജക്ടുകളെ കുറിച്ച് പറയാമോ, ഇതരഭാഷാ ചിത്രങ്ങളില്‍ സജീവമാകുന്നുണ്ടുല്ലോ.

പുതിയ പ്രോജക്ടുകള്‍ മലയാളത്തിലും മറ്റു ഭാഷകളിലുമായുണ്ട്. Eyes എന്നൊരു സീരീസിന്റെ വര്‍ക്ക് കഴിഞ്ഞു. ബോബി സഞ്ജയ്-മനു അശോകന്‍ ടീമിന്റെ ചിത്രമാണ്. ഇതേ ടീമിന്റെ തന്നെ ജൂനിയര്‍ എന്നൊരു ചിത്രം ഉടനെ ആരംഭിക്കും. ഞങ്ങള്‍ ഇതിനുമുന്‍പ് 'കാണെക്കാണെ' ചെയ്തിട്ടുണ്ടായിരുന്നു. 'പൊങ്കാല' എന്ന മറ്റൊരു സിനിമ നടക്കുന്നുണ്ട്. പിന്നെ 'ടാബ്ലോ പാര്‍ട്ടി', 'തേരി മേരി'...അങ്ങനെ കുറച്ചു ചിത്രങ്ങള്‍. പിന്നെ തമിഴിലും തെലുങ്കിലും ഓരോ സിനിമകള്‍. തെലുങ്കില്‍ '#ട്രിപ്പിള്‍ എസ്' എന്നൊരു മൂവി, തമിഴില്‍ 'ഗ്രാന്‍ഡ് ഫാദര്‍ 'എന്ന ചിത്രം. തമിഴില്‍ ആദ്യത്തെ ചിത്രം 'കഡാവര്‍' ആയിരുന്നു. അതിനുശേഷം 'യുഗി' എന്ന സിനിമ. മലയാളത്തിലെ ശോണമുകിലേ എന്ന പാട്ടില്ലേ, അതിന്റെ തമിഴ് വേര്‍ഷന്‍ പേസും മഴൈയേ എന്ന ഗാനമാണ് യുഗിയിലൂടെ വന്നത്. അതിനുശേഷമാണ് ശോണമുകിലേ വന്നത്. മലയാളത്തിലും തമിഴിലും ആ പാട്ട് ശ്രദ്ധിക്കപ്പെട്ടുവെന്നത് സന്തോഷം തരുന്നു. തെലുങ്കില്‍ ആദ്യം ചെയ്തത് 'നായാട്ട്' എന്ന മലയാള സിനിമയുടെ റീമേക്കായ 'കോട്ടബുമ്മളി പി.എസ്.' എന്ന സിനിമയാണ്. അല്ലു അര്‍ജുന്റെ അച്ഛന്‍ അല്ലു അരവിന്ദ് സാറാണ് ആ സിനിമ പ്രൊഡ്യൂസ് ചെയ്തത്. അതിനുശേഷം ചെയ്യുന്നതാണ് #ട്രിപ്പിള്‍ എസ്.

സിനിമാ ഇന്‍ഡസ്ട്രി എന്നുപറയുന്നത് ഒരിക്കലും സ്ഥിരതയുള്ള ഒന്നല്ല. ഇവിടെ നിലനില്‍ക്കുന്നതിനായി ഒരുപാട് പ്രതിരോധങ്ങള്‍ നേരിടണമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. കഴിവു മാത്രം കൊണ്ട് നിലനില്‍ക്കുന്നത് പ്രയാസമാണെന്നും പറയാറുണ്ട്. പക്ഷേ, രഞ്ജിന്റെ കാര്യത്തില്‍ കഴിവ് തന്നെയാണ് ഘടകമെന്ന് പറയാമല്ലോ.

കഴിവ് മാത്രമല്ല, അതിനോടൊപ്പം അധ്വാനവുമാണ് നമ്മളെ ഈ രംഗത്ത് നിലനിര്‍ത്തുന്നത്. സിനിമാപ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന തരത്തിലുള്ള പാട്ടുകളും ബാക്ക്​ഗ്രൗണ്ട് സ്‌കോറും ആണെങ്കില്‍ മാത്രമേ അവര്‍ നമ്മെ അംഗീകരിക്കുകയുള്ളൂ. അങ്ങനെയുണ്ടെങ്കില്‍ മാത്രമേ നിലനില്‍പ്പ് സാധ്യമാകൂ. അതുണ്ടാവണമെങ്കില്‍ ദൈവാനുഗ്രഹം കൂടി വേണം. അതുള്ളവര്‍ക്ക് മാത്രമേ പിടിച്ചുനില്‍ക്കാനാകൂ. അതിന് പ്രേക്ഷകരോട് നന്ദി പറയണം. അവര്‍ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്താൽ മാത്രമാണ് നമ്മുക്കിവിടെ നിലനില്‍പ്പ് സാധ്യമാകുന്നത്.

പുതിയ കലാകാരന്‍മാര്‍ക്ക് അവസരം നല്‍കാന്‍ താങ്കള്‍ ശ്രദ്ധിക്കാറുണ്ട്. പുതിയ സ്വരം പരീക്ഷിക്കാമെന്ന് കരുതിയിട്ടാണോ അതോ പുതിയ ആളുകള്‍ക്ക് അവസരം നല്‍കാമെന്ന തോന്നലാണോ ഇതിന് പിന്നിൽ.

രണ്ടുമുണ്ട്. ഞാനും ഒരു റിയാലിറ്റി ഷോയിലൂടെ പാട്ടുകാരനായി വന്നയാളാണ്. അതുകൊണ്ടുതന്നെ സിനിമയിൽ അവസരം കിട്ടുമ്പോൾ ഒരാൾക്ക് ഉണ്ടാവുന്ന സന്തോഷം എത്ര വലുതാണെന്ന് എനിക്കറിയാം. ഒരു റെക്കോഡിങ് സ്റ്റുഡിയോയില്‍ പോയി രണ്ടുവരിയെങ്കിലും പാടാന്‍ പറ്റുമ്പോഴോ, അത് സിനിമയില്‍ വരുമ്പോഴോ ഉണ്ടാകുന്ന എക്‌സൈറ്റ്‌മെന്റ് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്. ഡയറക്ടറും പ്രൊഡ്യൂസറും അതിനുള്ള സ്വാതന്ത്ര്യം തന്നാല്‍ മറ്റൊന്നും നോക്കാതെ പുതിയ ആളുകള്‍ക്ക് ഞാന്‍ അവസരം നല്‍കാറുണ്ട്. ഈയടുത്ത് ഒരു റിയാലിറ്റി ഷോയിലുണ്ടായിരുന്ന റിതിക എന്ന കുട്ടിക്ക് അവസരം നല്‍കിയിരുന്നു. ആ റിയാലിറ്റി ഷോയില്‍ ഗസ്റ്റായിട്ട് പോയതാണ്. ആ കുട്ടിയുടെ ലൈഫ് ജേണി എന്റേതു പോലെയാണ് തോന്നിയത്. ആ കുട്ടിയെ എന്റെയൊരു പാട്ട് പാടിക്കാമെന്ന് പറഞ്ഞിരുന്നു. തൊട്ടടുത്ത ആഴ്ച തന്നെ എനിക്കാ കുട്ടിയെ വിജയ് യേശുദാസിന്റെ കൂടെ പാടിക്കാന്‍ പറ്റി. 'ബോംബെ പോസിറ്റീവ്' എന്ന സിനിമയിലെ തൂമഞ്ഞുപോലെന്‍റെ എന്ന ഗാനം. എന്റെ ഈ എളിയ യാത്രയില്‍ അങ്ങനെ ചില ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കാറുണ്ട്. അതവര്‍ക്ക് വലിയൊരു നേട്ടമായി മാറട്ടെ എന്നാഗ്രഹിക്കുന്നു. ചാന്‍സ് ചോദിച്ച് സമീപിക്കുന്ന എല്ലാവരേയും സഹായിക്കാനാകില്ല. എന്നാലും ഞാന്‍ പരമാവധി സഹായിക്കാന്‍ ശ്രമിക്കാറുണ്ട്.

Content Highlights: Composer Ranjin Raj discusses the unsocial soundscape of `Sumathi Valav`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article