Published: May 16 , 2025 06:02 PM IST
1 minute Read
മുംബൈ∙ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ സൂപ്പർ ലീഗ് വിട്ട ശ്രീലങ്കൻ ബാറ്റർ കുശാൽ മെൻഡിസ് ദിവസങ്ങൾക്കു ശേഷം ഐപിഎലിൽ ചേർന്നു. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‍ലർ ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കില്ലെന്ന് അറിയിച്ചതോടെയാണ് പകരക്കാരനായി കുശാൽ മെൻഡിസിനെ ഗുജറാത്ത് റാഞ്ചിയത്. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര കളിക്കാനുള്ള ഇംഗ്ലണ്ട് ടീമിൽ ബട്‍ലറുമുണ്ട്. 29 ന് പരമ്പര തുടങ്ങുന്നതിനാൽ ബട്‌ലറെ ഐപിഎൽ പ്ലേഓഫ് മത്സരങ്ങൾക്കു കിട്ടില്ല.
പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്ററായാണ് കുശാൽ മെൻഡിസ് കളിച്ചിരുന്നത്. ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷത്തെ തുടർന്ന് പാക്കിസ്ഥാൻ സൂപ്പർ ലീഗ് നിർത്തിവച്ചപ്പോൾ താരം നാട്ടിലേക്കു മടങ്ങിയിരുന്നു. പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ ശനിയാഴ്ച തുടങ്ങുമെങ്കിലും പാക്കിസ്ഥാനിലേക്കു പോകാൻ മെൻഡിസ് തയാറായില്ല. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയാണു താരത്തിന്റെ പിൻമാറ്റം.
എന്നാൽ തൊട്ടുപിന്നാലെ ഗുജറാത്ത് ടൈറ്റൻസ് കുശാൽ മെൻഡിസിനെ ‘സൈൻ’ ചെയ്തതായി പ്രഖ്യാപിച്ചു. ഗുജറാത്തിനായി പ്ലേ ഓഫിൽ വിക്കറ്റ് കീപ്പറുടെ റോളിൽ തന്നെ മെൻഡിസ് ഇറങ്ങിയേക്കും. മെൻഡിസിനു പുറമേ ഇന്ത്യൻ താരങ്ങളായ അനൂജ് റാവത്ത്, കുമാർ കുശാഗ്ര എന്നിവരാണ് ഗുജറാത്തിൽ വിക്കറ്റ് കീപ്പർമാരായുള്ളത്. ഗ്ലാഡിയേറ്റേഴ്സിനായി അഞ്ച് മത്സരങ്ങൾ കളിച്ച മെൻഡിസ് 143 റൺസാണു പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ നേടിയത്.
English Summary:








English (US) ·