Published: May 21 , 2025 10:07 AM IST
1 minute Read
കൊച്ചി ∙ കലൂർ നെഹ്റു സ്റ്റേഡിയത്തിൽ ഒരു മത്സരം കണ്ടതിനു ശേഷം ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) ജനറൽ സെക്രട്ടറി വിൻഡ്‌സർ ജോൺ പറഞ്ഞു: ‘‘ കാണികൾ ഗംഭീരം! പക്ഷേ, സുരക്ഷാ ക്രമീകരണങ്ങൾ തൃപ്തികരമല്ല. ദിസ് സ്റ്റേഡിയം ഈസ് എ റെസിപ്പി ഓഫ് ഡിസാസ്റ്റർ.’’ കേരളത്തിൽ ഫിഫ നിലവാരം ഉള്ളതെന്നു കരുതാവുന്ന ഏക ഫുട്ബോൾ ടർഫുള്ള സ്റ്റേഡിയത്തിന് എഎഫ്‌സി ജനറൽ സെക്രട്ടറി നെഗറ്റീവ് ഗ്രേഡ് സമ്മാനിച്ചതു 2023 ഒക്ടോബറിൽ.
സ്റ്റേഡിയം ഹോം ഗ്രൗണ്ടാക്കിയ കേരള ബ്ലാസ്റ്റേഴ്സിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രിമിയർ വൺ ലൈസൻസ് നിഷേധിച്ചതും ഇതേ കാരണത്താലാണ്. എഎഫ്‌സി ജനറൽ സെക്രട്ടറിയുടെ മുന്നറിയിപ്പു കഴിഞ്ഞ് ഒന്നരവർഷമായിട്ടും സ്ഥിതിയിൽ മാറ്റമില്ല എന്നതാണു യഥാർഥ ദുരന്തം!
ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണെങ്കിലും വിശാല കൊച്ചി വികസന അതോറിറ്റിയുടെ (ജിസിഡിഎ) കീഴിലാണു സ്റ്റേഡിയം. ഫുട്ബോൾ സ്റ്റേഡിയത്തിൽ റസ്റ്ററന്റുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതാണു പ്രശ്നം. ഇവയെല്ലാം ഒറ്റയടിക്ക് ഒഴിപ്പിക്കുക പ്രായോഗികമാണെന്നു ജിസിഡിഎ കരുതുന്നില്ല.
കളി ദിവസങ്ങളിൽ റസ്റ്ററന്റുകളിലെ ഗ്യാസ് സിലിണ്ടറുകൾ പുറത്തു വയ്ക്കുകയും സ്ഥാപനങ്ങൾ അടച്ചിടുകയുമൊക്കെ ചെയ്യാറുണ്ട്. പക്ഷേ, എഐഎഫ്എഫ് പ്രതിനിധികൾ സ്റ്റേഡിയം സുരക്ഷ വിലയിരുത്താനെത്തിയ ദിവസം റസ്റ്ററന്റുകളും മറ്റും പതിവു പോലെ പ്രവർത്തിക്കുന്നുണ്ടായിരുന്നു! സുരക്ഷാപ്രശ്നം പരിഹരിക്കാതെ ദേശീയ, രാജ്യാന്തര മൽസരങ്ങൾക്കൊന്നും ഇനി കലൂർ സ്റ്റേഡിയം വേദിയാകില്ല.
∙ പ്രശ്നങ്ങൾ പരിഹരിക്കും
ഇന്ത്യൻ ഓയിലുമായി സഹകരിച്ചു സ്റ്റേഡിയത്തിലെ റസ്റ്ററന്റുകളിൽ വാതകം പൈപ്പുകളിൽ ലഭ്യമാക്കാൻ തത്വത്തിൽ ധാരണയിൽ എത്തിയിട്ടുണ്ട്. പൈപ്പിലൂടെ വാതകം കൊടുക്കുന്നതോടെ സിലിണ്ടർ ഭീഷണി തീരുമല്ലോ? ബ്ലാസ്റ്റേഴ്സുമായി സംസാരിക്കും. സ്റ്റേഡിയം കളിക്കു വേണ്ടിയുള്ളതാണ്. പണമുണ്ടാക്കുകയല്ല ജിസിഡിഎയുടെ ലക്ഷ്യം. – കെ. ചന്ദ്രൻപിള്ള, ചെയർമാൻ, ജിസിഡിഎ
∙ ഫുട്ബോൾ സ്റ്റേഡിയം വേണം
നമുക്കു ഫുട്ബോളിനു വേണ്ടി മാത്രമായി നല്ലൊരു സ്റ്റേഡിയം വേണം. ബ്ലാസ്റ്റേഴ്സ് പോലെ ഇത്രയും ആരാധക അടിത്തറയുള്ള ഒരു ക്ലബ് വിചാരിച്ചാൽ സ്വന്തമായി ഒരു സ്റ്റേഡിയം നിർമിക്കാവുന്നതല്ലേ? കേരള ഫുട്ബോളിനു ബ്ലാസ്റ്റേഴ്സിന്റെ സംഭാവനയായി അതു മാറും.’’ – നവാസ് മീരാൻ, പ്രസിഡന്റ്, കെഎഫ്എ
English Summary:









English (US) ·