17 August 2025, 12:39 PM IST

യുവ്‌രാജ് സിങ് | AFP, ഷാഹിദ് അഫ്രീദി | AP
ലണ്ടന്‍: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ പാകിസ്താനെതിരേ കളിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചാണ് ഇന്ത്യ സെമി ഫൈനലില്‍ നിന്ന് പിന്മാറിയത്. ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. എന്നാൽ ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഏഷ്യാകപ്പിൽ കളിക്കാമെങ്കിൽ ലെജന്‍ഡ്‌സ് ലീഗിലും പാകിസ്താനെതിരേ കളിക്കാമല്ലോയെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ പാകിസ്താനെതിരേ കളിക്കാത്തതിന് പിന്നിൽ ടീമിലെ ഷാഹിദ് അഫ്രീദിയുടെ സാന്നിധ്യമാണെന്നാണ് പുറത്തുവരുന്ന വിവരം. അഫ്രീദിക്കെതിരേ കളിക്കില്ലെന്നതാണ് തങ്ങളെടുത്ത നിലപാടെന്ന് ഇന്ത്യൻ ചാമ്പ്യൻസ് ടീമിലെ താരം വെളിപ്പെടുത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഷാഹിദ് അഫ്രീദി മുൻപും ഇപ്പോഴും നടത്തുന്ന പ്രസ്താവനകൾ കണക്കിലെടുത്ത് അദ്ദേഹത്തിനെതിരെ കളിക്കേണ്ട എന്നതായിരുന്നു തീരുമാനം. - മുൻ ഇന്ത്യൻ താരത്തെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഷാഹിദ് അഫ്രീദി പാകിസ്താൻ ചാമ്പ്യൻസ് ടീമിന്റെ ഭാഗമല്ലായിരുന്നെങ്കിൽ ഈ തീരുമാനം മാറ്റപ്പെടുമായിരുന്നോ എന്ന ചോദ്യത്തിന് അത് പിന്നീടുള്ള കാര്യമല്ലേയെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഷാഹിദ് അഫ്രീദി വിവാദപരാമർശം നടത്തിയിരുന്നു. പാക് മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ സുരക്ഷാ സേനയ്‌ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയത് വൻ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വന്നതോടെ ഇന്ത്യന്‍ ടീമിനെ പരിഹസിക്കുന്ന അഫ്രീദിയുടെ ഒരു വീഡിയോയും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ സെമിഫൈനലില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചത്.
ലീഗ് ഘട്ടത്തില്‍ പാകിസ്താനെതിരായ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നെങ്കിലും സെമിയിലും ഇന്ത്യ അതേ നിലപാട് തുടരുമോ എന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍ മത്സരക്രമം തീരുമാനിച്ചയുടന്‍ പാകിസ്താനെതിരേ സെമി കളിക്കാനില്ലെന്ന് ഇന്ത്യ അറിയിക്കുകയായിരുന്നു.
Content Highlights: satellite legends league india boycott owed to Shahid Afridi








English (US) ·