06 April 2025, 05:44 PM IST
ജബൽപുർ വിഷയത്തിൽ മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന സുരേഷ് ഗോപിയെയാണ് ഒരു ഉദ്ഘാടനച്ചടങ്ങിൽ ടിനി ടോം അവതരിപ്പിച്ചത്.

ടിനി ടോം, സുരേഷ് ഗോപി | സ്ക്രീൻഗ്രാബ്
സുരേഷ് ഗോപിയെ വേദിയിൽ അനുകരിച്ച് വീഡിയോ വൈറലാവുകയും അതേസമയം പുലിവാലുപിടിക്കുകയും ചെയ്ത് ടിനി ടോം. ഒരു ഉദ്ഘാടനപരിപാടിയിൽ അവതരിപ്പിച്ച മിമിക്രിയുടെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ ട്രോളായി പ്രചരിക്കുകയായിരുന്നു. ഒടുവിൽ വിശദീകരണവുമായി താരം നേരിട്ടെത്തി. താൻ പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ പൂർണരൂപത്തിൽ പുറത്തുവിടുകയും ചെയ്തു ടിനി ടോം.
ജബൽപുർ വിഷയത്തിൽ മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന സുരേഷ് ഗോപിയെയാണ് ഒരു ഉദ്ഘാടനച്ചടങ്ങിൽ ടിനി ടോം അവതരിപ്പിച്ചത്. തൃശ്ശൂരിനെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ ഒരു പ്രസംഗവും ടിനി ഇതിനൊപ്പം അവതരിപ്പിച്ചിരുന്നു. ഈ ഭാഗം മാത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോൾ രൂപത്തിൽ പ്രചരിക്കുകയായിരുന്നു.
ഉദ്ഘാടനച്ചടങ്ങിൽവെച്ച് തന്നെക്കൊണ്ട് നിർബന്ധപൂർവം സുരേഷ് ഗോപിയെ അനുകരിപ്പിക്കുകയായിരുന്നെന്ന് ടിനി ടോം വ്യക്തമാക്കി. അത് മാത്രം എഡിറ്റു ചെയ്തു ദയവായി രാഷ്ട്രീയ വിരോധം തീർക്കരുത്. സുരേഷ് ഗോപി തനിക്ക് എന്നും എപ്പോഴും സഹോദര തുല്യനാണെന്നും ചടങ്ങിന്റെ വീഡിയോയുടെ പൂർണരൂപം പുറത്തുവിട്ടുകൊണ്ട് ടിനി ടോം കുറിച്ചു.
‘‘തൃശൂർ ആയതുകൊണ്ട് അതുമായി ബന്ധപ്പെട്ട ഒരാളുണ്ട്. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ. എങ്കിൽ അദ്ദേഹം പറഞ്ഞേനെ, ‘മിഖായേൽ എനിക്കു വേണം... നിങ്ങൾ അതെനിക്കു തരണം’! അങ്ങനെ പറഞ്ഞിരുന്ന ആൾ ഇന്നു കാലത്ത് ഞാൻ മൊബൈൽ എടുത്തു നോക്കിയപ്പോൾ പറയുകയാണ്, ‘നിങ്ങളൊക്കെ ആരാ? ആരാ? മാധ്യമമോ? എനിക്കു ജനങ്ങളോടേ പറയാനുള്ളൂ. നിങ്ങളോടൊന്നുമില്ല. പള്ളിയിലൊക്കെ കുരിശൊക്കെ പിടിച്ചു നിൽക്കുമ്പോലെ’! ആരാണ് അത്? ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ല,’’ എന്നായിരുന്നു ഉദ്ഘാടനവേദിയിൽ ടിനി ടോം പറഞ്ഞത്.
Content Highlights: Tini Tom clarifies Suresh Gopi mimicry controversy





English (US) ·