'സൂചനകളുണ്ടായിട്ടും ശ്രദ്ധക്കുറവ് കാണിച്ചത് അതുകൊണ്ടായിരിക്കണം'; നവാസിന്റെ മരണത്തില്‍ നിയാസ്

5 months ago 5

14 August 2025, 03:03 PM IST

kalabhavan navas niyas backer

കലാഭവൻ നവാസ്, നിയാസ് ബക്കർ | Photo: Facebook/ Navas Kalabhavan, Niyas Backer

സഹോദരന്‍ കലാഭവന്‍ നവാസിന്റെ മരണത്തെത്തുടര്‍ന്നുള്ള വേദനയില്‍ കൂടെ നിന്നവര്‍ക്ക് നന്ദി അറിയിച്ച് നടന്‍ നിയാസ് ബക്കര്‍. തങ്ങളെ ആശ്വസിപ്പിക്കാനും ദുഃഖത്തില്‍ പങ്കുചേരാനും എത്തിയവര്‍ക്കും സംസ്‌കാരച്ചടങ്ങുകളില്‍ സഹായിച്ചവര്‍ക്കും നിയാസ് നന്ദി അറിയിച്ചു. നവാസിന്റെ വേര്‍പാടിന്റെ ദുഃഖത്തില്‍നിന്ന് കുടുംബത്തിന് ഇപ്പോഴും മുക്തിനേടാനായിട്ടില്ലെന്നും നിയാസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. നവാസ് മരിക്കുന്നതിനുമുമ്പുള്ള കുടുംബചിത്രവും നിയാസ് കുറിപ്പിനൊപ്പം പങ്കുവെച്ചു.

നിയാസ് ബക്കര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

എല്ലാ പ്രിയപ്പെട്ടവര്‍ക്കും നമസ്‌കാരം.
എന്റെ അനുജന്‍ നവാസിന്റെ മരണത്തെ തുടര്‍ന്ന് ഒരു വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു ഞങ്ങള്‍ കുടുംബം. ഇപ്പോഴും അതില്‍നിന്ന് മുക്തി ലഭിച്ചിട്ടില്ലെങ്കിലും മരണമെന്ന സത്യത്തെ നമുക്ക് അംഗീകരിച്ചല്ലേ പറ്റൂ... ഇപ്പോഴെങ്കിലും ഒരു കുറിപ്പെഴുതാന്‍ കഴിയുന്നത് അതുകൊണ്ടാണ്.
മരണം അതിന്റെ സമയവും സന്ദര്‍ഭവും സ്ഥലവും കാലം നിര്‍ണ്ണയിക്കപ്പെട്ട ഒന്നാണ് എന്ന് ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നു. ആ വിശ്വാസമാണ് എന്റെ ആശ്വാസവും. അതുകൊണ്ട് തന്നെ അവന്റെ മരണം എന്നേ കുറേക്കൂടി ശക്തനാക്കുകയാണ് ചെയ്തിട്ടുള്ളത്. ഇത്രേ ഉള്ളൂ ജീവിതം എന്ന യാഥാര്‍ഥ്യം ഞാന്‍ കുറേക്കൂടി ആഴത്തിലറിയുന്നു.
എങ്കിലും എന്റെ പ്രിയപ്പെട്ടവരോടായി എനിക്കൊരു കാര്യം പറയാനുള്ളത് നമ്മള്‍ എത്ര ആരോഗ്യവാനാണെങ്കിലും നമ്മുടെ ശരീരത്തില്‍ ആസ്വസ്ഥതയുടെ ഒരു സൂചന കാണിച്ചാല്‍ അതെന്താണെന്ന് അറിഞ്ഞിരിക്കാനുള്ള മനസ്സെങ്കിലും നമ്മള്‍ കാണിക്കണം. അത് നാളെയാകാം എന്ന ചിന്ത നമ്മളിലുണ്ടാകരുത്. എന്റെ നവാസ് പൂര്‍ണ്ണ ആരോഗ്യവനാണ് എന്നാണ് എനിക്കറിവുള്ളത്. അവന്റെ ബോധ്യവും അതുതന്നെയായിരിക്കണം. അവന്റെ കാര്യത്തില്‍ സൂചനകളുണ്ടായിട്ടും അവനല്പം ശ്രദ്ധക്കുറവ് കാണിച്ചത് അതുകൊണ്ടായിരിക്കണം. മരണം നിയന്താവിന്റെ തീരുമാനമാണെങ്കിലും. ശ്രദ്ധിച്ചാല്‍ രോഗങ്ങളില്‍നിന്നും അപകടങ്ങളില്‍നിന്നും രക്ഷപ്പെടാമല്ലോ...
കൂടുതലായി ഒന്നും പറയാനില്ല എല്ലാവര്‍ക്കും ആരോഗ്യപൂര്‍ണ്ണമായ ഒരു നല്ല ജീവിതവും നന്മയും ഉണ്ടാകട്ടെ എന്ന് മനസ്സ് നിറഞ്ഞ് പ്രാര്‍ത്ഥിക്കുന്നു. എന്റെ അനുജന്റെ വേര്‍പാടില്‍ ഞങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഞങ്ങളെ ആശ്വസിപ്പിക്കാനെത്തിയ മത-രാഷ്ട്രീയ- കലാ- സാംസ്‌കാരിക രംഗത്തുള്ള ബഹുമാന്യ വ്യക്തിത്വങ്ങള്‍ക്കും നവാസിന്റെ മക്കള്‍ പഠിക്കുന്ന വിദ്യോദയ സ്‌കൂളില്‍നിന്നും ആലുവ യുസി കോളേജില്‍നിന്നും മക്കളെയും ഞങ്ങളെയും ആശ്വസിപ്പിക്കാനെത്തിയ കുഞ്ഞുമക്കള്‍ക്കും അധ്യാപകര്‍ക്കും അന്നേ ദിവസം മയ്യത്ത് കുളിപ്പിക്കുന്നതിനും മറ്റു സഹായങ്ങള്‍ക്കുമായി ഞങ്ങള്‍ക്കൊപ്പംനിന്ന മുഴുവന്‍ സഹോദരങ്ങള്‍ക്കും പള്ളികമ്മറ്റികള്‍ക്കും ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കും കൂട്ടുകാര്‍ക്കും കുടുബംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും ദൂരേ പലയിടങ്ങളില്‍നിന്നുമെത്തിയ ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും സര്‍വ്വോപരി അവനുവേണ്ടി പ്രാര്‍ഥിക്കുന്ന ലോകത്തിന്റെ നാനാഭാഗത്തുമുള്ള മുഴുവന്‍ സഹോദരങ്ങള്‍ക്കും എന്റെ നിറഞ്ഞ സ്‌നേഹം.

Content Highlights: Niyas Backer expresses gratitude for enactment received pursuing member Kalabhavan Navas demise

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article