കൊച്ചി ∙ സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണ് ഈ മാസം 25ന് തുടക്കം. സെപ്റ്റംബർ 25 മുതൽ ഡിസംബർ 10 വരെയാണ് ഇത്തവണ സൂപ്പർ ലീഗ് നടക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ് എഫ്സിയും തൃശൂർ മാജിക് എഫ്സിയും തമ്മിൽ കണ്ണൂർ ജവഹർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. മത്സരങ്ങളുടെ എണ്ണം 33ൽ നിന്ന് 35 ആയി ഈ സീസണിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. ഒപ്പം ഹോം ആന്റ് എവേ അടിസ്ഥാനത്തിലുള്ള രണ്ട് പാദങ്ങളായി സെമി ഫൈനലുകളും ഉൾപ്പെടുത്തി. ലീഗ് ഘട്ടത്തിലെ മത്സരങ്ങൾ 90 മിനിറ്റിനു ശേഷം സമനിലയിൽ അവസാനിച്ചാൽ നേരെ പെനാൽറ്റി ഷൂട്ടൂട്ടിലേക്ക് കടക്കുന്ന രീതിയാണ് ഇത്തവണയുള്ളത്. പുതിയ 3-2-1 പോയിന്റ് ഘടന പ്രകാരം 90 മിനിറ്റിൽ വിജയിക്കുന്ന ടീമിന് 3 പോയിന്റും, പെനാൽറ്റി ഷൂട്ടൂട്ടിൽ വിജയിക്കുന്ന ടീമിന് 2 പോയിന്റും തോൽക്കുന്ന ടീമിന് 1 പോയിന്റും ലഭിക്കും. നോക്കൗട്ട് മത്സരങ്ങളിൽ പതിവുപോലെ എക്സ്ട്രാ ടൈമും അതിനുശേഷം പെനാൽറ്റിയും ഉണ്ടായിരിക്കും.
കാലിക്കറ്റ് എഫ്സി, ഫോഴ്സ കൊച്ചി എഫ്സി, കണ്ണൂർ വാരിയേഴ്സ് എഫ്സി, മലപ്പുറം എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സി, തൃശൂർ മാജിക് എഫ്സി എന്നീ ആറ് ക്ലബ്ബുകളാണ് സീസൺ 3ൽ മാറ്റുരയ്ക്കുന്നത്. ആറ് ക്ലബ്ബുകളിലുമായി ആകെ 162 താരങ്ങൾ കരാറിലെത്തിയിട്ടുണ്ട്. ഇതിൽ 17 രാജ്യങ്ങളിൽ നിന്നുള്ള 34 അന്താരാഷ്ട്ര താരങ്ങളും മികച്ച യുവ ഇന്ത്യൻ താരങ്ങളും ഉൾപ്പെടുന്നു. ഒപ്പം ‘പ്രൊജക്റ്റ് ഗെയിം ചേഞ്ചർ’ പദ്ധതിയുടെ ഭാഗമായ താരങ്ങളും വിവിധ ക്ലബ്ബുകളിൽ ഇടം നേടിയിട്ടുണ്ട്.
പ്രാദേശിക ഫുട്ബോളിന്റെ വളർച്ചയിൽ വലിയൊരു നാഴികക്കല്ലായി മാറിയ ലീഗിൽ വൈറ്റ് ഗോൾഡ് ടൈറ്റിൽ സ്പോൺസറും അമൂൽ സ്പോൺസറുമാണ്. സീ എന്റർടെയ്ൻമെന്ഫാണ് ഈ സീസണിലെ ഔദ്യോഗിക സംപ്രേഷണ പങ്കാളി. എല്ലാ മത്സരങ്ങളും സീ5 ഡിജിറ്റൽ പ്ലാറ്റ്ഫോമിലും ഒപ്പം യുനൈറ്റ് 8 സ്പോർട്സിലും ലൈവ് ആയി കാണാൻ സാധിക്കും. കൂടാതെ എത്തിസലാത് വഴി യുഎഇ പ്രേക്ഷകരിലേക്കും മത്സരങ്ങൾ എത്തിച്ചേരും. ഡൽഹി ആസ്ഥാനമായുള്ള സ്കിൽ ബോക്സ് ആണ് ലീഗിന്റെ ടിക്കറ്റിങ് പങ്കാളി. സീ എന്റർടെയ്ൻമെന്റുമായുള്ള പങ്കാളിത്തവും സീ5, യുനൈറ്റ് 8 സ്പോർട്, എത്തിസലാത് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള ആഗോള വ്യാപനവും സൂപ്പർ ലീഗ് കേരളയെ സംബന്ധിച്ചിടത്തോളം വലിയൊരു മുന്നേറ്റമാണെന്ന് സൂപ്പർ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫ് പറഞ്ഞു.
മത്സരങ്ങളുടെ ആവേശം കൂട്ടുന്നതിനായി ലീഗ് ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീമിന് സമ്മാനിക്കുന്നതിനായി ‘സൂപ്പർ ലീഗ് കേരള ഷീൽഡ്’ എന്ന പേരിൽ പുതിയൊരു ട്രോഫി കൂടി ഈ സീസണിൽ അവതരിപ്പിച്ചിട്ടുണ്ട്. സൂപ്പർ ലീഗ് കേരള ഷീൽഡ് അവതരിപ്പിക്കുന്നതിലൂടെ ലീഗ് മത്സരങ്ങൾക്ക് കൂടുതൽ വാശിയും വീറും കൈവരുമെന്നും തങ്ങളുടെ ക്ലബ്ബുകൾക്കും ആരാധകർക്കും വേണ്ടി നിലവാരം ഉയർത്തുന്ന ഒന്നായിരിക്കും സീസൺ 3 എന്ന് ഉറപ്പ് നൽകാൻ കഴിയുമെന്നും സൂപ്പർ ലീഗ് കേരള മാനേജിങ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു.
എല്ലാ പ്രായത്തിലുമുള്ള ആരാധകർക്കും മത്സരദിനത്തിലെ അനുഭവം ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ മത്സരങ്ങൾക്കിടയിൽ കൂടുതൽ വിനോദ പരിപാടികൾ ഉൾപ്പെടുത്താനും ലീഗ് ലക്ഷ്യമിടുന്നുണ്ട്. കൂടാതെ, ആരാധകർ ഏറെ ആസ്വദിച്ച ഹാഫ് ടൈം ഷോ ഈ സീസണിലെ പ്രധാന മത്സരങ്ങളിൽ ഉണ്ടാകും. പ്രശസ്ത റാപ്പർ ഡബ്സിയുടെ ഹാഫ് ടൈം ലൈവ് പെർഫോമൻസും ഉദ്ഘാടന മത്സരത്തോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. കേരളത്തിനു പുറത്തുള്ള പ്രേക്ഷകരെ ആകർഷിക്കുന്നതിനായി വ്യത്യസ്ത ഭാഷകളിൽ കമന്ററി ലഭ്യമാക്കും. ഇത്തവണ മലയാളത്തിനും ഇംഗ്ലീഷിനും പുറമെ ബംഗാളി ഭാഷയിലും കമന്ററി ലഭ്യമാകും. അടുത്ത വർഷം ഹിന്ദി ഉൾപ്പെടെ 2 ഭാഷകളിൽ കൂടി കമന്ററി ലഭ്യമാക്കും.
ഹോം ഗ്രൗണ്ട് ഉൾപ്പെടെ കളിക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ നിർബന്ധമാക്കാൻ ലീഗ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇത്തവണ കാസർകോഡ്, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് രണ്ട് ക്ലബുകൾ കൂടി ലീഗിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഗ്രൗണ്ട് സൗകര്യങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി തൽക്കാലം തത്വത്തിൽ അംഗീകാരമേ നൽകിയിട്ടുള്ളൂ എന്ന് സംഘാടകർ വ്യക്തമാക്കി. കൊല്ലം, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള ക്ലബുകളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഗ്രൗണ്ട് വേണമെന്ന നിബന്ധന പാലിച്ച ശേഷമേ തുടർ നടപടികൾ ഉണ്ടാകൂ എന്നും സംഘാടകർ പറഞ്ഞു.
English Summary:






English (US) ·