സൂപ്പര്‍സ്റ്റാര്‍ വിശേഷണം മഹാഭാരം, എനിക്കത് ചുമക്കാന്‍ പറ്റില്ല- ഉര്‍വശി

7 months ago 6

urvashi

ഉർവശി | Photo: G.R Rahul | Mathrubhumi

സൂപ്പര്‍സ്റ്റാര്‍ പദവി വലിയ ഭാരമാണെന്നും തനിക്കത് ചുമക്കാന്‍ കഴിയില്ലെന്നും നടി ഉര്‍വശി. അഭിലാഷ് പിള്ള കഥയെഴുതി ആരതി ഗായത്രി ദേവി സംവിധാനംചെയ്യുന്ന 'പാബ്ലോ പാര്‍ട്ടി' എന്ന ചിത്രത്തിന്റെ പ്രഖ്യാപനവേദിയില്‍, അവതാരക തന്നേയും മഞ്ജുവാര്യരേയും നടിമാരിലെ സൂപ്പര്‍സ്റ്റാറുകള്‍ എന്ന് വിശേഷിപ്പിച്ചപ്പോഴായിരുന്നു ഉര്‍വശിയുടെ പ്രതികരണം. തനിക്ക് ഒരുസാധാരണ അഭിനേതാവായി അറിയപ്പെടാനാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു.

മലയാളത്തിലെ രണ്ടുസൂപ്പര്‍സ്റ്റാറുകള്‍ ഒന്നിച്ചുനില്‍ക്കുന്നു എന്ന് പറഞ്ഞായിരുന്നു, മഞ്ജു നില്‍ക്കുന്ന വേദിയിലേക്ക് ഉര്‍വശിയെ അവതാരക ക്ഷണിച്ചത്. അവതാരക പറഞ്ഞതില്‍ ഒരുസൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷം ഒഴിവാക്കാന്‍ ഉര്‍വശി സദസ്സിനോട് പറഞ്ഞു. ആ ഒരാള്‍ ഉര്‍വശി തന്നെയാണെന്ന് മഞ്ജു പറഞ്ഞെങ്കിലും ഉര്‍വശി സ്‌നേഹപൂര്‍വ്വം നിരസിച്ചു.

'എനിക്ക് ആ മഹാഭാരം ചുമക്കാന്‍ പറ്റില്ല. സൂപ്പര്‍സ്റ്റാറാണെന്ന് പറഞ്ഞാല്‍ ഭയങ്കര ഭാരമാണ്. നമ്മള്‍ വലിയ കുഴപ്പമില്ലാത്ത അഭിനേതാവായി ഇങ്ങനെ ഒരു സൈഡില്‍ കൂടെ പോവുന്നതല്ലാതെ... അതാ നല്ലത്', എന്നായിരുന്നു ഉര്‍വശിയുടെ വാക്കുകള്‍. മഞ്ജുവും താനും ഒരുമിച്ച് ഒരു സിനിമ ചെയ്യാന്‍ അഞ്ചാറുവര്‍ഷമായി ശ്രമിക്കുന്നുവെന്നും ഉര്‍വശി പറഞ്ഞു. ശങ്കര്‍ രാമകൃഷ്ണന്‍ ഒരു കഥപറഞ്ഞെങ്കിലും പിന്നീട് അത് നടന്നില്ലെന്നും അവര്‍ ഓര്‍ത്തെടുത്തു.

അംജിത്ത് എസ്.കെ, ഉര്‍വശി, അഭിലാഷ് പിള്ള, സിനീഷ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന 'പാബ്ലോ പാര്‍ട്ടി'യുടെ തിരക്കഥ ബിബിന്‍ എബ്രഹാം മേച്ചേരിലിന്റേതാണ്. ഉര്‍വശി, മുകേഷ്, സിദ്ധിഖ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, അനുശ്രീ, അപര്‍ണാ ദാസ്, റോണി ഡേവിഡ്, ഗോവിന്ദ് പദ്മസൂര്യ, അന്ന രാജന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തും. നിഖില്‍ എസ്. പ്രവീണ്‍ ആണ് ഛായാഗ്രാഹണം. രഞ്ജിന്‍ രാജ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ കിരണ്‍ ദാസ് ആണ്.

Content Highlights: Urvashi rejects being called a superstar, preferring to beryllium known arsenic an actress

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article