സൂപ്പർ ഓവറിലും സ്റ്റാർക്കിന്റെ പ്രഹരം, രാജസ്ഥാൻ റോയൽസിന് തുടർച്ചയായ മൂന്നാം തോൽവി; ഡൽഹിക്കു വിജയം

9 months ago 8

ന്യൂഡല്‍ഹി∙ പാതിവഴിയിൽ സഞ്ജു സാംസൺ വീണുപോയ പോരാട്ടത്തിൽ യശസ്വി ജയ്സ്വാളും നിതീഷ് റാണയും അർധ സെഞ്ചറി നേടിയിട്ടും രാജസ്ഥാൻ റോയൽസിനു രക്ഷയില്ല. സൂപ്പർ ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഡൽഹി ക്യാപിറ്റൽസിന്റെ വിജയം. സീസണിൽ രാജസ്ഥാൻ റോയൽസിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.ഡല്‍ഹി 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തപ്പോൾ, രാജസ്ഥാൻ നാലു വിക്കറ്റ് നഷ്ടത്തിലാണ് 188 ൽ എത്തിയത്. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്കു നീണ്ടു.

കളി തിരിച്ച സൂപ്പർ ഓവർ

സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാനു വേണ്ടി ഷിമ്രോൺ ഹെറ്റ്മിയറും റിയാൻ പരാഗുമാണു ബാറ്റിങ്ങിന് ഇറങ്ങിയത്. മിച്ചല്‍ സ്റ്റാർക്കിന്റെ അഞ്ചു പന്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ റോയൽസ് നേടിയത് 11 റൺസ്. രണ്ടു പന്തുകൾ നേരിട്ട പരാഗ് നാലു റൺസെടുത്തു റൺഔട്ടായി. തൊട്ടുപിന്നാലെയെത്തിയ ജയ്സ്വാളും റൺഔട്ടായി മടങ്ങി. 12 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്, ഡൽഹിക്കു വേണ്ടി ബാറ്റിങ്ങിനെത്തിയത് ട്രിസ്റ്റൻ സ്റ്റബ്സും കെ.എൽ. രാഹുലും. സന്ദീപ് ശർമയെറിഞ്ഞ സൂപ്പർ ഓവറിലെ നാലാം പന്ത് സിക്സർ പറത്തി ട്രിസ്റ്റൻ സ്റ്റബ്സ് ഡൽഹിയുടെ വിജയ റൺസ് കുറിച്ചു. ഒരു ബൗണ്ടറിയുൾപ്പടെ ഏഴു റൺസെടുത്ത രാഹുലും തിളങ്ങി. അഞ്ചാം വിജയത്തോടെ ഡൽഹി ക്യാപിറ്റൽസ് 10 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. അഞ്ചാം തോൽവി വഴങ്ങിയ രാജസ്ഥാൻ എട്ടാമതാണ്.

സഞ്ജു പരുക്കേറ്റുപുറത്ത്, റാണയ്ക്കും ജയ്സ്വാളിനും അർധ സെഞ്ചറി

മറുപടിബാറ്റിങ്ങില്‍ ഓപ്പണർ യശസ്വി ജയ്സ്വാളും നിതീഷ് റാണയും രാജസ്ഥാനു വേണ്ടി അർധ സെഞ്ചറി നേടി. 28 പന്തുകൾ നേരിട്ട നിതീഷ് റാണ 51 റൺസും, 37 പന്തുകൾ നേരിട്ട ജയ്സ്വാൾ 51 റൺസും എടുത്തു പുറത്തായി. 19 പന്തിൽ 31 റൺസടിച്ച ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ ഇന്നിങ്സ് രാജസ്ഥാനു മികച്ച തുടക്കം നൽകി. 61 റൺസിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് ജയ്സ്വാളിനൊപ്പം കെട്ടിപ്പടുത്തെങ്കിലും പരുക്കേറ്റു മടങ്ങാനായിരുന്നു രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ വിധി. തകർപ്പൻ തുടക്കം ലഭിച്ച സഞ്ജുവിനു സ്പിന്നർ വിപ്രജ് നിഗമിന്റെ പന്തു നേരിടാനുള്ള ശ്രമത്തിനിടെയാണു പരുക്കേറ്റത്. വേദനകൊണ്ടു പുളഞ്ഞ താരം ഒടുവിൽ ‘റിട്ടയേർഡ് ഹർട്ടായി’ മടങ്ങി. റിയാൻ പരാഗ് എട്ട് റൺസ് മാത്രമെടുത്തു പുറത്തായി. പക്ഷേ നിതീഷ് റാണ അവസരത്തിനൊത്ത് ഉയർന്നതോടെ രാജസ്ഥാനു പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

അർധ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാൾ കുൽദീപ് യാദവിന്റെ പന്തിൽ മിച്ചൽ സ്റ്റാർക്ക് ക്യാച്ചെടുത്താണു പുറത്താകുന്നത്. സ്കോർ 161 ൽ നിൽക്കെ നിതീഷ് റാണയെ മിച്ചൽ സ്റ്റാർക്ക് എൽബിഡബ്ല്യുവിൽ കുടുക്കി. അവസാന 12 പന്തിൽ 23 റൺസാണു രാജസ്ഥാനു ജയിക്കാൻ വേണ്ടിയിരുന്നത്. ധ്രുവ് ജുറേലും (17 പന്തിൽ 26), ഷിമ്രോൺ ഹെറ്റ്മിയറും (ഒൻപതു പന്തിൽ 15) പൊരുതിനോക്കിയെങ്കിലും മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 20–ാം ഓവർ കളി സമനിലയിലെത്തിക്കുകയായിരുന്നു. തുടർച്ചയായി യോർക്കറുകൾ എറിഞ്ഞ സ്റ്റാർക്ക് എട്ട് റൺസ് മാത്രമാണ് ഈ ഓവറിൽ വിട്ടു നൽകിയത്.

jaiswal

അർധ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളിന്റെ ആഹ്ലാദം

40 റൺസടിച്ച അഭിഷേക് ഡൽഹിയുടെ ടോപ് സ്കോറർ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി 188 റൺസെടുത്തു. 37 പന്തിൽ 40 റണ്‍സെടുത്ത അഭിഷേക് പൊറേലാണ് ഡൽഹിയുടെ ടോപ് സ്കോറർ. 14 പന്തിൽ 34 റൺസടിച്ച ക്യാപ്റ്റൻ അക്ഷർ‌ പട്ടേലിന്റെ കാമിയോ റോളും ഗംഭീരമായി. കെ.എൽ. രാഹുൽ (32 പന്തിൽ 38), ട്രിസ്റ്റൻ സ്റ്റബ്സ് (18 പന്തിൽ 34) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി.

ജേക് ഫ്രേസർ മഗ്രുക്കും അഭിഷേക് പൊറേലും ചേർന്ന് 34 റണ്‍സാണ് ഓപ്പണിങ് കൂട്ടുകെട്ടിൽ അടിച്ചെടുത്തത്. ജോഫ്ര ആർച്ചറുടെ മൂന്നാം ഓവറിൽ, ജേക് ഫ്രേസർ മഗ്രുക്ക് ഒൻപതു റൺസ് മാത്രമെടുത്തു പുറത്തായി. തൊട്ടുപിന്നാലെ കരുൺ നായരെ സന്ദീപ് ശർമ റൺഔട്ടാക്കിയത് ഡൽഹിയെ ഞെട്ടിച്ചു. പവർപ്ലേയിൽ തന്നെ രണ്ടു വിക്കറ്റുകൾ നഷ്ടമായ ഡൽഹി എടുത്തത് 46 റൺസ്. കെ.എൽ. രാഹുലും അഭിഷേക് പൊറേലും നിലയുറപ്പിച്ചതോടെ ‍ഡൽഹി സ്കോർ ഉയർത്തി. സ്കോർ 97ൽ നിൽക്കെ രാഹുലിനെ പുറത്താക്കി ആർച്ചർ രാജസ്ഥാനെ കളിയിലേക്കു തിരികെയെത്തിക്കാൻ ശ്രമിച്ചു. അർധ സെഞ്ചറിക്കു തൊട്ടുമുൻപ് അഭിഷേക് പൊറേലിനെ ഹസരംഗയും പുറത്താക്കി.

14 ഓവറുകൾ പിന്നിടുമ്പോൾ നാലിന് 106 റൺസെന്ന നിലയിലായിരുന്നു ഡൽഹി. എന്നാൽ ക്യാപ്റ്റൻ അക്ഷര്‍ പട്ടേലിന്റെ പ്രകടനം രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ തന്ത്രങ്ങളെ തകിടം മറിച്ചു. മധ്യ ഓവറുകളിൽ പരമാവധി റൺസ് വഴങ്ങാതെ പിടിച്ചുനിന്ന രാജസ്ഥാന് പിന്നീടു കളിയുടെ നിയന്ത്രണം നഷ്ടമായി. ശ്രീലങ്കൻ താരങ്ങളായ വാനിന്ദു ഹസരംഗയും മഹീഷ് തീക്ഷണയുമെറിഞ്ഞ 16, 17 ഓവറുകളിൽ നാലു ഫോറുകളും രണ്ടു സിക്സുകളും ബൗണ്ടറി കടത്തിയ അക്ഷർ ഡൽഹിയെ 140 കടത്തി. തീക്ഷണയുടെ അവസാന പന്തിൽ ബൗണ്ടറിക്കു ശ്രമിച്ച അക്ഷറിനെ ധ്രുവ് ജുറേൽ ക്യാച്ചെടുത്താണു പുറത്താക്കുന്നത്. ട്രിസ്റ്റൻ സ്റ്റബ്സും അശുതോഷ് ശർമയും ചേർന്നാണ് അവസാന ഓവറുകളിൽ ഡൽഹിയെ സുരക്ഷിതമായ സ്കോറിലെത്തിക്കുന്നത്. രാജസ്ഥാന്‍ ക്യാപ്റ്റന്റെ വിശ്വസ്തനായ സന്ദീപ് ശർമയെറിഞ്ഞ 20–ാം ഓവറിൽ നാലു വൈഡുകളും ഒരു നോബോളുമടക്കം 19 റൺസാണ് റോയൽസ് വഴങ്ങിയത്. സ്റ്റബ്സും അശുതോഷും ചേർന്ന് അവസാന 19 പന്തിൽ 42 റൺസ് അടിച്ചുകൂട്ടി.

English Summary:

Delhi Capitals vs Rajasthan Royals, IPL 2025 Match - Live Updates

Read Entire Article