Published: April 17 , 2025 11:15 AM IST
1 minute Read
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ തോൽവിയിൽ പ്രതികരിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. മിച്ചൽ സ്റ്റാർക്കിന്റെ ഗംഭീര പ്രകടനമുണ്ടായതുകൊണ്ടാണ് മത്സരം ഡൽഹി ജയിച്ചതെന്ന് സഞ്ജു മത്സരത്തിനു ശേഷം പ്രതികരിച്ചു. സൂപ്പർ ഓവർ വരെ നീണ്ട മത്സരമാണു ഡല്‍ഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു 19 പന്തിൽ 31 റൺസെടുത്തു നിൽക്കെ ‘റിട്ടയേർഡ് ഹർട്ടായി’ മടങ്ങുകയായിരുന്നു. വീണ്ടും ബാറ്റിങ്ങിന് ഇറങ്ങാൻ അവസരമുണ്ടായിരുന്നെങ്കിലും സഞ്ജു കളിക്കാൻ ഇറങ്ങിയതുമില്ല.
‘‘വേദന ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. കുഴപ്പമില്ല. വീണ്ടും ബാറ്റിങ്ങിന് ഇറങ്ങാൻ ഞാൻ തയാറായിരുന്നില്ല. പരുക്കിന്റെ അവസ്ഥ എന്താണെന്നു പരിശോധിച്ച ശേഷമാകും ഇനി കളിക്കുന്ന കാര്യം തീരുമാനിക്കുക. സ്റ്റാർക്കിന്റെ ഗംഭീര പ്രകടനം നമ്മളെല്ലാം കണ്ടതാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബോളർമാരിലൊരാളാണ് അദ്ദേഹം. വിജയത്തിന്റെ എല്ലാ ക്രെഡിറ്റും സ്റ്റാർക്കിനാണ്. 20–ാം ഓവറിൽ തന്നെ അദ്ദേഹം മത്സരം വിജയിച്ചിരുന്നു.’’– സഞ്ജു സാംസൺ പ്രതികരിച്ചു.
ജോഫ്ര ആർച്ചറിനെപ്പോലെയുള്ള ബോളര്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ഡൽഹിക്കെതിരെ സന്ദീപ് ശർമ സൂപ്പർ ഓവറിൽ പന്തെറിഞ്ഞു എന്നും സഞ്ജു വിശദീകരിച്ചു. ‘‘കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജസ്ഥാൻ റോയൽസിനു വേണ്ടി ഏറ്റവും ബുദ്ധിമുട്ടേറിയ ഓവറുകളെല്ലാം എറിഞ്ഞിട്ടുള്ളത് സന്ദീപ് ശർമയാണ്. ഞങ്ങൾ വളരെ നന്നായി തന്നെ പന്തെറിഞ്ഞു. ബോളർമാരും ഫീൽഡർമാരും അഭിനന്ദനം അർഹിക്കുന്നുണ്ട്. പവർപ്ലേയിൽ തകർപ്പൻ തുടക്കം ലഭിച്ചപ്പോൾ കളി വിജയിക്കുമെന്നാണു പ്രതീക്ഷിച്ചത്. പക്ഷേ അതുണ്ടായില്ല.’’– സഞ്ജു സാംസൺ വ്യക്തമാക്കി.
English Summary:








English (US) ·