സൂപ്പർ ഫോറിലും കൈക്കൊടുക്കില്ലെന്നുതന്നെയാണോ നിലപാട്? ചോദ്യത്തെ സമർഥമായി നേരിട്ട് സൂര്യകുമാർ യാദവ്

4 months ago 5

20 September 2025, 05:46 PM IST

Suryakumar Yadav

ടോസിനിടെ സൂര്യകുമാർ യാദവ് പാക് നായകൻ സൽമാൻ ആഘയും | Photo - AP

ദുബായ്: ഏഷ്യാ കപ്പില്‍ വീണ്ടും ഇന്ത്യ - പാകിസ്താന്‍ പോര് വരികയാണ്. സൂപ്പര്‍ ഫോറില്‍ ഞായറാഴ്ച ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ അയല്‍രാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടും. ടൂര്‍ണമെന്റില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യമത്സരം ഹസ്തദാനത്തിന്റെ പേരില്‍ വിവാദമായിരുന്നു. മത്സരത്തിന്റെ ജയപരാജയത്തെക്കാളേറെ ചര്‍ച്ച ചെയ്യപ്പെട്ടതും വാഗ്വാദങ്ങളുണ്ടായതും കൈക്കൊടുക്കാത്തതു സംബന്ധിച്ചായിരുന്നു. മത്സരത്തിനുശേഷമുള്ള പതിവ് കൈക്കൊടുക്കലിന് ഇന്ത്യന്‍ താരങ്ങള്‍ മുതിര്‍ന്നില്ല. തുടര്‍ന്ന് പാകിസ്താന്‍ ടൂര്‍ണമെന്റില്‍നിന്ന് പിന്മാറുമെന്ന് ഭീഷണിപ്പെടുത്തുന്നതുവരെയെത്തി കാര്യങ്ങള്‍. പക്ഷേ, പിന്നീട് ഐസിസിയുടെ കര്‍ശന ശാസനയ്ക്ക് വഴങ്ങി ടീമിന് ടൂര്‍ണമെന്റില്‍ തുടരേണ്ടിവന്നു.

ഈ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പേ ഇരുടീമുകൾ ഞായറാഴ്ച വീണ്ടും നേര്‍ക്കുനേര്‍ വരികയാണ്. സൂപ്പര്‍ ഫോറിലും ഇന്ത്യ അതേ പ്രവൃത്തി അവര്‍ത്തിക്കുമോ എന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനോട് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യമുയര്‍ന്നു. നേരിട്ടുള്ള ചോദ്യമായിരുന്നില്ല. പാകിസ്താനെതിരായ മത്സരത്തില്‍ ബാറ്റിങ്ങിന് പുറമേ മറ്റു മേഖലകളിലും ഇന്ത്യ മികച്ച പ്രകടനം നടത്തി. അടുത്ത കളിയിലും അതേ പ്രകടനം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാമോ എന്നായിരുന്നു ചോദ്യം.

റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് വളഞ്ഞ വഴിയിലൂടെ തന്നെയായിരുന്നു സൂര്യകുമാറിന്റെ മറുപടിയും. 'ഓ, നിങ്ങള്‍ പന്തുകൊണ്ടുള്ള മികച്ച പ്രകടനത്തെക്കുറിച്ചാണോ ചോദിക്കുന്നത്? അതെ, തീര്‍ച്ചയായും. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം നടത്താന്‍ ടീമിന് കഴിയുന്നുണ്ട്. സ്റ്റേഡിയം നിറഞ്ഞിരിക്കുമ്പോഴും ഇത്രയും വലിയൊരു ജനക്കൂട്ടത്തില്‍നിന്ന് പിന്തുണ ലഭിക്കുമ്പോഴും വളരെ സന്തോഷം തോന്നുന്നു. രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും കളിയില്‍ മികവ് പുലര്‍ത്താനും ഞങ്ങള്‍ ആഗ്രഹിക്കുന്നു' എന്നായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ മറുപടി.

Content Highlights: Asia Cup: Yadav's India Aims for Victory Over Pakistan Amidst Off-Field Tensions

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article