Published: September 26, 2025 12:05 AM IST Updated: September 26, 2025 08:15 AM IST
1 minute Read
ദുബായ് ∙ രണ്ട് ആഴ്ചത്തെ ഇടവേളയിൽ മൂന്നാമതൊരു ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനു വേദിയൊരുങ്ങുന്നു. ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ബംഗ്ലദേശിനെ 11 റൺസിന് മറികടന്ന പാക്കിസ്ഥാൻ ഫൈനലിന് യോഗ്യത നേടി. സ്കോർ: പാക്കിസ്ഥാൻ 20 ഓവറിൽ 8ന് 135. ബംഗ്ലദേശ് 20 ഓവറിൽ 9ന് 124. സൂപ്പർ ഫോറിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു. 28ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഫൈനൽ. ഏഷ്യാകപ്പിൽ ഇതാദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിൽ നേർക്കുനേർ വരുന്നത്.
ദയനീയം ബംഗ്ലദേശ്
136 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലദേശിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ പർവേസ് ഹുസൈൻ ഇമോനെ (0) നഷ്ടമായി. അടുത്ത 3 ഓവർ വിജയകരമായി പ്രതിരോധിച്ചെങ്കിലും അഞ്ചാം ഓവറിൽ തൗഹിദ് ഹൃദോയ് (5), ആറാം ഓവറിൽ സെയ്ഫ് ഹസൻ (18) എന്നിവർ കൂടി വീണതോടെ 3ന് 36 എന്ന നിലയിലാണ് ബംഗ്ലദേശ് പവർപ്ലേ അവസാനിപ്പിച്ചത്. പിന്നാലെ പാക്ക് ബോളർമാർ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ ബംഗ്ലദേശ് തകർന്നടിഞ്ഞു. ഷമിം ഹുസൈൻ (30) മാത്രമാണ് ബംഗ്ല നിരയിൽ അൽപമെങ്കിലും ചെറുത്തുനിന്നത്. അവസാന ഓവറുകളിൽ പൊരുതിയ റിഷാദ് ഹുസൈന് (16 നോട്ടൗട്ട്) ബംഗ്ലദേശിന്റെ തോൽവി ഭാരം കുറയ്ക്കാൻ മാത്രമേ സാധിച്ചുള്ളൂ. പാക്കിസ്ഥാനായി ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ് എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാനും തകർച്ചയോടെയായിരുന്നു തുടങ്ങിയത്. ആദ്യ ഓവറിൽ തന്നെ ഓപ്പണർ സാഹിബ്സാദാ ഫർഹാനെ (4) പാക്കിസ്ഥാന് നഷ്ടമായി. രണ്ടാം ഓവറിൽ യുവതാരം സയിം അയൂബും (0) മടങ്ങിയതോടെ പാക്കിസ്ഥാൻ ഞെട്ടി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ബംഗ്ലദേശ്, പാക്കിസ്ഥാനെ 5ന് 49 എന്ന നിലയിലേക്കു തള്ളിയിട്ടു.മധ്യനിരയിൽ പൊരുതിയ മുഹമ്മദ് ഹാരിസ് (23 പന്തിൽ 31), മുഹമ്മദ് നവാസ് (15 പന്തിൽ 25) എന്നിവർ ചേർന്നാണ് പാക്ക് ടോട്ടൽ 100 കടത്തിയത്. ബംഗ്ലദേശിനായി പേസർ ടസ്കിൻ അഹമ്മദ് മൂന്നും സ്പിന്നർമാരായ റിഷാദ് ഹുസൈൻ, മഹെദി ഹസൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
English Summary:








English (US) ·