Published: October 11, 2025 10:33 PM IST
1 minute Read
കോഴിക്കോട് ∙ സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം (1–0). ക്യാപ്റ്റൻ മെയിൽസൺ ആൽവീസ് നേടിയ ഒറ്റ ഗോളിനാണ് ആതിഥേയരായ കാലിക്കറ്റ് എഫ്സിയെ തൃശൂർ മാജിക് എഫ്സി വീഴ്ത്തിയത്.
സ്വന്തം കാണികളുടെ മുന്നിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇന്ന് കാലിക്കറ്റ് എഫ്സിക്ക് സാധിച്ചില്ല. അർജന്റീനക്കാരൻ ഹെർനാൻ ബോസോ മധ്യനിരയിൽ അധ്വാനിച്ചു കളിച്ചെങ്കിലും ഗോളിലേക്ക് മുന്നേറിയില്ല. 21ാം മിനിറ്റിൽ കാലിക്കറ്റ് ക്യാപ്റ്റൻ പ്രശാന്ത് എടുത്ത കോർണർ കിക്ക് തൃശൂരിന്റെ പോസ്റ്റിലേക്ക് താഴ്ന്നിറങ്ങിയെങ്കിലും ഗോൾ കീപ്പർ കമാലുദ്ധീൻ പന്ത് തട്ടിത്തെറിപ്പിച്ചു.
36ാം മിനിറ്റിലാണ് തൃശൂർ കാത്തിരുന്ന ഗോൾ പിറന്നത്. എസ്.കെ.ഫയാസ് എടുത്ത കോർണർ കിക്കിൽ നിന്ന് വന്ന പന്ത് ക്യാപ്റ്റൻ ബ്രസീലുകാരൻ മെയിൽസൺ ആൽവീസ് രണ്ട് പ്രതിരോധക്കാർക്ക് ഇടയിൽ നിന്ന് തകർപ്പൻ ഹെഡ്ഡറിലൂടെ കാലിക്കറ്റ് പോസ്റ്റിൽ എത്തിച്ചു (1-0). തൊട്ടുപിന്നാലെ ഘാനക്കാരൻ ഫ്രാൻസിസ് അഡോയുടെ ബൈസിക്കിൾ കിക്ക് കാലിക്കറ്റ് പോസ്റ്റിലേക്ക് വന്നെങ്കിലും ഗോളി രക്ഷപ്പെടുത്തി.
രണ്ടാം പകുതിയിൽ പ്രതിരോധത്തിൽ നിന്ന് റിയാസിനെ പിൻവലിച്ച കാലിക്കറ്റ് അനികേത് യാദവിനെ കൊണ്ടുവന്നു. നാൽപ്പത്തിയേഴാം മിനിറ്റിൽ പ്രശാന്തിന്റെ പാസിൽ കൊളംബിയക്കാരൻ സെബാസ്റ്റ്യൻ റിങ്കണിന്റെ ഗോൾ ശ്രമം തൃശൂരിന്റെ പോസ്റ്റിൽ തട്ടി മടങ്ങി. ഇവാൻ മാർക്കോവിച്ചിന് പകരം ഉമാശങ്കറിനും ഫയാസിന് പകരം ഫൈസൽ അലിക്കും തൃശൂർ അവസരം നൽകി. ഇഞ്ചുറി സമയത്ത് തൃശൂരിന് ഫ്രാൻസിസ് അഡോയിലൂടെ തുറന്ന അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ടു വീതം കളി പൂർത്തിയായപ്പോൾ ഇരു ടീമുകൾക്കും മൂന്ന് പോയന്റാണുള്ളത്.
English Summary:








English (US) ·