Published: November 28, 2025 04:39 AM IST
1 minute Read
തൃശൂർ ∙ നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത ഫോഴ്സ കൊച്ചിയുടെ പോരാട്ട വീര്യത്തിനു തൃശൂർ മാജിക് എഫ്സിയുടെ ‘പ്രതിരോധ ഫോഴ്സിനെ’ മറികടക്കാനായില്ല. കൊച്ചിയുടെ ബലപരീക്ഷണത്തെ പ്രതിരോധപ്പൂട്ടിൽ കുരുക്കിയ തൃശൂരിന് ഹോം ഗ്രൗണ്ടിൽ രണ്ടാം ജയവും സൂപ്പർ ലീഗ് കേരള ഫുട്ബോളിലെ സെമി ബർത്തും സ്വന്തം!
നിർണായകമായ നാലാം ഹോം മത്സരത്തിൽ 1–0നാണ് കൊച്ചിയെ തൃശൂർ വീഴ്ത്തിയത്. സെമി ഉറപ്പിക്കാൻ തോൽവി ഒഴിവാക്കേണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞ് ആദ്യം മുതൽ പ്രതിരോധത്തിലൂന്നി കളിച്ച തൃശൂർ വിലപ്പെട്ട 3 പോയിന്റ് നേടി 17 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ആദ്യ പകുതിയുടെ 27–ാം മിനിറ്റിൽ കൊളംബിയൻ താരം കെവിൻ ഹാവിയറാണ് തൃശൂരിന്റെ വിജയഗോൾ നേടിയത്.
ഇതിനകം സെമി കാണാതെ ലീഗിൽ നിന്നു പുറത്തായ കൊച്ചി, കണ്ണൂർ വോറിയേഴ്സിനെ 4–1ന് തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണു തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലെത്തിയത്. എന്നാൽ ടീം പവറുമായി കളിച്ച തൃശൂർ ഗോൾ വഴങ്ങാതെ ഉറച്ച പ്രതിരോധ തന്ത്രം തീർത്തതോടെ സമനില ഗോൾ കണ്ടെത്താൻ കൊച്ചിക്കു സാധിച്ചില്ല.
കളിയുടെ ആദ്യ പകുതിയിൽ മിഡ്ഫീൽഡർമാരായ ഇവാൻ മാർക്കോവിച്ച്, ഘാനക്കാരൻ ഫ്രാൻസിസ് ന്യുയർ എന്നിവരുമായി തൃശൂർ ഗോളാക്രമണം തുടങ്ങിയിരുന്നു. മറുഭാഗത്ത് കൊച്ചിക്കു വേണ്ടി മലയാളി താരങ്ങളായ ഫോർവേഡ് നിജോ ഗിൽബർട്ട്, മധ്യനിരയിലുള്ള ഗിഫ്റ്റി ഗ്രേഷ്യസ് എന്നിവരും യുഗാണ്ടൻ താരം അമോസ് ക്രിയയും കളി മെനഞ്ഞു.
രണ്ടാം പകുതിയിൽ കൊച്ചി ക്യാപ്റ്റൻ റചിന്ദ് അറ്റ്മാനെ നൽകിയ ലോങ് പാസ് സ്വീകരിച്ച്, ഫോർവേഡ് കെ.ശ്രീരാജ് നടത്തിയ ഗോൾ ശ്രമം നേരിയ വ്യത്യാസത്തിലാണു പുറത്തേക്ക് പോയത്. ഇതോടെ തൃശൂർ ഗോൾകീപ്പർ എ.കെ.കമാലുദ്ദീനും ക്യാപ്റ്റൻ ബ്രസീലിയൻ സെന്റർ ബാക്ക് മെയിൽസൺ ആൽവസും ഉറച്ച പ്രതിരോധം തീർത്തു. ഗോളെന്നുറച്ച 4 ഷോട്ടുകളാണ് അണ്ടർ 23 ഇന്ത്യൻ ടീമിൽ ഇടം നേടിയ കമാലുദ്ദീൻ സേവ് ചെയ്തത്.
English Summary:









English (US) ·