സൂപ്പർ ലീഗ് കേരളയ്ക്ക് ഒക്ടോബർ രണ്ടിന് ഗ്രാൻഡ് കിക്കോഫ്; ട്രോഫി അവതരിപ്പിച്ചു

3 months ago 5

ഓൺലൈൻ ഡെസ്ക്

Published: September 30, 2025 05:56 PM IST Updated: September 30, 2025 06:08 PM IST

2 minute Read

 എം.ടി.വിധുരാജ്∙ മനോരമ
സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ ട്രോഫി അവതരണ ചടങ്ങിനിടെ. ചിത്രം: എം.ടി.വിധുരാജ്∙ മനോരമ

കോഴിക്കോട്∙ കേരള ഫുട്ബോളിൽ ചരിത്രമാറ്റത്തിന് തുടക്കമിട്ട സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിന് ഒക്ടോബർ രണ്ടിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ഗ്രാൻഡ് കിക്കോഫ്. ഉദ്ഘാടനമത്സരത്തിൽ നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ്സിയെ രണ്ടാം സ്ഥാനക്കാരായ ഫോഴ്‌സ കൊച്ചി എഫ്സി നേരിടും. രണ്ടര മാസത്തോളം നീണ്ടുനിൽക്കുന്ന ലീഗിൽ ഫൈനലടക്കം 33 മത്സരങ്ങളാണുള്ളത്. ഒക്ടോബർ 2 വൈകിട്ട് 6 മണിക്ക്  വേടൻ ഉൾപ്പടെയുള്ള കലാകാരന്മാരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറും. സൂപ്പർ ലീഗ് കേരളം ക്ലബ് ഉടമകളും സിനിമ താരങ്ങളും മറ്റു രാഷ്ട്രീയ നേതാക്കളും കേരള ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കും. രാത്രി 8 മണിക്കാണ് ഉദ്ഘാടന മത്സരം.

 എം.ടി.വിധുരാജ്∙ മനോരമ

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ ട്രോഫി അവതരണ ചടങ്ങിൽ നടത്തിയ വാർത്താസമ്മേളനം. ചിത്രം: എം.ടി.വിധുരാജ്∙ മനോരമ

പ്രഥമ സീസണിൽ കളിച്ച കണ്ണൂർ വാരിയേഴ്‌സ് എഫ്സി, കാലിക്കറ്റ് എഫ്സി, മലപ്പുറം എഫ്സി, തൃശൂർ മാജിക് എഫ്സി, ഫോഴ്‌സ കൊച്ചി എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സി ടീമുകളാണ് ലീഗിന്റെ രണ്ടാം സീസണിലും പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ നാല് വേദികളിലായാണ് മത്സരങ്ങൾ നടന്നിരുന്നത് എങ്കിൽ  ഇത്തവണ അത് ആറായി ഉയർന്നു.  കണ്ണൂരിനും തൃശൂരിനും ഹോം ഗ്രൗണ്ടുകൾ ലഭിച്ചു. കണ്ണൂർ ജവഹർ സ്റ്റേ​ഡിയ​വും തൃ​ശൂ​ർ കോ​ർ​പറേ​ഷ​ൻ സ്റ്റേ​ഡിയ​വു​മാ​ണ് യഥാക്രമം ഇരു ടീമുകളുടെയും ഹോം ഗ്രൗണ്ടുകൾ. കഴിഞ്ഞ സീസണിൽ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഹോം മത്സരങ്ങൾ കളിച്ച ഫോഴ്സ കൊച്ചി എഫ്സി ഇത്തവണ എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലാണ് ഹോം മത്സരങ്ങൾക്ക് ഇറങ്ങുക. പുതുതായി ഉൾപ്പെടുത്തിയ മൂന്നു വേദികളും മികച്ച രീതിയിൽ മത്സരങ്ങൾക്കായി ഒരുക്കിയെടുത്തിട്ടുണ്ട്. 

കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം (ഹോം ടീം: കാലിക്കറ്റ്‌ എഫ്സി), മഞ്ചേരി പയ്യനാട് സ്റ്റേഡിയം (ഹോം ടീം: മലപ്പുറം എഫ്സി), തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം (ഹോം ടീം: തിരുവനന്തപുരം കൊമ്പൻസ്) എന്നിവിടങ്ങളും കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും പോരാട്ടങ്ങൾക്ക് വേദിയാവും. ഹോം ആൻഡ് എ​വേ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സൂപ്പർ ലീഗ് കേരളയിലെ മത്സരങ്ങൾ. പോയന്റ് നിലയിലെ ആദ്യ നാല് സ്ഥാനക്കാർ സെമി​ ഫൈന​ലി​ന് യോ​ഗ്യ​ത നേ​ടും. തുടർന്ന് ഡി​സം​ബ​ർ 14ന് ഫൈനൽ. 

 എം.ടി.വിധുരാജ്∙ മനോരമ

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ ട്രോഫി അവതരണ ചടങ്ങിൽ നടത്തിയ വാർത്താസമ്മേളനം. ചിത്രം: എം.ടി.വിധുരാജ്∙ മനോരമ

മികച്ച പ്രതിഭകളെ കണ്ടെത്തി സൂപ്പർ ലീഗ് കേരളയിൽ കളിക്കുന്ന മലയാളി താരങ്ങളുടെ എണ്ണം ഓരോ സീസണിലും വർധിപ്പിച്ചു കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് സൂപ്പർ ലീഗ് കേരള മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാൻ പറഞ്ഞു. കഴിഞ്ഞ സീസണിൽ 94 മലയാളി താരങ്ങളാണ് ആറ് ടീമുകളിലായി കളിച്ചത്. അത് ഇത്തവണ 100 ആയി ഉയർന്നിട്ടുണ്ട്. ഇനിയും വർധിപ്പിക്കാന്‍ സാധിക്കും. ഈ രീതിയിൽ മുന്നോട്ട് പോവാൻ സാധിച്ചാൽ സമീപഭാവിയിൽ തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ ടാലെന്റ് പൂളായി കേരളം മാറുമെന്നും ഫിറോസ് മീരാൻ പറഞ്ഞു. 

വിദേശ ലീഗുകളിലും ഇന്ത്യൻ സൂപ്പർ ലീഗിലുമെല്ലാം മികവ് തെളിയിച്ച നിരവധി കളിക്കാർ സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിൽ ബൂട്ട് കെട്ടുന്നുണ്ടെന്ന് സൂപ്പർ ലീഗ് കേരള സിഇഒ മാത്യു ജോസഫ് പറഞ്ഞു. പരിചയസമ്പന്നരായ പരിശീലകരുടെ സാന്നിധ്യവും ഈ സീസണിനെ ശ്രദ്ധേയമാക്കുന്നുണ്ട്. കേരളത്തിലെ യുവതാരങ്ങൾക്ക് വളർന്നുവരൻ ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണ് സൂപ്പർ ലീഗ് കേരള.  ഒക്ടോബർ രണ്ട് മുതൽ കേരള ഫുട്ബോളിന്റെ ഉത്സവകാലം വീണ്ടും തുടങ്ങുകയാണെന്നും മാത്യു ജോസഫ് പറഞ്ഞു. എല്ലാ മത്സരങ്ങളും സോണി സ്പോർട്സ് നെറ്റ്‌വർക്ക് സംപ്രേഷണം ചെയ്യും. സ്പോർട്സ് ഡോട്ട് കോം ആണ് ലോകമെമ്പാടും  സൗജന്യമായി ലൈവ് സ്ട്രീമിങ്‌ നടത്തുന്നത്.

English Summary:

Super League Kerala Season 2: Super League Kerala kicks disconnected its 2nd play with a expansive lawsuit connected October 2nd successful Kozhikode. The league features apical Kerala shot teams competing for the title implicit 2 and a fractional months, with matches broadcasted connected Sony Sports Network. It aims to heighten section shot talent, with much Malayali players participating this season.

Read Entire Article