വാരാണസി ∙ വോളിബോൾ കോർട്ടിൽ ഞായറാഴ്ച കേരളത്തിനു സന്തോഷവും സങ്കടവും. ദേശീയ സീനിയർ വോളിബോളിൽ കേരള വനിതകൾ ചാംപ്യന്മാരായപ്പോൾ പുരുഷൻമാർ ഫൈനലിൽ പൊരുതി തോറ്റു.
5 സെറ്റ് നീണ്ട ഫൈനലിൽ കരുത്തരായ റെയിൽവേസിനെ മറികടന്നാണു കേരള വനിതകൾ കിരീട ജേതാക്കളായത് (22–25,25–20,25–15,22–25,15–8). പുരുഷ വിഭാഗത്തിൽ കേരളത്തെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ച റെയിൽവേസ് കിരീടം നേടി (25–19,25–17,25–19).
ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം മത്സരത്തിലേക്കു വർധിത വീര്യത്തോടെ തിരിച്ചെത്തിയാണു കേരള വനിതകൾ റെയിൽവേസിനെ അട്ടിമറിച്ചു ചാംപ്യൻമാരായത്. ദേശീയ വോളിബോളിൽ കേരള വനിതകളുടെ തുടർച്ചയായ 6–ാം കിരീടമാണിത്.
സർവീസിൽ തുടർച്ചയായി കേരളം വരുത്തിയ പിഴവുകൾ മുതലെടുത്ത് റെയിൽവേസ് തുടക്കത്തിൽത്തന്നെ ലീഡ് നേടുകയും ആദ്യ സെറ്റ് സ്വന്തമാക്കുകയും ചെയ്തു. എന്നാൽ പിഴവുകൾ തിരുത്തി മത്സരത്തിലേക്കു തിരിച്ചെത്തിയ കേരളം രണ്ടാം സെറ്റ് മുതൽ കോർട്ടിൽ താളം കണ്ടെത്തി.
റെയിൽവേസിന്റെ ആക്രമണങ്ങളെ കേരളത്തിന്റെ ബ്ലോക്കർമാരായ എ.ആർ. ഭൂമികയും അന്ന മാത്യുവും ലിബറോ ശിവപ്രിയ ഗോവിന്ദും കൃത്യമായി തടഞ്ഞു. ക്യാപ്റ്റൻ കെ.പി. അനുശ്രീയുടെ നേതൃത്വത്തിൽ ആൻ വി. ജേക്കബും അനഘ രാധാകൃഷ്ണനും ആഞ്ഞടിച്ചതോടെ രണ്ടും മൂന്നും സെറ്റുകൾ നേടിയ കേരളം കിരീടം ഉറപ്പിച്ചെന്നു കരുതി.
എന്നാൽ മലയാളി ക്യാപ്റ്റൻ എയ്ഞ്ചൽ ജോസഫിന്റെ നേതൃത്വത്തിൽ റെയിൽവേയുടെ എൻജിൻ കുതിച്ചെത്തി നാലാം സെറ്റ് സ്വന്തമാക്കി. ഗെയിം സ്കോർ: 2–2. പിന്നീടായിരുന്നു കേരള വനിതകളുടെ യഥാർഥ കളി. അഞ്ചാം സെറ്റിൽ തുടക്കം മുതൽ കേരളം ലീഡെടുത്തു. ഒടുവിൽ എട്ടിനെതിരെ 15 പോയിന്റുകൾക്ക് അഞ്ചാം സെറ്റ് നേടി കേരളം കിരീടം പിടിച്ചെടുത്തു.
പുരുഷ വിഭാഗം ഫൈനലിൽ തുടക്കം മുതൽ റെയിൽവേസിന്റെ കയ്യിലായിരുന്നു കളി. തുടർച്ചയായ മത്സരങ്ങൾ മൂലമുള്ള ക്ഷീണം കാരണം ഫോമിലേക്കുയരാൻ കേരള താരങ്ങൾക്കു കഴിഞ്ഞില്ല. കേരള ക്യാപ്റ്റൻ ടി.ആർ. സേതുവിന്റെയും മുഹമ്മദ് നിഹാലിന്റെയും ആക്രമണങ്ങളെ റെയിൽവേസ് പ്രതിരോധം പലവട്ടം തകർത്തു. മറുഭാഗത്താകട്ടെ, റെയിൽവേയുടെ ക്യാപ്റ്റൻ അങ്കമുത്തുവിന്റെയും സ്പൈക്കർ രോഹിത് കുമാറിന്റെയും സ്മാഷുകളെ പ്രതിരോധിക്കുന്നതിൽ കേരളത്തിനു പിഴച്ചു.
വനിത വിഭാഗത്തിൽ ജേതാക്കളായ കേരള ടീം: കെ.പി. അനുശ്രീ (ക്യാപ്റ്റൻ), വി. നന്ദന, ബിനീഷ അലിൻ സിബി, കെ. അമിത, എ.ആർ. ഭൂമിക, അന്ന മാത്യു, കെ. ആര്യ, കെ. അഭിരാമി, അനഘ രാധാകൃഷ്ണൻ, എസ്. ആര്യ, ആൻ വി. ജേക്കബ്, ഏയ്ഞ്ചൽ തോമസ്, ശിവപ്രിയ ഗോവിന്ദ്, കെ.ആർ. രശ്മിത, ഡോ. സി.എസ്. സദാനന്ദൻ (കോച്ച്), പി. ശിവകുമാർ, അശ്വനി എസ്. കുമാർ സഹപരിശീലകർ), എം.പി. ഹരിദാസ് (മാനേജർ).
പുരുഷ വിഭാഗത്തിൽ കേരളത്തിന്റെ ജോൺ ജോസഫ് മികച്ച ബ്ലോക്കറായും കെ. ആനന്ദ് മികച്ച ലിബറോയായും വനിതാ വിഭാഗത്തിൽ വി. നന്ദന മികച്ച സെറ്ററായും ശിവപ്രിയ ഗോവിന്ദ് മികച്ച ലിബറോയായും അനഘ രാധാകൃഷ്ണൻ മോസ്റ്റ് വാല്യുവബിൾ പ്ലെയറായും തിരഞ്ഞെടുക്കപ്പെട്ടു.
English Summary:








English (US) ·