2026 ജനുവരി 11. ബംഗ്ലദേശിലെ സിൽഹെറ്റ് രാജ്യാന്തര സ്റ്റേഡിയത്തിൽ നോഖാലി എക്സ്പ്രസും ധാക്ക ക്യാപിറ്റൽസും തമ്മിലുള്ള ബംഗ്ലദേശ് പ്രിമിയർ ലീഗ് (ബിപിഎൽ) മത്സരം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ നോഖാലി എക്സ്പ്രസിനു വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്തത് അഫ്ഗാൻ താരം ഹസൻ ഐസാക്കിലും ബംഗ്ലദേശ് താരം സൗമ്യ സർക്കാരും. പത്താം ഓവറിൽ 48 റൺസെടുത്ത സൗമ്യ സർക്കാർ പുറത്തായി. പിന്നീടിറങ്ങിയ ഷഹാദത്ത് ഹുസൈൻ ദിപു (3), ഹബീബുർ റഹ്മാൻ സോഹൻ (4) എന്നിവർ കാര്യമായ സംഭാവനകളില്ലാതെ കൂടാരം കയറി. അഞ്ചാമനായി ക്രീസിലെത്തിയത് മറ്റൊരു അഫ്ഗാൻ താരം മുഹമ്മദ് നബി. നാലാം വിക്കറ്റിൽ ഹസൻ ഐസാക്കിലും മുഹമ്മദ് നബിയും ചേർന്ന് കൂട്ടിച്ചേർത്തത് 53 റൺസ്.
ഇരുവരും ക്രീസിൽ പടുത്തുയർത്തിയ ഈ കൂട്ടുകെട്ടിനൊപ്പം മറ്റൊരു ചരിത്രം കൂടി പിറക്കുകയായിരുന്നു. ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് ചരിത്രത്തിൽ ആദ്യമായി ഒരു അച്ഛനും മകനും ഒരുമിച്ച്, ഒരു ടീമിനു വേണ്ടി കളിക്കുന്നു. അച്ഛൻ 41 വയസ്സുകാരൻ മുഹമ്മദ് നബി, മകൻ 19 വയസ്സുകാരൻ ഹസൻ ഐസാക്കിൽ. ഓപ്പണറായി ഇറങ്ങിയ ഐസാക്കിൽ, 92 റൺസെടുത്താണ് പുറത്തായത്. രാജ്യാന്തര ക്രിക്കറ്റിൽ ഒരു അച്ഛനും മകനും ആദ്യമായി ഒന്നിച്ചു കളത്തിലിറങ്ങിയത് 2025 നവംബറിലാണ് ആണ്. ടിമോർ-ലെസ്റ്റെയ്ക്കു വേണ്ടി 50 വയസ്സുകാരൻ സുഹൈൽ സത്താറും 17 വയസ്സുകാരൻ യഹ്യ സുഹൈലുമാണ് ഇന്തൊനീഷ്യയ്ക്കെതിരായ മത്സരത്തിൽ ഒരുമിച്ചു കളിച്ചത്.
എന്നാൽ അതിനും മുൻപേ രക്ഷിതാവും കുട്ടിയും ഒരുമിച്ച് രാജ്യാന്തര ക്രിക്കറ്റിൽ കളിച്ചിട്ടുണ്ട്. സ്വിറ്റ്സർലൻഡ് വനിതാ ടീമിൽ അമ്മ മെറ്റി ഫെർണാണ്ടസും മകൾ നൈന മെറ്റി സജുവും. മറ്റൊരു കൗതുകം കൂടിയുണ്ട്, ഇരുവരും ഒരുമിച്ചാണ് സ്വിറ്റ്സർലൻഡിനു വേണ്ടി അരങ്ങേറ്റം കുറിച്ചത്. 2025 ജൂലൈയിൽ ബെൽജിയത്തിനെതിരെയായിരുന്നു മത്സരം. വെസ്റ്റിൻഡീസ് താരം എസ്.ചന്ദ്രപോളും മകൻ ടാഗെനാരിനും ഗയാനയ്ക്ക് വേണ്ടി 11 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ഒന്നിച്ചു കളിച്ചിട്ടുണ്ട്; 2014 മാർച്ചിൽ വിൻഡ്വേർഡ് ഐലൻഡ്സിനെതിരായ മത്സരത്തിൽ പിതാവ് ചന്ദ്രപോളിന്റെ ക്യാപ്റ്റൻസിയിലാണ് ടാഗെനാരിൻ ഉൾപ്പെടെയുള്ള താരങ്ങൾ ഇറങ്ങിയത്.
ലോകക്രിക്കറ്റിലെ വൈകാരികവും മനോഹരവുമായ കാഴ്ചകളായി ഇവ ആരാധകരുടെ മനസ്സുനിറച്ചെങ്കിലും, ഇന്ത്യൻ ക്രിക്കറ്റിലേക്ക് വരുമ്പോൾ ഇത്തരം ‘തലമുറ കൈമാറ്റങ്ങൾ’ എപ്പോഴും വലിയൊരു വിവാദത്തിനും ചോദ്യശരങ്ങൾക്കും വഴിമരുന്നിടാറുണ്ട്. എങ്കിലും സിനിമയിലും, രാഷ്ട്രീയത്തിലും മറ്റു പല മേഖലകളിലും എന്നപോലെ ഇന്ത്യൻ ക്രിക്കറ്റിലും പല താരങ്ങളുടെയും മക്കൾ കളിക്കളത്തിൽ ഇറങ്ങിയിട്ടുണ്ട്. അവരിൽ ചിലർ അച്ഛന്റെ ‘ലെഗസി’യുടെ നിഴലിൽ മറഞ്ഞുപോയെങ്കിൽ മറ്റു ചിലർ പിതാവിനേക്കാൾ വലിയ താരങ്ങളായി.
∙ ജൂനിയർ ‘വൻമതിൽ’ & ജൂനിയർ ‘വീരു’
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡും വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീർ സേവാഗും ഇന്ത്യ അണ്ടർ-19 ഏകദിന ടീമിലിടം പിടിച്ചതോടെയാണ് ഇന്ത്യൻ ക്രിക്കറ്റിലെ ‘നെപ്പോട്ടിസം’ വീണ്ടും ചർച്ചയായത്. ഇതിനു തൊട്ടുപിന്നാലെ ഇരുവരെയും അതതു അഭ്യന്തര ടീമുകളുടെ അണ്ടർ 19 ടീം ക്യാപ്റ്റന്മാരായി ‘പ്രമോട്ട്’ ചെയ്യുകയും ചെയ്തു. സെപ്റ്റംബർ 18, 21, 23 തീയതികളിലായി നടന്ന ഓസ്ട്രേലിയ അണ്ടർ-19 ടീമിനെതിരായ പരമ്പരയിലെ 3 ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലാണ് ഇരുവരും കളിച്ചത്. ദ്രാവിഡിന്റെ ഇളയ മകനായ അൻവയ്ക്ക് ഈവർഷം മേയിൽ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലാണ് ആദ്യമായി അണ്ടർ 19 ടീമിലേക്ക് വിളിയെത്തിയത്. വിനോദ് മങ്കാദ് ട്രോഫിയിൽ ഉൾപ്പെടെ കർണാടകയ്ക്കായി റൺസ് അടിച്ചുകൂട്ടിയതോടെയാണ് ജൂനിയർ ദ്രാവിഡ് ടീമിലിടം പിടിച്ചത്. ഓസീസിസനെതിരെ ടീമിൽ സ്ഥാനം നിലനിർത്തുകയായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റിൽ അച്ഛന്റെ ‘കൈപിടിച്ച്’ വിജയിക്കാൻ സാധിക്കുമെങ്കിൽ ഏറ്റവും സാധ്യത ആർക്കാണ്? സംശയമില്ല, ക്രിക്കറ്റ് ദൈവം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർക്കു തന്നെ. എന്നാൽ സച്ചിന്റെ മകൻ എന്ന ലേബൽ അർജുൻ തെൻഡുൽക്കർക്ക് കരിയറിന്റെ തുടക്കത്തിൽ വലിയ മാധ്യമശ്രദ്ധയും അതോടൊപ്പം കടുത്ത മാനസിക സമ്മർദവുമാണ് സമ്മാനിച്ചത്.
ആര്യവീർ സേവാഗിന്, ഇത് ഇന്ത്യൻ ടീമിലേക്കുള്ള ആദ്യ വിളിയായിരുന്നു. ഡൽഹി പ്രിമിയർ ലീഗിലും കൂച്ച് ബിഹാർ ട്രോഫിയിലും തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെയാണ് ജൂനിയർ വീരുവിന് ജൂനിയർ ഇന്ത്യൻ ടീമിലേക്കുള്ള ക്ഷണമെത്തിയത്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ ആര്യവീർ സേവാഗ് മൂന്നു മത്സരങ്ങളിലും പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചപ്പോൾ അൻവയ് ദ്രാവിഡ് ആദ്യ രണ്ടു മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. ഓപ്പണർ റോളിൽ അച്ഛന്റെ അതേ ആക്രമണോത്സുക ശൈലി പിന്തുടരുന്ന ആര്യവീർ, മൂന്നു മത്സരങ്ങളിൽ നിന്ന് 110 റൺസ് നേടി തന്റെ പ്രതിഭ തെളിയിക്കുകയും ചെയ്തു. മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്കോറുകൾ നേടാൻ ആര്യവീറിന് സാധിച്ചില്ല. വിക്കറ്റ് കീപ്പർ ബാറ്ററായ അൻവയ് ദ്രാവിഡ് ആദ്യ മത്സരത്തിൽ 38 റൺസെടുത്തപ്പോൾ രണ്ടാം മത്സരത്തിൽ 9 റൺസ് മാത്രമെടുത്ത് നിറംമങ്ങി. ഇതോടെ മൂന്നാം മത്സരത്തിൽ അൻവയ്ക്ക് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചുമില്ല.
ഇന്ത്യൻ ഇതിഹാസ താരങ്ങളുടെ മക്കൾ ഒരുമിച്ച്, പാഡ് കെട്ടിറങ്ങിയതോടെ ഇന്ത്യൻ അണ്ടർ–19 ടീമിന്റെ മത്സരങ്ങൾ പതിവിലും കൂടുതൽ ചർച്ചയായി എന്നതാണ് വസ്തുത. അച്ഛന്റെ തനതു ശൈലിയിലുള്ള ഷോട്ടുകൾ കളത്തിൽ ‘പുനഃരാവിഷ്കരിച്ച’ ആര്യവീറിന്റെ സേവാഗിന്റെ ബാറ്റിങ് റീലുകൾ സമൂഹമാധ്യമങ്ങളിൽ വൻ വൈറലായി. മത്സരങ്ങളിൽ ആര്യവീറിന്റെയും അൻവയ്യുടെയും സംഭാവനകൾ അത്ര വലുതല്ലായിരുന്നെങ്കിലും ഇരുവരുടെയും സ്കോറുകളാണ് മാധ്യമവാർത്തകളിലെ തലക്കെട്ടുകളായത്. പ്രകടനങ്ങളേക്കാൾ താരങ്ങളുടെ മക്കൾ എന്ന ‘പദവി’ ഇരുവർക്കും നൽകുന്ന മൈലേജ് ചെറുതല്ല. എന്നാൽ ഇതേകാര്യം ഇരുവർക്കും ഒരു ബാധ്യതയുമാണ്. ഒരു മത്സരത്തിലെ പരാജയത്തിന്റെ അടിസ്ഥാനത്തിൽ പോലും ഇവർ വിലയിരുത്തപ്പെട്ടേക്കാം. രണ്ടാം മത്സരത്തിൽ 9 റൺസിന് പുറത്തായ അവൻവയ്, തൊട്ടടുത്ത മത്സരത്തിൽ പ്ലേയിങ് ഇലവനിൽനിന്നു പുറത്തായത് തന്നെ ഒരു ഉദാഹരണം.
∙ ‘ദൈവത്തിന്റെ’ മകനും രക്ഷയില്ല
ഇന്ത്യൻ ക്രിക്കറ്റിൽ അച്ഛന്റെ ‘കൈപിടിച്ച്’ വിജയിക്കാൻ സാധിക്കുമെങ്കിൽ ഏറ്റവും സാധ്യത ആർക്കാണ്? സംശയമില്ല, ക്രിക്കറ്റ് ദൈവം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർക്കു തന്നെ. എന്നാൽ സച്ചിന്റെ മകൻ എന്ന ലേബൽ അർജുൻ തെൻഡുൽക്കർക്ക് കരിയറിന്റെ തുടക്കത്തിൽ വലിയ മാധ്യമശ്രദ്ധയും അതോടൊപ്പം കടുത്ത മാനസിക സമ്മർദവുമാണ് സമ്മാനിച്ചത്. ബോളറാകാനായിരുന്നു അർജുന് താൽപര്യം. മുംബൈയുടെ ജൂനിയർ ക്രിക്കറ്റ് ടീമുകളിലൂടെ മികച്ച പ്രകടനങ്ങളുമായി വളർന്നുവന്ന അർജുൻ, 2021ൽ മുംബൈയ്ക്കായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിച്ച് ആഭ്യന്തര ട്വന്റി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. എന്നാൽ ഓരോ മത്സരത്തിലും അച്ഛൻ സച്ചിന്റെ 24 വർഷത്തെ ഹിമാലയൻ കരിയറുമായി അർജുനെ ആരാധകരും മാധ്യമങ്ങളും നിരന്തരം താരതമ്യം ചെയ്തുകൊണ്ടിരുന്നു.
അർജുന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവും വിവാദവും ഉണ്ടായത് ഐപിഎൽ പ്രവേശനത്തോടെയാണ്. 2021ലെ ഐപിഎൽ ലേലത്തിൽ സച്ചിൻ മെന്ററായ മുംബൈ ഇന്ത്യൻസ് 20 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് അർജുനെ സ്വന്തമാക്കിയത് വലിയ രീതിയിലുള്ള ‘നെപ്പോട്ടിസം’ ചർച്ചകൾക്ക് വഴിമരുന്നിട്ടു. പ്രതിഭയുള്ള മറ്റ് ആഭ്യന്തര കളിക്കാരെ അവഗണിച്ചാണ് സച്ചിന്റെ മകനെ ടീമിലെടുത്തതെന്നായിരുന്നു വിമർശനം. തുടർച്ചയായ രണ്ട് സീസണുകളിൽ ഒരു മത്സരം പോലും കളിക്കാനാകാതെ മുംബൈ ബെഞ്ചിലിരുന്ന താരം, കരിയർ മുന്നോട്ട് കൊണ്ടുപോകുന്നതിനായി വലിയൊരു തീരുമാനമെടുത്തു.
നെപ്പോട്ടിസം ക്രിക്കറ്റിൽ ഒരിക്കലും വിജയിക്കില്ല. അത് രാഷ്ട്രീയത്തിലോ ബോളിവുഡിലോ നടന്നേക്കാം. എന്നാൽ ക്രിക്കറ്റിൽ മികവ് പുലർത്താൻ പാരമ്പര്യത്തേക്കാളും സ്വാധീനത്തേക്കാളും പണത്തേക്കാളും ഉപരിയായി സ്വന്തം പ്രതിഭ അനിവാര്യമാണ്. നിങ്ങൾ അമിതാഭ് ബച്ചന്റെ മകനോ അംബാനിയുടെ കുടുംബത്തിൽ നിന്നുള്ളയാളോ ആയിരിക്കാം, പക്ഷേ ഒരു ടെസ്റ്റ് ക്രിക്കറ്ററുടെ മകനായി എന്നതുകൊണ്ട് മാത്രം ഇന്ത്യൻ ടീമിൽ ഒരിടം ഉറപ്പാക്കാനാകില്ല.
രാജ്ദീപ് സർദേശായി (മുതിർന്ന മാധ്യമപ്രവർത്തകൻ)
അവസരങ്ങൾ കുറഞ്ഞതോടെ മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് എൻഒസി വാങ്ങി 2022 ഓഗസ്റ്റിൽ അർജുൻ ഗോവ ആഭ്യന്തര ക്രിക്കറ്റ് ടീമിലേക്ക് മാറി. ഈ മാറ്റം അർജുന് കരിയറിൽ വലിയൊരു ബ്രേക്ക് നൽകി. ഗോവയ്ക്കായി കളിച്ച ആദ്യ ഫസ്റ്റ് ക്ലാസ് മത്സരത്തിൽ തന്നെ സെഞ്ചറി അടിച്ച്, 34 വർഷങ്ങൾക്ക് മുൻപ് സച്ചിൻ അരങ്ങേറ്റ മത്സരത്തിൽ സെഞ്ചറി നേടിയ അതേ ചരിത്രം അർജുൻ ആവർത്തിച്ചു. പിന്നീട് പരിപൂർണ ഓൾറൗണ്ടറായി മാറിയ അർജുൻ, ഗോവ ടീമിലെ ഏറ്റവും വിലപ്പെട്ട താരങ്ങളിലൊരാളുമായി. രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും ഗോവയ്ക്കായി മികച്ച പ്രകടനം നടത്തുന്ന താരം, ആഭ്യന്തര സർക്യൂട്ടിൽ തന്റേതായ ഒരിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്.
∙ പേരു മാറ്റേണ്ടി വന്ന ‘ബ്രാഡ്മാൻ’
ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും വലിയ ബാറ്റിങ് ഇതിഹാസമായ സർ ഡൊണാൾഡ് ബ്രാഡ്മാന്റെ മകൻ എന്ന പദവി ജോൺ ബ്രാഡ്മാന് നൽകിയത് നഷ്ടങ്ങളുടെ കണക്കാണ്; സ്വന്തം പേരു പോലും അദ്ദേഹത്തിന് തിരുത്തേണ്ടി വന്നു. സൗത്ത് ഓസ്ട്രേലിയൻ സ്കൂൾ തലത്തിലും ജൂനിയർ അത്ലറ്റിക്സിലും മികച്ച കായിക പ്രതിഭയായി വളർന്നുവന്ന ജോൺ, സ്പ്രിന്റിലും ഹർഡിൽസിലും ക്രിക്കറ്റിലും ഒരുപോലെ തിളങ്ങിയിരുന്നു. എന്നാൽ, അദ്ദേഹം ഗ്രൗണ്ടിൽ ഇറങ്ങിയ ഓരോ നിമിഷവും കാണികളും മാധ്യമങ്ങളും ‘അടുത്ത ഡോൺ ബ്രാഡ്മാൻ’ എന്ന ലേബലിലാണ് അദ്ദേഹത്തെ നോക്കിക്കണ്ടത്. ഇത് കടുത്ത മാനസിക സമ്മർദത്തിലേക്കും വിഷാദത്തിലേക്കും ജോണിനെ നയിച്ചു. ഇതോടെ 1972ൽ കരിയറിന്റെ ഒരു ഘട്ടത്തിൽ തന്റെ ഔദ്യോഗിക കുടുംബപ്പേരായ ‘ബ്രാഡ്മാൻ’ എന്നത് നിയമപരമായി ഉപേക്ഷിക്കാൻ ജോൺ തീരുമാനിച്ചു.
തുടർന്ന് ‘ജോൺ ബ്രാഡ്സൻ’ (John Bradsen) എന്ന പുതിയ പേര് സ്വീകരിച്ചു. ഈ പേരുമാറ്റം അക്കാലത്ത് കായിക ലോകത്ത് വലിയ ചർച്ചാവിഷയമായിരുന്നു. ക്രിക്കറ്റിനോടും സ്പോർട്സിനോടും പൂർണമായി വിടപറഞ്ഞ ജോൺ ബ്രാഡ്സൻ, പിന്നീട് അക്കാദമിക് രംഗത്തും നിയമരംഗത്തുമാണ് കരിയർ കണ്ടെത്തിയത്. സൗത്ത് ഓസ്ട്രേലിയയിൽ ഒരു അഭിഭാഷകനായും യൂണിവേഴ്സിറ്റി ലക്ചററായും അദ്ദേഹം തന്റെ ജീവിതം പടുത്തുയർത്തി. വർഷങ്ങൾക്ക് ശേഷം, 2008 ജനുവരിയിലാണ് അദ്ദേഹം തന്റെ പഴയ കുടുംബപ്പേര് തിരികെ സ്വീകരിച്ചത്. അച്ഛന്റെ മരണശേഷവും അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ചില കമ്പനികൾ വാണിജ്യപരമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമപോരാട്ടം നടത്താൻ കൂടിയായിരുന്നു ഇത്.
∙ ‘നെപ്പോ കിഡ്ഡുകൾ’
ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇതിനുമുൻപും ‘നെപ്പോ കിഡ്ഡുകൾ’ ഉണ്ടായിട്ടുണ്ട്. അതിൽ ഇതിഹാസങ്ങളായ പിതാക്കന്മാരുടെ നിഴലിൽ നിറംമങ്ങി പോയവരും അച്ഛനെ വെല്ലുന്ന പ്രകടനം നടത്തിയവരുമുണ്ട്.
രോഹൻ ഗാവസ്കർ: ഇന്ത്യൻ ക്രിക്കറ്റിൽ ‘നെപ്പോട്ടിസം’ എന്ന വാക്ക് ആദ്യമായി ശക്തമായി ഉയർന്നുകേട്ടത് രോഹൻ ഗാവസ്കറുടെ കരിയറിലാണ്. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റിങ് പ്രതിഭയും ലിറ്റിൽ മാസ്റ്ററുമായ സുനിൽ ഗാവസ്കറുടെ മകനാണ് രോഹൻ. ഇടംകയ്യൻ ബാറ്ററും സ്പിന്നറുമായിരുന്നു രോഹൻ. മുംബൈ ടീമിൽ കടുത്ത മത്സരമുള്ളതിനാൽ, അവസരങ്ങൾക്കായി രോഹൻ ബംഗാൾ ടീമിലേക്ക് മാറുകയായിരുന്നു. ബംഗാളിനായി ആഭ്യന്തര ക്രിക്കറ്റിൽ വർഷങ്ങളോളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച ശേഷമാണ് രോഹന് ഇന്ത്യൻ ടീമിലേക്ക് വഴിതുറന്നത്. 2004ൽ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ത്രിരാഷ്ട്ര പരമ്പരയിലൂടെയാണ് രോഹൻ ഗാവസ്കർ ഇന്ത്യൻ ജഴ്സി അണിയുന്നത്.
എന്നാൽ, രോഹൻ ക്രീസിലിറങ്ങിയ ഓരോ നിമിഷവും ആരാധകരും മാധ്യമങ്ങളും അളന്നത് സുനിൽ ഗാവസ്കറുടെ സാങ്കേതിക തികവുമായിട്ടായിരുന്നു. ഇന്ത്യയ്ക്കായി കളിച്ച 11 ഏകദിനങ്ങളിൽ നിന്ന് ഒരു അർധസെഞ്ചറി ഉൾപ്പെടെ 151 റൺസും ഒരു വിക്കറ്റും മാത്രമാണ് രോഹന് നേടാനായത്. മോശം ഫോമിനെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ രോഹൻ, പിന്നീട് ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി.
മോഹീന്ദർ അമർനാഥ്: സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ക്രിക്കറ്റ് ക്യാപ്റ്റനും സെഞ്ചറി നേട്ടക്കാരനുമായ ലാലാ അമർനാഥിന്റെ മകനാണ് മോഹീന്ദർ അമർനാഥ്. അച്ഛന്റെ ഇതിഹാസ തുല്യമായ പദവി കാരണം കരിയറിന്റെ തുടക്കത്തിൽ വലിയ മാധ്യമ ശ്രദ്ധയും സമ്മർദവും മോഹീന്ദറിനും സഹോദരൻ സുരീന്ദർ അമർനാഥിനും നേരിടേണ്ടി വന്നിരുന്നു. 1969ൽ ഓസ്ട്രേലിയക്കെതിരെ ഫാസ്റ്റ് ബോളിങ് ഓൾറൗണ്ടറായിട്ടാണ് മോഹീന്ദർ ഇന്ത്യൻ ടീമിൽ അരങ്ങേറുന്നത്. തുടക്കത്തിൽ അച്ഛനുമായുള്ള താരതമ്യങ്ങൾ കരിയറിന് വലിയ വെല്ലുവിളിയായിരുന്നു.
1983ൽ കപിൽ ദേവിന്റെ നായകത്വത്തിൽ ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടം ചൂടിയപ്പോൾ ഇന്ത്യൻ വിജയത്തിന്റെ യഥാർഥ ശില്പി മോഹീന്ദർ അമർനാഥ് ആയിരുന്നു. സെമിഫൈനലിലും ഫൈനലിലും ‘പ്ലെയർ ഓഫ് ദ് മാച്ച്’ പുരസ്കാരം നേടി അദ്ദേഹം ചരിത്രം കുറിച്ചു. ഇതോടെ അച്ഛന്റെ നിഴലിൽനിന്നു പൂർണമായി മാറി ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റിങ് പ്രതിഭയായി മാറി.
യുവരാജ് സിങ്: ‘നെപ്പോട്ടിസം’ വാദങ്ങളെ പൂർണമായി തച്ചുടച്ചുകൊണ്ട്, അച്ഛനെക്കാൾ ഒരുപാട് ഉയരത്തിലെത്തിയ താരമാണ് യുവരാജ് സിങ്. മുൻ ഇന്ത്യൻ പേസർ യോഗ്രാജ് സിങ്ങിന്റെ മകനായ യുവരാജ്, അച്ഛന്റെ കടുത്ത നിർബന്ധത്താലും കഠിനമായ ശിക്ഷണത്തിലുമാണ് ക്രിക്കറ്റിലേക്ക് വരുന്നത്. തുടക്കത്തിൽ സ്കേറ്റിങ്ങിൽ താൽപര്യമുണ്ടായിരുന്ന യുവരാജിനെ, മെഡൽ വലിച്ചെറിഞ്ഞ് അച്ഛൻ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് ഇറക്കുകയായിരുന്നു. പഞ്ചാബിന്റെ ജൂനിയർ ടീമുകളിലൂടെ അതിവേഗം വളർന്ന യുവരാജ്, 2000ൽ നടന്ന അണ്ടർ-19 ലോകകപ്പിലെ പ്ലെയർ ഓഫ് ദ് ടൂർണമെന്റായതിനു പിന്നാലെ ഇന്ത്യൻ സീനിയർ ടീമിലെത്തി.
കരിയറിന്റെ തുടക്കത്തിൽ യോഗ്രാജ് സിങ്ങിന്റെ മകൻ എന്ന ലേബൽ ഉണ്ടായിരുന്നെങ്കിലും, ഗ്രൗണ്ടിലെ തകർപ്പൻ പ്രകടനങ്ങൾ കൊണ്ട് യുവരാജ് അതിവേഗം അതു മാറ്റിയെഴുതി. അർബുദ രോഗത്തെപോരാടി തോൽപിച്ച് ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചുവന്ന യുവരാജിന്റെ കഥ ലോക കായികരംഗത്തിന് തന്നെ മാതൃകയാണ്. 2019ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച യുവരാജ്, നിലവിൽ യുവതാരങ്ങളെ വാർത്തെടുക്കുന്ന തിരക്കിലാണ്. ശുഭ്മൻ ഗിൽ, അഭിഷേക് ശർമ തുടങ്ങിയ ഇന്ത്യൻ സൂപ്പർ താരങ്ങളുടെ മെന്ററായി പ്രവർത്തിക്കുന്ന യുവരാജ്, ലെജൻഡ്സ് ലീഗുകളിലും സജീവമായി പങ്കെടുക്കുന്നു.
∙ നെപ്പോ നിലനിൽക്കുമോ, ഗുണമുണ്ടോ?
അച്ഛനോ അമ്മയോ ക്രിക്കറ്റ് താരമായി എന്ന ഒറ്റക്കാരണം കൊണ്ട് മക്കൾക്ക് ക്രിക്കറ്റ് ഒരു കരിയറായി തിരഞ്ഞെടുക്കാൻ പാടില്ലെന്നത് നീതി നിഷേധമാണ്. എന്നാൽ ആ ‘സ്വാധീനം’ കരിയറിന്റെ വളർച്ചയ്ക്കു ഉപയോഗിച്ചാൽ മാത്രമാണ് അതു പ്രശ്നമാകുന്നത്. എങ്കിലും സാധാരണക്കാരനായ ഒര കുട്ടിക്ക് ലഭിക്കുന്നതിനേക്കാൾ മികച്ച സൗകര്യങ്ങൾ താരങ്ങളുടെ മക്കൾക്ക് ലഭിക്കും എന്നത് അവർക്ക് അനുകൂല ഘടകമാണ്. ലോകോത്തര കോച്ചിങ് സൗകര്യങ്ങൾ, ഇൻഫ്രാസ്ട്രക്ചർ, സാമ്പത്തിക ഭദ്രത എന്നിവ ഇവർക്ക് ചെറുപ്പത്തിലേ ലഭിക്കുന്നു. കൂടാതെ അച്ഛന്റെ പേരുള്ളതിനാൽ സിലക്ടർമാരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ ഇവരിൽ വളരെ വേഗത്തിൽ പതിയും.
ആഭ്യന്തര ലീഗുകളിലും ഐപിഎൽ ട്രയൽസുകളിലും ഇവർക്ക് എളുപ്പത്തിൽ അവസരങ്ങൾ തുറക്കപ്പെടുകയും ചെയ്യും. എന്നാൽ മറ്റുള്ളവരെ അപേക്ഷിച്ച് ഇവർക്ക് കൂടുതൽ വെല്ലുവിളിയുമുണ്ട്. ആരാധകർ ഇവരെ തങ്ങളുടെ ഇതിഹാസ തുല്യരായ പിതാക്കന്മാരുമായി നിരന്തരം താരതമ്യം ചെയ്യുന്നത് ഇവരിൽ ഉണ്ടാക്കുന്ന മാനസിക സമ്മർദം ചെറുതല്ല. ഒരു ചെറിയ പിഴവിനു പോലും ഇവർ ‘ക്രൂശിക്കപ്പെട്ടേക്കാം.’ എങ്കിലും എത്ര അവസരം ലഭിച്ചാലും പ്രതിഭ വളരെ പ്രധാനമാണ്. താരത്തിന്റെ മകനായാലും ക്രീസിൽ നിൽക്കുമ്പോൾ 140 കിലോമീറ്ററിലധികം വേഗതയിൽ വരുന്ന പന്തുകളെ നേരിടാൻ സ്വന്തം കഴിവ് തന്നെ വേണം.
English Summary:






English (US) ·