ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പതിനെട്ട് വര്‍ഷത്തെ ഐപിഎല്‍ ട്രോഫി വരള്‍ച്ചയ്ക്കാണ് ജൂണ്‍ മൂന്നിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം അന്ത്യം കുറിച്ചത്. ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചായിരുന്നു ആര്‍സിബിയുടെ കിരീടനേട്ടം. മുന്‍കാലത്ത് ടീമിന്റെ നെടുന്തൂണായി നിലകൊണ്ടിരുന്ന ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സും ആ നിമിഷങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു.
തൊട്ടടുത്ത ദിവസം, ദക്ഷിണാഫ്രിക്കയിലേക്കുള്ള മടക്കത്തിനിടെ ഡിവില്ലിയേഴ്‌സ് ആര്‍സിബി ആരാധകര്‍ക്കായി ഒരു കത്തെഴുതിയിരുന്നു. ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ വിജയപരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചതോടെ അത് പങ്കുവെയ്ക്കാന്‍ മുന്‍താരത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആ കത്ത് പങ്കുവെച്ചിരിക്കുകയാണ് ഡിവില്ലിയേഴ്‌സ്.
'പ്രിയപ്പെട്ട ആര്‍സിബി കുടുംബമേ, കഴിഞ്ഞ രാത്രി എന്നത് വാക്കുകള്‍ക്ക് പൂര്‍ണ നീതി പുലര്‍ത്താന്‍ കഴിയാത്ത ഒന്നായിരുന്നു. പക്ഷേ, ഹൃദയം സംസാരിക്കാന്‍വേണ്ടി വെമ്പല്‍ കൊള്ളുമ്പോള്‍ ഞാന്‍ അതിന് ശ്രമിക്കും. ഞാന്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലേക്ക് നടക്കുമ്പോള്‍ സൂര്യന്‍ ആകാശരേഖയ്ക്ക് താഴെയായി അസ്തമിച്ചിരുന്നു. പക്ഷേ, ആര്‍സിബിയുടെ ചുവപ്പ് അപ്പോഴും ചക്രവാളത്തില്‍ പ്രകാശിച്ചുകൊണ്ടിരിക്കുന്നതായി തോന്നി. ഒരു നിഷ്പക്ഷ വേദിയാണെന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ, ആളും ആരവവും ജഴ്‌സികളും പതാകകളും ഛായം പൂശിയ മുഖങ്ങളും കണ്ടപ്പോള്‍ ഇത് വീടാണെന്ന് എനിക്ക് മനസ്സിലായി' -ഡിവില്ലിയേഴ്‌സ് എക്‌സില്‍ പങ്കുവെച്ചു.
'വെറുമൊരു ക്രിക്കറ്റ് മത്സരമല്ല ഞാന്‍ കണ്ടത്, മറിച്ച്, വിശ്വാസത്തിന്റെയും നേരിട്ട പരാജയങ്ങളുടെയും അദ്ഭുതങ്ങളുടെയും ഇതുവരെ ഒരു ട്രോഫിക്കും നല്‍കാന്‍ കഴിയാത്ത അചഞ്ചലമായ വിശ്വസ്തതയുടെയും പര്യവസാനമായിരുന്നു അത്. എനിക്ക് കുടുംബമായി മാറിയ ആര്‍സിബി ഐപിഎല്‍ ചാമ്പ്യന്മാരായിരിക്കുന്നു. അത് പറയുമ്പോള്‍ സന്തോഷമുണ്ട്. വിരാട് എന്റെ മുന്നില്‍ വളരെ അകലെയായി നില്‍ക്കുന്നു. ഞങ്ങളുടെ കണ്ണുകള്‍ ചെറിയൊരു നിമിഷത്തേക്ക് മാത്രം കണ്ടുമുട്ടി, അത്രയേ വേണ്ടിവന്നുള്ളൂ. ഞങ്ങള്‍ക്ക് വാക്കുകള്‍ ആവശ്യമില്ലായിരുന്നു. ആ കൈമാറ്റത്തില്‍തന്നെ എല്ലാമുണ്ട്. വര്‍ഷങ്ങള്‍, നഷ്ടസ്വപ്‌നങ്ങള്‍, ഈ സ്വപ്‌നത്തിനായി ഞങ്ങള്‍ തോളിലേറ്റിയ ഭാരങ്ങള്‍...' ആർസിബിയിൽ കോലിക്കൊപ്പം പിന്നിട്ട വഴികളെക്കുറിച്ച് ഡിവില്ലിയേഴ്സ് പങ്കുവെച്ചു.
Content Highlights: AB de Villiers Wrote Letter To RCB Family








English (US) ·