Published: May 03 , 2025 03:40 PM IST
1 minute Read
മുംബൈ∙ പതിനാലാം വയസിൽ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) സെഞ്ചറി കുറിച്ച് റെക്കോർഡിട്ട വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടീമിലേക്കും പരിഗണിക്കണമെന്ന് ആരാധകർ ആവശ്യം ഉന്നയിക്കുന്നതിനിടെ, അടുത്ത ഐപിഎൽ സീസൺ വരെയെങ്കിലും കാത്തിരിക്കാനുള്ള ക്ഷമ ആരാധകർ കാണിക്കണമെന്ന ആവശ്യവുമായി സുനിൽ ഗാവസ്കർ. വൈഭവ് സൂര്യവംശിയുടെ പ്രതിഭയെ വിലയിരുത്തുന്നതിനും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നതിനും മുൻപ്, അൽപം കൂടി കാത്തിരിക്കാൻ ആരാധകർ തയാറാകണമെന്നാണ് ഗാവസ്കറിന്റെ ആവശ്യം.
ഈ സീസണിൽ സെഞ്ചറിയുമായി വിസ്മയിപ്പിച്ച താരം, അടുത്ത സീസണിലും സമാനമായ പ്രകടനം ആവർത്തിക്കുമോ എന്നു നോക്കിയ ശേഷം മാത്രമേ അദ്ദേഹത്തെ വിലയിരുത്താവൂ എന്നും ഗാവസ്കർ പറഞ്ഞു.
‘‘നമ്മൾ കുറച്ചുകൂടി ക്ഷമ കാണിക്കണമെന്നാണ് എനിക്കു തോന്നുന്നത്. ഏതു കായിക ഇനത്തിലാണെങ്കിലും, പുതിയൊരു താരം ഉദിച്ചുയരുമ്പോൾ ആ താരത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ആർക്കും അറിയില്ല. മാത്രമല്ല, രണ്ടാം സീസൺ സിൻഡ്രോം എന്ന ഘടകം കൂടിയുണ്ട്. അടുത്ത സീസൺ ആകുമ്പോഴേയ്ക്കും, ഈ താരത്തെക്കുറിച്ച് എതിരാളികൾക്ക് കൂടുതൽ അറിയാൻ കഴിയും. ഈ താരത്തെ വീഴ്ത്താൻ അവർ പുതിയ ആയുധങ്ങളുമായി എത്തുകയും ചെയ്യും. അതുകൊണ്ട് അടുത്ത സീസൺ കൂടി നോക്കിയ ശേഷം മാത്രമേ നമുക്ക് വിലയിരുത്താനാകൂ’ – ഗാവസ്കർ പറഞ്ഞു.
‘‘ഈ സമയംകൊണ്ട് ബോളർമാരും സപ്പോർട്ട് സ്റ്റാഫും ചേർന്ന് ബോളിങ് തന്ത്രങ്ങൾ ആവിഷ്കരിക്കും. ഈ താരത്തിന് എവിടെ ബോൾ ചെയ്യണം, എവിടെ ബോൾ ചെയ്യരുത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തും. അതുകൊണ്ടാണ് കഴിഞ്ഞ സീസണിൽ വിജയിച്ച ചില താരങ്ങൾക്ക് ഈ സീസണിൽ അതേ മികവു തുടരാനാകാതെ പോകുന്നത്. ഓരോ താരത്തിന്റെയും രണ്ടാമത്തെ സീസണിലെ പ്രകടനമാണ് നമ്മൾ ശ്രദ്ധാപൂർവം വീക്ഷിക്കേണ്ടത്. അടുത്ത ഐപിഎൽ സീസണിനു മുന്നോടിയായി ഒരു ആഭ്യന്തര സീസൺ മുഴുവനായി വൈഭവ് സൂര്യവംശിക്കു മുന്നിലുണ്ട്. അതുകൊണ്ട് അടുത്ത ഐപിഎൽ സീസൺ വരെ കാത്തിരിക്കാനുള്ള ക്ഷമ നമുക്കു വേണം’ – ഗാവസ്‍കർ പറഞ്ഞു.
വൈഭവ് സൂര്യവംശിയുടെ പ്രഥമ സീസൺ മികച്ചതായിരുന്നുവെന്നും, ഇതോടെ വാനോളം ഉയർന്ന പ്രതീക്ഷകളെ അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് നിർണായകമായിരിക്കുമെന്നും ഗാവസ്കർ അഭിപ്രായപ്പെട്ടു.
‘‘തീർച്ചയായും വളരെ സ്ഫോടനാത്മകമായ അരങ്ങേറ്റ സീസണാണ് വൈഭവ് സൂര്യവംശിയുടേത്. ട്വന്റി20 ഫോർമാറ്റിൽ ഒരു അർധസെഞ്ചറി നേടുന്നതു പോലും വലിയ അംഗീകാരമാണ്. പക്ഷേ ഈ പതിനാലുകാരൻ 11 സിക്സും ഏഴു ഫോറും സഹിതം സെഞ്ചറി തന്നെ കുറിച്ചിരിക്കുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ പ്രതിഭയെ സംശയിക്കേണ്ട കാര്യമില്ല. പക്ഷേ, ഭാവിയിൽ തന്നെക്കുറിച്ചുള്ള പ്രതീക്ഷകളുടെ ഭാരം അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് പ്രധാനമായിരിക്കും’ – ഗാവസ്കർ ചൂണ്ടിക്കാട്ടി.
English Summary:








English (US) ·