Published: July 06 , 2025 07:12 PM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ അഞ്ചാം ഏകദിനത്തിൽ ഡബിൾ സെഞ്ചറിയാണു ലക്ഷ്യം വയ്ക്കുന്നതെന്ന് ഇന്ത്യയുടെ 14 വയസ്സുകാരൻ താരം വൈഭവ് സൂര്യവംശി. നാലാം ഏകദിനത്തിൽ 78 പന്തുകൾ നേരിട്ട സൂര്യവംശി 143 റണ്‍സടിച്ചു പുറത്തായിരുന്നു. തകർപ്പൻ സെഞ്ചറി നേട്ടത്തിനു പിന്നാലെയാണ് ഡബിൾ സെഞ്ചറി ലക്ഷ്യമിടുന്നതായി വൈഭവ് പ്രഖ്യാപിച്ചത്.
ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെ 52 പന്തിലാണു വൈഭവ് സെഞ്ചറിയിലെത്തിയത്. അണ്ടർ 19 പുരുഷ ക്രിക്കറ്റിലെ വേഗതയേറിയ സെഞ്ചറിയെന്ന റെക്കോർഡും ഇതോടെ വൈഭവ് സ്വന്തമാക്കിയിരുന്നു. നാലാം ഏകദിനത്തിൽ 55 റൺസ് വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ പരമ്പര 3–1ന് ഇന്ത്യ വിജയിച്ചു. ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ ബാറ്റിങ്ങാണു പ്രചോദനമാകുന്നതെന്നു വൈഭവ് മത്സര ശേഷം പ്രതികരിച്ചു. ഇന്ത്യ– ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിലെ ഗില്ലിന്റെ ഡബിൾ സെഞ്ചറി പ്രകടനം നേരിൽ കണ്ടതിനെക്കുറിച്ചും വൈഭവ് വ്യക്തമാക്കി.
‘‘ഞാൻ അദ്ദേഹത്തിന്റെ ബാറ്റിങ് നേരിൽ കണ്ടിട്ടുണ്ട്. 100 ഉം 200 ഉം നേടിയ ശേഷവും അദ്ദേഹം ടീമിനെ മുന്നോട്ടുകൊണ്ടുപോയി. അടുത്ത മത്സരത്തിൽ 200 റൺസടിക്കാൻ ശ്രമിക്കും. 50 ഓവറും ബാറ്റു ചെയ്യണമെന്നതാണ് എന്റെ ആഗ്രഹം. അതിനു വേണ്ടിയായിരിക്കും ഇനി പരിശ്രമിക്കുക. ഞാൻ നേടുന്ന ഓരോ റൺസും ടീമിനു നേട്ടമാകണം.’’
‘‘കഴിഞ്ഞ മത്സരത്തിൽ ഞാൻ പുറത്താകുമ്പോൾ 20 ഓവറോളം ബാക്കിയുണ്ടായിരുന്നു. അതു വലിയ സമയമാണ്. കുറച്ചുകൂടി സമയം ബാറ്റു ചെയ്യാമായിരുന്നു. ഞാൻ പുറത്തായ ഷോട്ടിൽ എന്റെ 100 ശതമാനം പുറത്തെടുക്കാൻ സാധിച്ചില്ല. അത് ഇനി സംഭവിക്കരുത്.’’– വൈഭവ് സൂര്യവംശി ബിസിസിഐയുടെ വിഡിയോയിൽ പ്രതികരിച്ചു.
English Summary:








English (US) ·