Published: November 30, 2025 08:07 PM IST
1 minute Read
റാഞ്ചി ∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ സെഞ്ചറി നേടിയതിനു പിന്നാലെ ഇന്ത്യൻ താരം വിരാട് കോലിയുടെ കാൽതൊട്ടു വണങ്ങി ആരാധകൻ. ഗ്രൗണ്ടിൽ ഉയർന്നുചാടിയാണ് കോലി സെഞ്ചറി നേട്ടം ആഘോഷിച്ചത്. പിന്നാലെ ഹെൽമറ്റും ഗ്ലൗസും ഊരി കഴുത്തിലെ മാലയിലിട്ടിരിക്കുന്ന വിവാഹമോതിരത്തിൽ ചുംബിച്ചു. അപ്പോഴാണ് ഒരു യുവ ആരാധകൻ ഗാലറിയിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലെത്തിയത്. കോലിയുടെ സമീപമെത്തിയതിനു ശേഷം ഇയാൾ കാലിൽ വീണു നമസ്കരിക്കുകയായിരുന്നു.
പിന്നാലെ ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ഇയാളെ പിടിച്ചുകൊണ്ടുപോയി. അപ്രതീക്ഷിത സംഭവത്തിൽ കോലിയും അന്തംവിട്ടെങ്കിലും സാഹചര്യത്തെ താരം സമന്വയത്തോടെ കൈകാര്യം ചെയ്തു. ആരാധകനെ കോലി പിടിച്ചെഴുന്നേൽപ്പിക്കുകയും ചെയ്തു. കോലിയുടെ തൊട്ടടുത്ത് ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ.രാഹുലുമുണ്ടായിരുന്നു. കോലിയുടെ സെഞ്ചറി നേട്ടത്തിനു പിന്നാലെ കയ്യടിച്ചു കൊണ്ട് ഡ്രസിങ് റൂമിൽ എഴുന്നേറ്റുനിന്ന രോഹിത് ശർമ, യശ്വസി ജയ്സ്വാൾ, ആർഷ്ദീപ് സിങ്ങും തുടങ്ങിയവരും സംഭവം പുഞ്ചിരിയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു.
ഏകദിന ഫോർമാറ്റിലെ 52–ാം സെഞ്ചറിയാണ് കോലി ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയത്. ഇതോടെ ക്രിക്കറ്റിന്റെ ഏതെങ്കിലുമൊരു ഫോർമാറ്റിൽ (ടെസ്റ്റ്, ഏകദിനം, ട്വന്റി20) ഏറ്റവും കൂടുതൽ സെഞ്ചറി നേടുന്ന താരമെന്ന റെക്കോർഡ് വിരാട് കോലിക്ക് സ്വന്തമാക്കി. 51 ടെസ്റ്റ് സെഞ്ചറികളുള്ള സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡാണ് കോലി മറികടന്നത്. രാജ്യാന്തര കരിയറിലെ 83–ാം സെഞ്ചറിയും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആറാം സെഞ്ചറിയും റാഞ്ചി സ്റ്റേഡിയത്തിലെ മൂന്നാം സെഞ്ചറിയുമാണ് കോലി നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് സെഞ്ചറികൾ വീതമുള്ള സച്ചിൻ തെൻഡുൽക്കറുടെയും ഡേവിഡ് വാർണറുടെയും റെക്കോർഡും കോലി മറികടന്നു.
English Summary:








English (US) ·