രാജ്കോട്ട് ∙ രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെയും ന്യൂസീലൻഡിന്റെയും ഇന്നിങ്സുകളിൽ ഒന്നു വീതം സെഞ്ചറിയും അർധസെഞ്ചറിയുമാണ് പിറന്നത്. എന്നാൽ ഇന്ത്യൻ ഇന്നിങ്സിൽ ഇല്ലാതിരുന്ന ഒരു കാര്യം ന്യൂസീലൻഡ് ബാറ്റിങ്ങിലുണ്ടായിരുന്നു; ഒരു സെഞ്ചറി പാർട്ണർഷിപ്. മൂന്നാം വിക്കറ്റിലെ ആ നിർണായക കൂട്ടുകെട്ടിന്റെ അടിത്തറയിൽനിന്നു കൊണ്ട് കിവീസ് വിജയം കെട്ടിപ്പടുക്കുകയും ചെയ്തു. രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ന്യൂസീലൻഡിന്റെ വിജയം. ഇന്ത്യ ഉയർത്തിയ 285 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡ് 47.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.
ഇന്ത്യയ്‌ക്കെതിരെ ഇന്ത്യയിൽ ന്യൂസീലൻഡ് പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. സെഞ്ചറി നേടിയ ഡാരിൽ മിച്ചൽ (117 പന്തിൽ 131*), അർധസെഞ്ചറി നേടിയ വിൽ യങ് (98 പന്തിൽ 87) എന്നിവരുടെ ഇന്നിങ്സാണ് കിവീസ് വിജയത്തിൽ നിർണായകമായത്. ഇന്ത്യയ്ക്കു വേണ്ടി കെ.എൽ.രാഹുൽ (92 പന്തിൽ 112*) നേടിയ സെഞ്ചറി പാഴായി. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1–1ന് ഇന്ത്യയും ന്യൂസീലൻഡും ഒപ്പത്തിനൊപ്പമെത്തി. ഇതോടെ 18ന് ഇൻഡോറിൽ നടക്കുന്ന അവസാന ഏകദിനം പരമ്പരയിലെ ‘ഫൈനൽ’ പോരാട്ടമാകും.
മറുപടി ബാറ്റിങ്ങിൽ, പവർപ്ലേയിൽ തന്നെ വിക്കറ്റ് വീണതോടെ.മികച്ച തുടക്കമാണ് ഇന്ത്യയ്ക്കു ലഭിച്ചത്. ആറാം ഓവറിൽ ഓപ്പണർ ഡെവൻ കോൺവേയെ (21 പന്തിൽ 16) ഹർഷിത് റാണ ക്ലീൻ ബോൾഡാക്കുകയായിരുന്നു. അപ്പോൾ ന്യൂസീലൻഡ് സ്കോർ 22ൽ എത്തിയതെ ഉണ്ടായിരുന്നുള്ളൂ. പവർപ്ലേയ്ക്കു തൊട്ടുപിന്നാലെ 13–ാം ഓവറിൽ മറ്റൊരു ഓപ്പണർ ഹെൻറി നിക്കോളാസിന്റെ (4 പന്തിൽ 10) വിക്കറ്റ് പ്രസിദ്ധ് കൃഷ്ണയും തെറിപ്പിച്ചതോടെ ഇന്ത്യയ്ക്ക് ഇരട്ടി സന്തോഷമായി. എന്നാൽ അവിടെനിന്ന് അങ്ങോട്ടാണ് ന്യൂസീലൻഡ് വിജയത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. മൂന്നാം വിക്കറ്റിൽ ഒന്നിച്ച വിൽ യങ്ങും ഡാരിൽ മിച്ചലും നിലയുറപ്പിച്ചതോടെ വിജയം ഇന്ത്യയിൽനിന്നു വഴുതി. ഇരുവരും ചേർന്ന് 162 റൺസാണ് കൂട്ടിച്ചേർത്തത്.
ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, ബോളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും വിക്കറ്റ് വീഴ്ത്താനായില്ല. 13–ാം ഓവറിൽ ഒന്നിച്ച ഇരുവരും 38–ാം ഓവറിലാണ് പിരിഞ്ഞത്. പക്ഷേ അപ്പോഴേയ്ക്കും കിവീസ് ഏറെക്കുറെ വിജയം ഉറപ്പിച്ചിരുന്നു. സെഞ്ചറിയിലേക്ക് കുതിച്ച വിൽ യങ്ങിനെ കുൽദീപ് യാദവാണ് നിതീഷ് കുമാറിന്റെ കൈകളിൽ എത്തിച്ചത്. തൊട്ടടുത്ത ഓവറിൽ ഡാരിൽ മിച്ചലിനെ മുഹമ്മദ് സിറാജ് വിക്കറ്റിനു മുന്നിൽ കുരുക്കിയെങ്കിലും റിവ്യൂവിൽ മിച്ചൽ ഔട്ടല്ലെന്നു തെളിഞ്ഞു. പിന്നീട് ഏകദിനത്തിലെ എട്ടാം സെഞ്ചറി നേടിയ ഡാരിൽ മിച്ചൽ, നാലാം വിക്കറ്റിലെ പങ്കാളി ഗ്ലെൻ ഫിലിപ്സുമായി (25 പന്തിൽ 32*) ചേർന്ന് ന്യൂസീലൻഡിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
∙രാജ്കോട്ടിൽ രാഹുലിന്റെ സെഞ്ചറി
ശുഭ്മൻ ഗിൽ തിരിച്ചെത്തിയപ്പോൾ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം തിരിച്ചു നൽകിയെങ്കിലും ടീമിനെ മുന്നിൽനിന്നു നയിക്കാനുള്ള ചുമതല കെ.എൽ.രാഹുൽ വിട്ടുനൽകിയില്ല. ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ കെ.എൽ.രാഹുലിന്റെ (92 പന്തിൽ 112*) സെഞ്ചറിയുടെയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ (53 പന്തിൽ 56) അർധസെഞ്ചറിയുടെയും ബാറ്റിങ് കരുത്തിലാണ് ഭേദപ്പെട്ട സ്കോർ ഇന്ത്യ എത്തിപ്പിടിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 284 റൺസെടുത്തത്. ഏകദിനത്തിലെ എട്ടാം സെഞ്ചറിയാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നിർണായകഘട്ടത്തിൽ ക്രീസിലെത്തിയ രാഹുൽ കുറിച്ചത്. 11 ഫോറും ഒരു സിക്സുമാണ് രാഹുലിന്റെ ബാറ്റിൽനിന്നു പിറന്നത്. 49–ാം ഓവറിൽ കൈൽ ജാമിസനെ സിക്സർ പറത്തിയാണ് രാഹുൽ സെഞ്ചറി തികച്ചത്.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 284 റൺസെടുത്തു. ന്യൂസീലൻഡിന് 285 റൺസ് വിജയലക്ഷ്യം. ഏകദിനത്തിലെ എട്ടാം സെഞ്ചറിയാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നിർണായകഘട്ടത്തിൽ ക്രീസിലെത്തിയ രാഹുൽ കുറിച്ചത്. 11 ഫോറും ഒരു സിക്സുമാണ് രാഹുലിന്റെ ബാറ്റിൽനിന്നു പിറന്നത്. 49–ാം ഓവറിൽ കൈൽ ജാമിസനെ സിക്സർ പറത്തിയാണ് രാഹുൽ സെഞ്ചറി തികച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശർമയും (38 പന്തിൽ 34) ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. ആദ്യ ഓവറുകളിൽ പതറിയെങ്കിലും പവർപ്ലേ അവസാനിക്കുമ്പോൾ ഇന്ത്യൻ സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ 57ൽ എത്തി. 11–ാം പന്തിലാണ് രോഹിത് ആദ്യ റൺ നേടിയത്. അക്കൗണ്ട് തുറക്കാൻ ഇത്രയും ബോളുകൾ രോഹിത് നേരിട്ടത് ഇതിനു മുൻപ് ഒരിക്കൽ മാത്രമാണ്. 2010ൽ സിംബാബ്‌വെയ്ക്കെതിരെ 13–ാം പന്തിലാണ് രോഹിത് ആദ്യ റൺസ് കുറിച്ചത്. എങ്കിലും പിന്നീട് നാല് ബൗണ്ടറികൾ താരം നേടി. 13–ാം ഓവറിൽ വിൽ യങ്ങിന്റെ കൈകളിൽ എത്തിച്ച് ക്രിസ്റ്റ്യൻ ക്ലാർക്കാണ് രോഹിത്തിനെ പുറത്താക്കിയത്. ഒന്നാം വിക്കറ്റിൽ രോഹിത്തും ഗില്ലും ചേർന്ന് 70 റൺസ് നേടി.
പിന്നാലെ ക്രീസിലെത്തിയത് മിന്നും ഫോമിലുള്ള വിരാട് കോലി. എന്നാൽ രണ്ടാം വിക്കറ്റിൽ 29 റൺസ് മാത്രമാണ് ഗിൽ–കോലി സഖ്യത്തിന് കൂട്ടിച്ചേർക്കാനായത്. തുടർച്ചയായ രണ്ടാം അർധസെഞ്ചറിയുമായി ഗിൽ ഫോം തെളിയിച്ചെങ്കിലും അധികം വൈകാതെ മടങ്ങുകയായിരുന്നു. ക്യാപ്റ്റൻ പിന്നാലെയെത്തിയ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും (17 പന്തിൽ 8) മടങ്ങിയതോടെ കഴിഞ്ഞ അഞ്ച് ഇന്നിങ്സുകളിലും മിന്നും ഫോമിലായിരുന്ന കോലിയിലായിരുന്നു പിന്നീട് ഇന്ത്യൻ പ്രതീക്ഷ. രണ്ട് ബൗണ്ടറികളുമായി കോലി സൂചന നൽകിയെങ്കിലും നീണ്ട ഇന്നിങ്സ് കളിക്കാൻ താരത്തിനായില്ല. 29 പന്തിൽ 23 റൺസെടുത്ത കോലിയെ ക്രിസ്റ്റ്യൻ ക്ലാർക്ക് ക്ലീൻ ബൗൾഡാക്കുകയായിരുന്നു.
അഞ്ചാം വിക്കറ്റിൽ ഒന്നിച്ച കെ.എൽ.രാഹുൽ– രവീന്ദ്ര ജഡേജ സഖ്യമാണ് ഇന്ത്യൻ ഇന്നിങ്സിനെ കൂട്ടത്തകർച്ചയിൽനിന്നു രക്ഷിച്ചത്. ഇരുവരും ചേർന്ന് 73 റൺസെടുത്തു. ക്ഷമയോടെ ബാറ്റു വീശിയ ഇരുവരും വിക്കറ്റു പോകാതെ കാത്തു. 44 പന്തിൽ 27 റൺസെടുത്ത രവീന്ദ്ര ജഡേജ, 39–ാം ഓവറിൽ വീണതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. അപ്പോഴേയ്ക്കും ഇന്ത്യൻ സ്കോർ 191ൽ എത്തിയിരുന്നു. എങ്കിലും മറുവശത്ത് കെ.എൽ.രാഹുൽ നിലയുറപ്പിക്കുകയായിരുന്നു. ജഡേജയ്ക്കു പിന്നാലെയെത്തിയ നിതീഷ് കുമാർ റെഡ്ഡി (21 പന്തിൽ 20), ഹർഷിത് റാണ (4 പന്തിൽ 2), മുഹമ്മദ് സിറാജ് (3 പന്തിൽ 2*) എന്നിവരെ കൂട്ടുപിടിച്ച് രാഹുൽ ഇന്ത്യൻ സ്കോർ 280 കടത്തുകയായിരുന്നു. 49–ാം ഓവറിലാണ് രാഹുലിന്റെ സെഞ്ചറി പിറന്നത്.
∙ ടോസ് നഷ്ടംടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ മൈക്കൽ മൈക്കൽ ബ്രേസ്‌വെൽ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പ്ലേയിങ് ഇലവനിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. പരുക്കേറ്റ് വാഷിങ്ടൻ സുന്ദറിനു പകരം നിതീഷ് കുമാർ റെഡ്ഡി ഇലവനിൽ സ്ഥാനം പിടിച്ചു. ഇതോടെ വാഷിങ്ടന് പകരക്കാരനായി സ്ക്വാഡിൽ എത്തിയ ബദോനിക്ക് അരങ്ങേറ്റത്തിന് അവസരം ലഭിച്ചില്ല. ന്യൂസീലൻഡ് ടീമിൽ ജെയ്ഡൻ ലെനോക്സ് പ്ലേയിങ് ഇലവനിലെത്തി.
English Summary:








English (US) ·