സെഞ്ചറിക്ക് പിന്നാലെ വിക്കറ്റും വീഴ്ത്തി വൈഭവ്, 233 റൺസിന്റെ വമ്പൻ ജയം; ദക്ഷിണാഫ്രിക്കയെ ‘വൈറ്റ്‌‍ വാഷ്’ അടിച്ച് ഇന്ത്യ

1 week ago 2

ബനോനി∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ യൂത്ത് ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ അണ്ടർ 19 ടീം. മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 233 റൺസിനു തോൽപ്പിച്ചാണ് ഇന്ത്യ സമ്പൂർണ ജയം സ്വന്തമാക്കിയത്. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ, നേരത്തെ തന്നെ പരമ്പര നേടിയിരുന്നു. മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ 394 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക, 35 ഓവറിൽ 160 റൺസിന് പുറത്താകുകയായിരുന്നു.

ക്യാപ്റ്റൻ വൈഭവ് സൂര്യവംശി ഉൾപ്പെടെ ഇന്ത്യയ്ക്കായി പന്തെടുത്തവരെല്ലാം വിക്കറ്റ് വീഴ്ത്തി. കിഷൻ കുമാർ സിങ് മൂന്നു വിക്കറ്റെടുത്തപ്പോൾ മലയാളിയായ മുഹമ്മദ് ഇനാൻ രണ്ടു വിക്കറ്റ് വീഴ്ത്തി. നേരത്തെ, ക്യാപ്റ്റൻ വൈഭവ് സൂര്യവംശിയുടെയും (74 പന്തിൽ 127) ഓപ്പണറായ മലയാളി ആരോൺ ജോർജിന്റെയും (106 പന്തിൽ 118) സെഞ്ചറിക്കരുത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ ഉയർത്തിയത്.

മറുപടി ബാറ്റിങ്ങിൽ, തുടക്കം മുതൽ ഇന്ത്യൻ ബോളർമാർ ആഞ്ഞടിച്ചതോടെ ദക്ഷിണാഫ്രിക്ക തകർന്നടിയുകയായിരുന്നു. മൂന്നാം ഓവറിൽ തന്നെ ഇരട്ടിപ്രഹരമേൽപ്പിച്ച് കിഷൻ കുമാർ സിങ് രണ്ടു വിക്കറ്റ് വീഴ്ത്തി. ആദ്യ അഞ്ച് ഓവറുകൾക്കുള്ളിൽ തന്നെ ദക്ഷിണാഫ്രിക്കയുടെ ആദ്യ നാലു വിക്കറ്റും വീണു.

പവർപ്ലേയ്ക്ക് തൊട്ടുപിന്നാലെ അഞ്ചാം വിക്കറ്റും വീണതോടെ 50/5 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക തകർന്നു. ആറാം വിക്കറ്റിലെയും ഏഴാം വിക്കറ്റിലെയും കൂട്ടുകെട്ടുകളാണ് അവരുടെ സ്കോർ 100 കടത്തിയത്. പോൾ ജെയിംസ് (41), ഡാനിയർ ബോസ്മാൻ (40), കോർൺ ബോത്ത (36), ജെയ്സൻ റൗൾസ് (19) എന്നിവർക്കൊഴികെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.

∙ വൈഭവ് ആരവം!ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 393 റൺസെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റൻ വൈഭവ് സൂര്യവംശിയുടെയും (74 പന്തിൽ 127) ഓപ്പണറായ മലയാളി ആരോൺ ജോർജിന്റെയും (106 പന്തിൽ 118) സെഞ്ചറിക്കരുത്തിലാണ് കൂറ്റൻ സ്കോർ ഉയർത്തിയത്. മറ്റൊരു മലയാളി താരമായ മുഹമ്മദ് ഇനാൻ 19 പന്തിൽ 28 റൺസെടുത്ത് പുറത്താകാതെ നിന്നു.

 X@BCCI

വൈഭവ് സൂര്യവംശി. Photo: X@BCCI

ബനോനിയിൽ നടന്ന മത്സരത്തിൽ 63 പന്തുകളിലാണ് വൈഭവ് സെഞ്ചറിയിലെത്തിയത്. മത്സരത്തിൽ 74 പന്തുകൾ നേരിട്ട വൈഭവ് 127 റൺസടിച്ചാണു പുറത്തായത്. 10 സിക്സുകളും ഒന്‍പതു ഫോറുകളും താരം ബൗണ്ടറി കടത്തിവിട്ടു. 91 പന്തുകളിൽ സെഞ്ചറി നേടിയ ആരോൺ ജോർജ് 118 റൺസെടുത്താണ് പുറത്തായത്. 16 ഫോറുകളാണ് ആരോണിന്റെ ബാറ്റിൽനിന്നു പിറന്നത്. ഓപ്പണിങ് വിക്കറ്റിൽ വൈഭവും ആരോണും ചേർന്ന് 227 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടും സൃഷ്ടിച്ചു. 2013ൽ അങ്കുഷ് ബെയിൻസും അഖിൽ ഹെർവാദ്കറും ചേർന്ന് നേടിയ 218 റൺസിന്റെ റെക്കോർഡാണ് ഇരുവരും തകർത്തത്.

നേരിട്ട ആദ്യ പന്തിൽ തന്നെ ഫോറടിച്ചാണ് വൈഭവ് ഇന്നിങ്സിനു തുടക്കമിട്ടത്. ഇന്ത്യൻ ക്യാപ്റ്റനു പിന്തുണയുമായി ആരോൺ ജോർജും ചേർന്നതോടെ ഇന്ത്യയ്ക്കു പിന്നീടു തിരിഞ്ഞുനോക്കേണ്ടിവന്നില്ല. വൈഭവ് വെടിക്കെട്ടിനു തിരികൊളുത്തിയതോടെ സ്റ്റേഡിയത്തിനു പുറത്തുപോയ പന്ത് എടുക്കാൻ വേണ്ടി കുറച്ചുനേരം കളി നിർത്തിവയ്ക്കേണ്ടിവന്നു. ആറാം ഓവറിൽ 50 കടന്ന ഇന്ത്യൻ സ്കോർ, 9–ാം ഓവറിൽ നൂറും കടന്നു.

കോർനെ ബോതയെ ബൗണ്ടറി കടത്തിയ വൈഭവ് 24 പന്തുകളിൽനിന്നാണ് അർധ സെഞ്ചറിയിലെത്തിയത്. പിന്നീടത്തെ 39 പന്തുകളിൽ താരം സെഞ്ചറി പിന്നിട്ടു. എട്ടു സിക്സുകളും ആറു ഫോറുകളുമാണ് 100 കടക്കാൻ വൈഭവ് അടിച്ചുകൂട്ടിയത്. യൂത്ത് ഏകദിനത്തിൽ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോർഡും പതിനാലുകാരൻ വൈഭവ് സ്വന്തമാക്കി.

മത്സരത്തിന്റെ 26–ാം ഓവറില്‍ എൻറ്റാൻഡോ സോണിയുടെ പന്തില്‍ വൈഭവ് പുറത്തായതോടെയാണ് കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീടെത്തിയ വേദാന്ത് ത്രിവേദിയുമായി (34) ചേർന്ന് ആരോൺ, അർധസെഞ്ചറി കൂട്ടുകെട്ടുണ്ടാക്കി. സെഞ്ചറിക്കു പിന്നാലെ 35–ാം ഓവറിലാണ് ആരോൺ പുറത്തായത്. പിന്നീടെത്തിയ ആർക്കും മികച്ച സംഭാവന നൽകാനായില്ല. അഭിഗ്യാൻ കുണ്ഡു (21), ഹർവൻഷ് പങ്കാലിയ (2), ആർ.എസ്.അംബരിഷ് (8), കനിഷ്ക് ചൗഹാൻ (10) എന്നിങ്ങനെയാണ് മധ്യനിര ബാറ്റർമാരുടെ സ്കോറുകൾ. എട്ടാം വിക്കറ്റിൽ മലയാളി മുഹമ്മദ് ഇനാൻ (19 പന്തിൽ 28*), ഹെനിൽ പട്ടേൽ (21 പന്തിൽ 19*) കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ 400ന് തൊട്ടടുത്തെത്തിച്ചത്.

English Summary:

India vs South Africa, Third Youth ODI Match Updates

Read Entire Article