Published: December 05, 2025 04:30 PM IST Updated: December 05, 2025 07:48 PM IST
1 minute Read
സിഡ്നി∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം മാത്യു ഹെയ്ഡനെ, ഇംഗ്ലിഷ് ബാറ്റർ ജോ റൂട്ട് വലിയ നാണക്കേടിൽനിന്ന് രക്ഷിച്ചെന്ന് ഹെയ്ഡന്റെ മകൾ ഗ്രേസ്. ജോ റൂട്ട് സമ്മറിൽ സെഞ്ചറി നേടിയില്ലെങ്കിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നഗ്നനായി നടക്കുമെന്ന് ഹെയ്ഡൻ മുൻപ് പറഞ്ഞിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ആഷസ് ടെസ്റ്റിൽ ജോ റൂട്ട് സെഞ്ചറി നേടിയതിനു പിന്നാലെയാണ് ഗ്രേസ്, ഹെയ്ഡന്റെ പഴയ വെല്ലുവിളി ചൂണ്ടിക്കാട്ടിയത്.
‘‘റൂട്ടിന് നന്ദി, നിങ്ങളാണ് ഞങ്ങളുടെയെല്ലാം കണ്ണുകളെ രക്ഷിച്ചത്.’’– ഇംഗ്ലിഷ് താരത്തിന്റെ സെഞ്ചറിക്കു പിന്നാലെ ക്രിക്കറ്റ് കമന്റേറ്റർ കൂടിയായ ഗ്രേസ് സമൂഹമാധ്യമത്തിൽ കുറിച്ചു.ഓസ്ട്രേലിയൻ മണ്ണിൽ ജോ റൂട്ടിന്റെ ആദ്യ സെഞ്ചറിയാണിത്. റൂട്ടിനെ അഭിനന്ദിച്ച് മാത്യു ഹെയ്ഡനും രംഗത്തെത്തി. 181 പന്തുകളിൽനിന്നാണ് ജോ റൂട്ട് സെഞ്ചറിയിലെത്തിയത്. ടെസ്റ്റിൽ താരത്തിന്റെ 40–ാം സെഞ്ചറിയാണിത്. ഓസ്ട്രേലിയയിൽ 30 ഇന്നിങ്സുകളെടുത്താണ് റൂട്ട് ഒരു സെഞ്ചറിയിലെത്തുന്നത്.
ഗാബ ടെസ്റ്റിന്റെ ആദ്യ ദിനം 206 പന്തുകൾ നേരിട്ട ജോ റൂട്ട് 138 റൺസെടുത്തു പുറത്താകാതെ നിന്നിരുന്നു. 15 ഫോറുകളും ഒരു സിക്സുമാണ് ജോ റൂട്ട് അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ട് താരം സാക് ക്രൗലി അർധ സെഞ്ചറി (93 പന്തിൽ 76) നേടി പുറത്തായി. ആദ്യ ഇന്നിങ്സിൽ 334 റൺസാണ് ഇംഗ്ലണ്ട് നേടിയത്.
English Summary:
Hayden's Daughter Grace Reacts After Joe Root Saves Great From 'Walking Nude In Melbourne' Dare








English (US) ·