Published: January 08, 2026 06:21 PM IST
2 minute Read
ന്യൂഡൽഹി ∙ വിജയ് ഹസാരെ ട്രോഫി എലൈറ്റിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചപ്പോൾ നോക്കൗട്ടിലേക്ക് മുന്നേറി വമ്പന്മാർ. ഗ്രൂപ്പ് എയിൽ കർണാടകയും മധ്യപ്രദേശും ക്വാർട്ടർ ഫൈനലിൽ കയറിയപ്പോൾ ഗ്രൂപ്പ് ബിയിൽ ഉത്തർപ്രദേശും വിദർഭയും ഗ്രൂപ്പ് സിയിൽ പഞ്ചാബും മുംബൈയും ഗ്രൂപ്പ് ഡിയിൽ ഡൽഹിയും സൗരാഷ്ട്രയും ക്വാർട്ടറിൽ പ്രവേശിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ചാംപ്യന്മാരായ ജാർഖണ്ഡ് പുറത്തായപ്പോൾ മഹാരാഷ്ട്ര, റെയിൽവേസ്, ബറോഡ, ബംഗാൾ, തുടങ്ങിയ ടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ വീണു. കേരളത്തിനും അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനായില്ല.
നിർണായ മത്സരത്തിൽ കർണാടകയെ തോൽപ്പിച്ചാണ് മധ്യപ്രദേശ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ആദ്യം ബാറ്റു ചെയ്തു കർണാടക 47.4 ഓവറിൽ 207 റൺസിന് ഓൾഔട്ടായപ്പോൾ മറുപടി ബാറ്റിങ്ങിൽ മധ്യപ്രദേശ് 23.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ വെങ്കടേഷ് അയ്യരാണ് (33 പന്തിൽ 65*) മധ്യപ്രദേശിനെ മുന്നിൽനിന്നു നയിച്ചത്. മധ്യപ്രദേശിന്റെ ജയത്തോടെ കേരളം ടൂർണമെന്റിൽനിന്നു പുറത്താകുകയും ചെയ്തു
ഗോവയ്ക്കെതിരെ മഹാരാഷ്ട്ര ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് (131 പന്തിൽ 134) സെഞ്ചറി നേടി. ഇതോടെ വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ ഏറ്റവുമധികം സെഞ്ചറി നേടിയതിൽ അങ്കിത് ബാവ്‌നെയുടെ റെക്കോർഡിനൊപ്പമെത്തി താരം. 57 ഇന്നിങ്സുകളിൽനിന്നായി 15 സെഞ്ചറികാണ് വിജയ് ഹസാരെ ട്രോഫിയിൽ ഋതുരാജിനുള്ളത്. ആദ്യം ബാറ്റു ചെയ്ത മഹാരാഷ്ട്രയെ 6ന് 52 എന്ന നിലയിൽനിന്ന് 50 ഓവറിൽ 7ന് 249 എന്ന സ്കോറിലേക്ക് എത്തിച്ചത് ഋതുരാജിന്റെ ഉജ്വല ബാറ്റിങ്ങാണ്. മറുപടി ബാറ്റിങ്ങിൽ ഗോവയുടെ ഇന്നിങ്സ്, 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 244 റൺസിൽ അവസാനിച്ചു. മഹാരാഷ്ട്രയ്ക്ക് 5 റൺസ് ജയം.
ബംഗാളിനെതിരെ ഉത്തർപ്രദേശ് താരം ധ്രുവ് ജുറേലും (96 പന്തിൽ 123) സെഞ്ചറി നേടി. ആദ്യം ബാറ്റു ചെയ്ത ബംഗാൾ 45.1 ഓവറിൽ 269 റൺസിന് ഓൾഔട്ടായി. 270 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ യുപിയെ സെഞ്ചറിയുമായി ധ്രുവ് ജുറേൽ തോളിലേറ്റുകയായിരുന്നു. 42.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ യുപി ലക്ഷ്യം കണ്ടു. ഓപ്പണർ ആര്യൻ ജുവൽ (56) യുപിക്കായി അർധസെഞ്ചറി നേടിയപ്പോൾ ക്യാപ്റ്റൻ റിങ്കു സിങ് 37 റൺസെടുത്ത് പുറത്താകാതെ നിന്നു. ബംഗാളിനായി മുഹമ്മദ് ഷമി ഒരു വിക്കറ്റ് വീഴ്ത്തി.
മറ്റൊരു ത്രില്ലർ പോരിൽ, മുംബൈയെ പഞ്ചാബ് ഒരു റൺസിനു വീഴ്ത്തി. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ്, 45.1 ഓവറിൽ 216 റൺസിനു പുറത്തായി. അർധസെഞ്ചറി നേടിയ രമൺദീപ് സിങ് (72), അൻമോൾപ്രീത് സിങ് (57) എന്നിവരാണ് പഞ്ചാബിനെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ അഭിഷേക് ശർമ വെറും എട്ടു റൺസെടുത്ത് പുറത്തായി. എന്നാൽ മറുപടി ബാറ്റിങ്ങിൽ, മുംബൈ, 26.2 ഓവറിൽ 215 റൺസിനു ഓൾഔട്ടാകുകയായിരുന്നു. തകർപ്പൻ അർധസെഞ്ചറി നേടിയ സർഫ്രാസ് ഖാൻ (20 പന്തിൽ 62), ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ (34 പന്തിൽ 45) എന്നിവർ മാത്രമാണ് മുംബൈ നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്. സൂര്യകുമാർ യാദവ് (15), ശിവം ദുബെ (12) എന്നിവർ തിളങ്ങിയില്ല. പഞ്ചാബിനായി മയാങ്ക് മാർക്കണ്ഡെയും ഗുർനൂർ ബ്രാറും നാല് വിക്കറ്റു വീതം വീഴ്ത്തി.
ചണ്ഡിഗഡിനെതിരെ ബറോഡ താരം പ്രിയാൻഷു മോലിയ (113) സെഞ്ചറി നേടിയപ്പോൾ ദേശീയ താരങ്ങളായ ഹാർദിക് പാണ്ഡ്യയും (31 പന്തിൽ 75), ജിതേഷ് ശർമയും (33 പന്തിൽ 73) തകർപ്പൻ അർധസെഞ്ചറി നേടി. 9 സിക്സും രണ്ടു ഫോറുമാണ് ഹാർദിക് അടിച്ചുകൂട്ടിയത്. ജിതേഷ് ശർമ നാല് സിക്സും എട്ടു ഫോറുമടിച്ചു. മൂവരുടെയും ബാറ്റിങ് കരുത്തിൽ ആദ്യം ബാറ്റു ചെയ്തു ബറോഡ, 391 റൺസെന്ന കൂറ്റൻ സ്കോർ കുറിച്ചപ്പോൾ, മറുപടി ബാറ്റിങ്ങിൽ ചണ്ഡിഗഡ്, 242 റൺസിന് ഓൾഔട്ടായി. ചണ്ഡിഗഡിനായി ശിവം ഭാംബ്രി സെഞ്ചറി നേടിയെങ്കിലും വിഫലമായി.
ഗുജറാത്തിനെതിരെ സൗരാഷ്ട്രയ്ക്കായി ഇറങ്ങിയ വെറ്ററൻ താരം രവീന്ദ്ര ജഡേജ അർധസെഞ്ചറിയും മൂന്നു വിക്കറ്റും നേടി തിളങ്ങി. മത്സരം സൗരാഷ്ട്ര 145 റൺസിനു വിജയിക്കുകയും ചെയ്തു. ഹരിയാനയ്ക്കെതിരെ മൂന്നു വിക്കറ്റ് നേടിയ ഇഷാന്ത് ശർമ പ്ലെയർ ഓഫ് ദ് മാച്ചായി.
English Summary:








English (US) ·