സെഞ്ചറിയടിച്ച് തിരിച്ചുവരവ് ആഘോഷമാക്കി മലയാളി താരം, സർഫറാസ് ഖാനും ധ്രുവ് ജുറേലിനും അർധ സെഞ്ചറി; ആദ്യ ദിനം 400 കടന്ന് ഇന്ത്യ എ

7 months ago 7

ഓൺലൈൻ ഡെസ്ക്

Published: May 30 , 2025 11:34 PM IST

1 minute Read

karun-nairjpg
സെഞ്ചറി നേടിയ കരു‍ൺ നായരുടെ ആഹ്ലാദം. Photo: X@BCCI

കാന്റർബറി∙ സെഞ്ചറിക്കരുത്തുമായി ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി മലയാളി താരം കരുൺ നായർ. ഒന്നാം ടെസ്റ്റിൽ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ലയൺസിനെതിരെ 90 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 409 റൺസെന്ന നിലയിലാണ് ഇന്ത്യ എ. 246 പന്തുകളിൽ 186 റൺസെടുത്ത കരുൺ നായർ പുറത്താകാതെ നിൽക്കുന്നു. ഒരു സിക്സും 24 ഫോറുകളുമാണു കരുണ്‍ നായർ ബൗണ്ടറി കടത്തിയത്. 104 പന്തിൽ 82 റൺസടിച്ച ധ്രുവ് ജുറേലും മികച്ച ഫോമിലാണ്.

സർഫറാസ് ഖാൻ (119 പന്തിൽ 92), യശസ്വി ജയ്സ്വാൾ (55 പന്തിൽ 24), ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ (17 പന്തിൽ എട്ട്) എന്നിവരാണ് ആദ്യ ദിവസം പുറത്തായ ഇന്ത്യൻ ബാറ്റർമാർ. സ്കോർ 12 ല്‍ നിൽക്കെ അഭിമന്യു ഈശ്വരനെ ഇന്ത്യയ്ക്കു നഷ്ടമായി. ജോഷ് ഹളിന്റെ പന്തിൽ താരം എൽബിഡബ്ല്യു ആകുകയായിരുന്നു. യശസ്വി ജയ്സ്വാളും വലിയ സ്കോർ കണ്ടെത്താനാകാതെ പുറത്തായതോടെ കരുൺ നായരും സർഫറാസ് ഖാനുമാണ് ഇന്ത്യയ്ക്കു കരുത്തായത്. 30.1 ഓവറിൽ 100 പിന്നിട്ട ഇന്ത്യ 51.1 ഓവറിൽ 200 കടന്നു. 

ജോഷ് ഹളിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജെയിംസ് റ്യൂ ക്യാച്ചെടുത്താണു സർഫറാസ് ഖാനെ പുറത്താക്കുന്നത്. പിന്നാലെയെത്തിയ ധ്രുവ് ജുറേലും തിളങ്ങിയതോടെ ഇന്ത്യൻ സ്കോർ 400 ഉം കടന്നു മുന്നേറി. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു.

ഇന്ത്യ എ പ്ലേയിങ് ഇലവൻ– യശസ്വി ജയ്സ്വാൾ, അഭിമന്യു ഈശ്വരൻ, കരുൺ നായര്‍, സർഫറാസ് ഖാൻ, ധ്രുവ് ജുറേൽ, നിതീഷ് കുമാർ റെ‍ഡ്ഡി, ഷാർദൂൽ ഠാക്കൂർ, ഹർഷ് ദുബെ, അൻഷുൽ കാംബോജ്, ഹർഷിത് റാണ, മുകേഷ് കുമാർ.

ഇംഗ്ലണ്ട് ലയൺസ് പ്ലേയിങ് ഇലവൻ– ടോം ഹെയിൻസ്, ബെൻ മക്നി, എമിലിയോ ഗേ, മാക്സ് ഹോൾ‍‍ഡൻ, ജെയിംസ് റ്യൂ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ഡാൻ മോസ്‍ലി, റെഹാൻ അഹമ്മദ്, സമൻ അക്തർ, എഡ്ഡി ജാക്, ജോഷ് ഹൾ, അജീത് സിങ് ഡേൽ.

English Summary:

England Lions vs India A First Unofficial Test Day One Updates

Read Entire Article