സെഞ്ചറിയിലേക്കുള്ള കുതിപ്പിൽ ഇംഗ്ലണ്ട് നായകനെ പുറത്താക്കി ബാറ്റിങ്ങിലെ പരാജയത്തിന് വൈഭവിന്റെ പരിഹാരം; ഇംഗ്ലണ്ട് 5ന് 230 റൺസ്

6 months ago 6

ലണ്ടൻ∙ ബാറ്റുകൊണ്ട് തിളങ്ങാനായില്ലെങ്കിലും സെഞ്ചറിയിലേക്ക് കുതിച്ച ഇംഗ്ലണ്ട് നായകനെ വീഴ്ത്തി വൈഭവ് സൂര്യവംശി ബോളിങ്ങിൽ കരുത്തുകാട്ടിയതോടെ, യൂത്ത് ടെസ്റ്റിന്റെ (ചതുർദിന മത്സരം) രണ്ടാം ദിനം ഇന്ത്യയ്ക്ക് മേൽക്കൈ. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 540 റൺസ് പിന്തുടരുന്ന ഇംഗ്ലണ്ട് അണ്ടർ 19 ടീം, രണ്ടാം  ദിനം കളി നിർത്തുമ്പോൾ 60 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 230 റൺസ് എന്ന നിലയിലാണ്. തോമസ് റ്യൂ മൂന്നു റൺസോടെയും ഏകാംശ് സിങ് അക്കൗണ്ട് തുറക്കാതെയും ക്രീസിൽ. അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യൻ സ്കോറിനേക്കാൾ 310 റൺസ് പിന്നിലാണ് ഇംഗ്ലണ്ട് യുവനിര.

152 പന്തിൽ 14 ഫോറും ഒരു സിക്സും സഹിതം 93 റൺസെടുത്ത റോക്കി ഫ്ലിന്റോഫാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. മുൻ ഇംഗ്ലണ്ട് താരം ആൻഡ്രൂ ഫ്ലിന്റോഫിന്റെ മകനാണ് റോക്കി. ക്യാപ്റ്റൻ ഹംസ ഷെയ്ഖ് 134 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 84 റൺസെടുത്തും പുറത്തായി. ഒരു ഘട്ടത്തിൽ സെഞ്ചറി കൂട്ടുകെട്ടുമായി ഇന്ത്യയ്ക്ക് ഭീഷണി ഉയർത്തിയ റോക്കി – ഹംസ കൂട്ടുകെട്ട് പൊളിച്ചത് വൈഭവ് സൂര്യവംശിയാണ്.

ഓപ്പണർ ആർക്കി വോൺ (നാലു പന്തിൽ രണ്ട്), ജയ്ഡൻ ഡെൻലി (28 പന്തിൽ 27), ബെൻ മയേഴ്സ് (23 പന്തിൽ 11) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ഇന്ത്യയ്ക്കായി ഹെനിൽ പട്ടേൽ 13 ഓവറിൽ 51 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. വൈഭവ് സൂര്യവംശിക്കു പുറമേ ദീപേഷ് ദേവേന്ദ്രൻ, വിഹാൻ മൽഹോത്ര എന്നിവരും ഓരോ വിക്കറ്റ് സ്വന്തമാക്കി.

∙ ബാസ്ബോൾ ശൈലിയിൽ ഇന്ത്യൻ യുവനിര

ഇംഗ്ലണ്ട് ടീം വിഖ്യാതമാക്കിയ ബാസ്ബോൾ ശൈലി കടമെടുത്ത് തകർത്തടിച്ചാണ് ആയുഷ് മാത്രെയും സംഘവും ഒന്നാം ഇന്നിങ്സിൽ 540 റൺസെടുത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യൻ അണ്ടർ 19 ടീം, 112.5 ഓവറിലാണ് 540 റൺസെടുത്തത്. 115 പന്തിൽ 14 ഫോറും രണ്ടു സിക്സും സഹിതം 102 റൺസെടുത്ത ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ആയുഷ് മാത്രെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇന്ത്യൻ നിരയിൽ നാലു പേർ അർധസെഞ്ചറിയും നേടി. ഇംഗ്ലണ്ടിനായി അലക്സ് ഗ്രീൻ, റാൽഫി ആൽബർട്ട് എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

ഏഴു വിക്കറ്റ് നഷ്ടത്തിൽ 450 റൺസുമായി രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക്, അർധസെഞ്ചറി പൂർത്തിയാക്കിയ ആർ.എസ്. അംബരീഷ് (124 പന്തിൽ 70), ഹെനൽ പട്ടേൽ (81 പന്തിൽ 38), ദീപേഷ് ദേവേന്ദ്രൻ (നാലു പന്തിൽ നാല്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്. അൻമോൽജീത് സിങ് 32 പന്തിൽ എട്ടു റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലിഷ് മണ്ണിലെ അത്ര പരിചിതമല്ലാത്ത സാഹചര്യങ്ങളിൽ 4.79 റൺറേറ്റിലായിരുന്നു ഇന്ത്യൻ താരങ്ങളുടെ റൺവേട്ട.

∙ വൈഭവ് മങ്ങി, മാത്രെ തിളങ്ങി

ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയം വൈഭവ് സൂര്യവംശിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഇന്ത്യൻ നിരയിൽ, വൈഭവ് നിറംമങ്ങിയിട്ടും ശേഷിക്കുന്നവർ അതേ ശൈലിയിൽ തകർത്തടിച്ചതോടെയാണ് മികച്ച സ്കോറിലേക്ക് കുതിച്ചത്. ഐപിഎലിൽ ഇത്തവണ വൈഭവ് സൂര്യവംശിക്കൊപ്പം ശ്രദ്ധ നേടിയ ചെന്നൈ സൂപ്പർ കിങ്സ് താരം ആയുഷ് മാത്രെയാണ് സെഞ്ചറിയുമായി ടീമിനെ മുന്നിൽനിന്ന് നയിച്ചത്. 115 പന്തിൽ 14 ഫോറും രണ്ടു സിക്സും സഹിതം ആയുഷ് നേടിയത് 102 റൺസ്.

മത്സരത്തിലെ ആദ്യ പന്തുതന്നെ ബൗണ്ടറി കടത്തി ബാറ്റിങ് തുടങ്ങിയ വൈഭവ് സൂര്യവംശി, അതേ ഓവറിൽ രണ്ടു ബൗണ്ടറി കൂടി നേടി നൽകിയ മിന്നുന്ന തുടക്കത്തിന്റെ തുടർച്ചയിലാണ് ഇന്ത്യൻ ടീം 450 റൺസിൽ എത്തിയത്. വൈഭവ് തൊട്ടുപിന്നാലെ 13 പന്തിൽ മൂന്നു ഫോറുകളോടെ 14 റൺസുമായി മടങ്ങിയെങ്കിലും, ആയുഷ് മാത്രെ അവസരത്തിനൊത്ത് ഉയർന്നത് ടീമിന് തുണയായി. ആയുഷിനൊപ്പം രണ്ടാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ട് തീർത്ത വിഹാൻ മൽഹോത്ര, 99 പന്തിൽ 9 ഫോറും ഒരു സിക്സും സഹിതം 67 റൺസെടുത്ത് മികച്ച സ്കോറിന് അടിത്തറയിട്ടു.

രണ്ടാം വിക്കറ്റിൽ 202 പന്തിൽ മാത്രെ – മൽഹോത്ര സഖ്യം അടിച്ചുകൂട്ടിയത് 173 റൺസാണ്. ഇരുവരും നാലു റൺസിന്റെ ഇടവേളയിൽ മടങ്ങിയെങ്കിലും, അഞ്ചാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ടുമായി രാഹുൽ കുമാർ – അഭിഗ്യാൻ കുണ്ഡു സഖ്യം ഇന്ത്യയെ വീണ്ടും മുന്നോട്ടു നയിച്ചു. രാഹുൽ കുമാർ 104.94 സ്ട്രൈക്ക് റേറ്റിൽ 81 പന്തിൽ 14 ഫോറും ഒരു സിക്സും സഹിതം നേടിയത് 85 റൺസ്. അഭിഗ്യാൻ 94.74 സ്ട്രൈക്ക് റേറ്റിൽ 95 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 90 റൺസുമെടുത്തു. ഇരുവർക്കും അർഹിച്ച സെഞ്ചറിയിലേക്ക് എത്താനായില്ലെങ്കിലും അഞ്ചാം വിക്കറ്റിൽ 160 പന്തിൽ അടിച്ചുകൂട്ടിയ 179 റൺസ് ഇന്ത്യയെ 385ൽ എത്തിച്ചു.

ഇവർക്കു ശേഷം വന്നവരിൽ മലയാളി താരം മുഹമ്മദ് ഇനാൻ 33 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 23 റൺസോടെയും കരുത്തുകാട്ടിയതോടെ ഇന്ത്യ 400 കടന്നു. ആർ.എസ്. അംബരീഷ് (124 പന്തിൽ 70), ഹെനൽ പട്ടേൽ (81 പന്തിൽ 38) എന്നിവർ എട്ടാം വിക്കറ്റിൽ 157 പന്തില് ‍82 റൺസും ഹെനിൽ പട്ടേൽ – അൻമോൽജീത് സഖ്യം ഒൻപതാം വിക്കറ്റിൽ 34 റൺസും കൂട്ടിച്ചേർത്തതോടെയാണ് ഇന്ത്യ കൂറ്റൻ സ്കോർ കുറിച്ചത്.

English Summary:

England Under 19 vs India Under 19, 1st Youth Test, Day 2 - Live Updates

Read Entire Article