സെഞ്ചറിയുമായി ഇഷാൻ, ഫിഫ്റ്റിയടിച്ച് പടിക്കലും കരുണും; ‘വെടിക്കെട്ട്’ നീട്ടാനാകാതെ വൈഭവ്; ഷമിക്ക് 3 വിക്കറ്റ്

3 months ago 3

ഓൺലൈൻ ഡെസ്‌ക്

Published: October 15, 2025 08:58 PM IST Updated: October 15, 2025 09:03 PM IST

1 minute Read

X/@Bihar_se_hai
രഞ്ജി ട്രോഫിയിൽ സെഞ്ചറി തികച്ച ജാർഖണ്ഡ് താരം ഇഷാൻ കിഷൻ. ചിത്രം:X/@Bihar_se_hai

മുംബൈ ∙ രഞ്ജി ട്രോഫിയിൽ തിളങ്ങി രാജ്യാന്തര ക്രിക്കറ്റ് താരങ്ങൾ. തമിഴ്‌നാടിനെതിരായ മത്സരത്തില്‍ ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍ ഇഷാന്‍ കിഷൻ സെഞ്ചറി നേടി. 183 പന്തില്‍ 125 റണ്‍സുമായി പുറത്താകാതെ നിൽക്കുന്ന ഇഷാൻ കിഷന്റെ കരുത്തിൽ, ആദ്യ ദിനം ആറു വിക്കറ്റ് നഷ്ടത്തിൽ 307 റൺസെന്ന നിലയിലാണ് ജാർഖണ്ഡ്. സഹില്‍ രാജ് (64*) ആണ് ഇഷാനൊപ്പം ക്രീസിൽ. രണ്ടു സിക്സും 14 ഫോറുമാണ് ഇഷാൻ അടിച്ചത്. തമിഴ്‌നാടിന് വേണ്ടി ഗുര്‍ജപ്‌നീത് സിങ് മൂന്നു വിക്കറ്റും ചന്ദ്രശേഖർ രണ്ടും മലയാളി താരം സന്ദീപ് വാര്യര്‍ ഒരു വിക്കറ്റും വീഴ്ത്തി.

സൗരാഷ്ട്രയ്ക്കെതിരായ മത്സരത്തിൽ കർണാടകയ്‌ക്കായി ദേവ്‌ദ‌ത്ത് പടിക്കൽ 91 റൺസും കരുൺ നായർ 73 റൺസും നേടി. 141 പന്തിൽ 11 ഫോറടക്കമാണ് പടിക്കലിന്റെ ഇന്നിങ്സ്. ഇന്ത്യൻ ടെസ്റ്റ് ടീമിൽനിന്നു പുറത്തായ കരുൺ നായരുടെ ഇന്നിങ്സിൽ 9 ഫോറാണ് പിറന്നത്. ക്യാപ്റ്റൻ മയാങ്ക് അഗർവാൾ രണ്ടു റൺസെടുത്ത് പുറത്തായി. ആദ്യ ദിനം അവസാനിക്കുമ്പോൾ 5ന് 295 റൺസെന്ന നിലയിലാണ് കർണാടക.

ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ വെറ്ററന്‍ താരം അജിന്‍ക്യ രഹാനെ നിരാശപ്പെടുത്തി. നന്നായി തുടങ്ങിയ താരം 27 റണ്‍സെടുത്ത് പുറത്തായി. 42 റൺസെടുത്ത സർഫ്രാസ് ഖാൻ റണ്ണൗട്ടായി. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചിന് 335 എന്ന നിലയിലാണ് മുംബൈ. മുംബൈയ്ക്കു വേണ്ടി സിദ്ദേശ് ലാഡ് (116) സെഞ്ചറി നേടി. ബംഗാളിനെതിരായ മത്സരത്തിൽ ഉത്തരാഖണ്ഡ് ആദ്യ ഇന്നിങ്സിൽ 213 റൺസിനു പുറത്തായി. ബംഗാളിനു വേണ്ടി സൂരജ് സിന്ധു ജയ്‌സ്വാൾ നാലു വിക്കറ്റും മുഹമ്മദ് ഷമി 3 വിക്കറ്റും നേടി. ആദ്യ ദിനം അവസാനിക്കുമ്പോൾ 1ന് 8 എന്ന നിലയിലാണ് ബംഗാൾ. അഭിമന്യു ഈശ്വരൻ സംപൂജ്യനായി പുറത്തായി.

അരുണാചൽ പ്രദേശിനെതിരെ മത്സരത്തിൽ ബിഹാറിന്റെ കൗമാര താരം വൈഭവ് സൂര്യവംശി, നന്നായി തുടങ്ങിയെങ്കിലും ഇന്നിങ്സിന്റെ ആയുസ് അധികം നീണ്ടില്ല. 5 പന്തിൽ ഒരു സിക്സും രണ്ടു ഫോറുമായി 14 റൺസെടുത്ത് വൈഭവ് പുറത്തായി. ഒന്നാം ദിനം അവസാനിക്കുമ്പോൾ 2ന് 282 റൺസെന്ന നിലയിലാണ് ബിഹാർ. അരുണാചൽ പ്രദേശ് ആദ്യ ഇന്നിങ്സിൽ 105 റൺസിനു പുറത്തായിരുന്നു. ബിഹാറിനിപ്പോൾ 178 റൺസ് ലീഡുണ്ട്.

English Summary:

Ranji Trophy performances item awesome scores from assorted players. Ishan Kishan shines with a century, portion Devdutt Padikkal and Karun Nair lend important runs successful their respective matches.

Read Entire Article