സെഞ്ചുറി നേടിയ ബ്രൂക്കും റൂട്ടും പുറത്ത്; കളിമുടക്കി മഴ, ഓവല്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

5 months ago 5

കെന്നിങ്ടണ്‍: ഓവല്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മഴ കാരണം നാലാം ദിവസത്തെ കളിയവസാനിപ്പിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെന്ന നിലയിലാണ്. മൂന്നു വിക്കറ്റ് മാത്രം ശേഷിക്കേ ജയത്തിലേക്ക് അവര്‍ക്കിനി 35 റണ്‍സ് കൂടി വേണം. തോളിന് പരിക്കേറ്റ ക്രിസ് വോക്സ് ബാറ്റിങ്ങിനെത്താന്‍ സാധ്യതയില്ലാത്തതിനാലാണിത്. ജാമി സ്മിത്തും (2*) ജാമി ഓവര്‍ട്ടണുമാണ് (0*) ക്രീസില്‍. അതിനിടെ 76-ാം ഓവറിനു ശേഷം മഴയും വെളിച്ചക്കുറവും കാരണം കളിനിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ മത്സരം അവസാന ദിവസത്തേക്ക് നീണ്ടു.

ഹാരി ബ്രൂക്കിന്റെയും ജോ റൂട്ടിന്റെയും സെഞ്ചുറികളും ഇരുവരുടെയും കൂട്ടുകെട്ടുമാണ് ഇംഗ്ലണ്ടിനെ മികച്ച നിലയിലെത്തിച്ചത്. എന്നാല്‍ ഇരുവരെയും പുറത്താക്കി ഇന്ത്യ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് അര്‍ധ സെഞ്ചുറി തികച്ച ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. 83 പന്തില്‍ നിന്ന് ആറു ബൗണ്ടറിയടക്കം 54 റണ്‍സെടുത്ത ഡക്കറ്റിനെ പ്രസിദ്ധ് കൃഷ്ണ സ്ലിപ്പില്‍ കെ.എല്‍ രാഹുലിന്റെ കൈയിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് ക്യാപ്റ്റന്‍ ഒലി പോപ്പും ജോ റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ട് സ്‌കോര്‍ 100 കടത്തി. പിന്നാലെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുകയായിരുന്ന പോപ്പിനെ മുഹമ്മദ് സിറാജ് വിക്കറ്റിനു മുന്നില്‍ കുടുക്കി.

എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച റൂട്ട് - ബ്രൂക്ക് സഖ്യം മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കി. നാലാം വിക്കറ്റില്‍ ഇരുവരും 195 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇംഗ്ലണ്ട് മത്സരത്തില്‍ മുന്‍തൂക്കം നേടിയിരുന്നു. ബ്രൂക്കായിരുന്നു കൂടുതല്‍ അപകടകാരി. 91 പന്തില്‍ സെഞ്ചുറി നേടിയ ബ്രൂക്ക് 98 പന്തില്‍ നിന്ന് രണ്ട് സിക്‌സും 14 ഫോറുമടക്കം 111 റണ്‍സെടുത്താണ് പുറത്തായത്.

അതിനിടെ 35-ാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ബ്രൂക്കിനെ ബൗണ്ടറി ലൈനിനരികില്‍ മുഹമ്മദ് സിറാജ് വിട്ടുകളഞ്ഞത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. വ്യക്തിഗത സ്‌കോര്‍ 19-ല്‍ നില്‍ക്കുമ്പോഴായിരുന്നു സിറാജിന്റെ പിഴവ്. പിന്നീട് 92 റണ്‍സ് കൂടി നേടിയ ശേഷമാണ് ബ്രൂക്ക് മടങ്ങിയത്. ആകാശ് ദീപിന്റെ പന്തില്‍ സിറാജ് തന്നെയാണ് പിന്നീട് ബ്രൂക്കിനെ പിടികൂടിയത്.

പിന്നാലെ ജോ റൂട്ട് സെഞ്ചുറി തികച്ചു. താരത്തിന്റെ 39-ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്. 152 പന്തില്‍ നിന്ന് 12 ബൗണ്ടറിയടക്കം 105 റണ്‍സെടുത്ത റൂട്ടിമെ മടക്കി പ്രസിദ്ധ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. ഇതിനിടെ ജേക്കബ് ബെത്തെല്‍ (5) പ്രസിദ്ധിന്റെ പന്തില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച് പുറത്തായി.

ഓപ്പണര്‍ സാക് ക്രോളിയെ (14) മൂന്നാം ദിനത്തിലെ അവസാന പന്തില്‍ മുഹമ്മദ് സിറാജ് പുറത്താക്കിയിരുന്നു.

Content Highlights: England pursuit 374, suffer Duckett (54) to Prasidh Krishna. India fights backmost connected Day 4

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article