നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിനെതിരേ വിദര്‍ഭ മികച്ച ലീഡിലേക്ക്. നാലാം ദിനം അവസാനിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ. അവര്‍ക്കിപ്പോള്‍ 286 റണ്‍സ് ലീഡായി. 132 റൺസോടെ കരുൺ നായരും ക്യാപ്റ്റൻ അക്ഷയ് വദ്കറുമാണ് (4) ക്രീസിൽ. ഒരുദിവസംമാത്രം ശേഷിക്കേ, കേരളത്തിന് മത്സരത്തിലേക്ക് തിരിച്ചുവരവ് ദുഷ്കരമാണ്.
ഒരു ഘട്ടത്തില്‍ രണ്ടിന് ഏഴു റണ്‍സെന്ന നിലയില്‍ പതറിയ വിദര്‍ഭയെ ഒന്നാം ഇന്നിങ്സിലെന്ന പോലെ ഒന്നിച്ച മാലേവര്‍ - കരുണ്‍ നായര്‍ സഖ്യമാണ് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി രക്ഷിച്ചത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 182 റണ്‍സിന്റെ കൂട്ടുകെട്ടാണ് വിദര്‍ഭയെ മത്സരത്തില്‍ പിടിമുറുക്കാന്‍ സഹായിച്ചത്. ഒടുവില്‍ 60-ാം ഓവറില്‍ മാലേവറിനെ പുറത്താക്കി അക്ഷയ് ചന്ദ്രനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 162 പന്തുകള്‍ നേരിട്ട് അഞ്ചു ബൗണ്ടറിയടക്കം 73 റണ്‍സെടുത്താണ് മാലേവര്‍ പുറത്തായത്. പിന്നാലെ യഷ് റാത്തോഡിനെ (24) ആദിത്യ സർവാതെ പുറത്താക്കി.
നേരത്തേ ഇന്നിങ്സിന്റെ തുടക്കത്തില്‍ തന്നെ വിദര്‍ഭയുടെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി കേരളം നന്നായി തുടങ്ങിയിരുന്നു. പാര്‍ഥ് രേഖാഡെ (1), ധ്രുവ് ഷോറെ (5) എന്നിവരാണ് പുറത്തായത്.
ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ പാര്‍ഥ് രേഖാഡെയുടെ കുറ്റി തെറിപ്പിച്ച് ജലജ് സക്‌സേനയാണ് കേരളത്തിന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ മൂന്നാം ഓവറില്‍ ഷോറെയെ നിധീഷ്, അസ്ഹറുദ്ദീന്റെ കൈകളിലെത്തിച്ചു. വിദര്‍ഭ പ്രതിരോധത്തിലായെന്ന ഘട്ടത്തില്‍ പക്ഷേ മാലേവര്‍ - കരുണ്‍ സഖ്യം രക്ഷയ്ക്കെത്തി. ഇതിനിടെ വ്യക്തിഗത സ്‌കോര്‍ 31-ല്‍ നില്‍ക്കേ കരുണിനെ ഏദന്‍ ആപ്പിള്‍ ടോമിന്റെ പന്തില്‍ സ്ലിപ്പില്‍ അക്ഷയ് ചന്ദ്രന്‍ കൈവിട്ടതും കേരളത്തിന് തിരിച്ചടിയായി.
വിദര്‍ഭയോട് ഒന്നാം ഇന്നിങ്‌സില്‍ കേരളം 37 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. വിദര്‍ഭയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 379 റണ്‍സ് പിന്തുടര്‍ന്ന കേരളം 342-ന് പുറത്തായി. മൂന്നിന് 131 എന്ന നിലയില്‍ മൂന്നാംദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് 235 റണ്‍സ് കൂട്ടിച്ചേര്‍ക്കാനേ ആയുള്ളൂ.
Content Highlights: Kerala strikes aboriginal successful the Ranji Trophy final, dismissing Vidarbha`s openers








English (US) ·