സെഞ്ചുറിയുമായി ​ഗിൽ, മുന്നൂറ് കടന്ന് ഇന്ത്യ

6 months ago 6

ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യൻ നായകൻ ശുഭ്മാൻ ​ഗില്ലിന് സെഞ്ചുറി. ​ഗില്ലിന്റെ ഇന്നിങ്സിന്റെ ബലത്തിൽ ഇന്ത്യ മികച്ച നിലയിലാണ്. ഒന്നാം ദിനം കളിയവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 310 റൺസെന്ന നിലയിലാണ് ഇന്ത്യ. യശസ്വി ജയ്‌സ്വാൾ അര്‍ധസെഞ്ചുറിയുമായി തിളങ്ങി. ഗില്ലും(114) രവീന്ദ്ര ജഡേജയുമാണ് (41)ക്രീസില്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് കെ.എല്‍. രാഹുലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. താരത്തിന് രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്. രണ്ടാം വിക്കറ്റില്‍ ജയ്‌സ്വാളും കരുണ്‍ നായരും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. സ്‌കോര്‍ 95-ല്‍ നില്‍ക്കേ കരുണ്‍ നായര്‍ പുറത്തായി. 31 റണ്‍സാണ് കരുണിന്റെ സമ്പാദ്യം.

പിന്നീട് ശുഭ്മാന്‍ ഗില്ലുമായി ചേര്‍ന്ന് ജയ്‌സ്വാള്‍ ഭേദപ്പെട്ട കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 150-കടത്തി. 87 റണ്‍സെടുത്ത ജയ്‌സ്വാളിനെ ബെന്‍ സ്‌റ്റോക്‌സ് പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ടീം 182-3 എന്ന നിലയിലായി. പിന്നീട് പന്തും ​ഗില്ലും ചേർന്നാണ് സ്കോറുയർത്തിയത്. സ്കോർ ഇരുന്നൂറ് കടന്നതിന് പിന്നാലെ പന്ത് പുറത്തായി. 25 റൺസാണ് പന്തെടുത്തത്. പിന്നാലെ നിതീഷ് കുമാർ റെഡ്ഡിയും വേ​ഗം കൂടാരം കയറി. ഒരു റൺ മാത്രമെടുത്ത താരത്തെ ക്രിസ് വോക്ക്സ് ബൗൾഡാക്കി.

പിന്നീട് ഗില്ലും രവീന്ദ്ര ജഡേജയുമാണ് ടീമിനെ കരകയറ്റിയത്. ഇരുവരും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. സ്കോർ 250-കടന്നു. ​പിന്നാലെ ​ഗിൽ സെഞ്ചുറിയും തികച്ചു. നിലവിൽ 310-5 എന്ന നിലയിലാണ് ഇന്ത്യ.114 റൺസുമായി ഗില്ലും 41 റൺസുമായി ജഡേജയുമാണ് ക്രീസിൽ. ഇം​ഗ്ലണ്ടിനായി ക്രിസ് വോക്ക്സ് രണ്ടുവിക്കറ്റ് എടുത്തു.

മൂന്ന് മാറ്റങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. നിതീഷ് റെഡ്ഡി, ആകാശ് ദീപ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു. പേസര്‍ ജസ്പ്രീത് ബുംറ കളിക്കുന്നില്ല. ജോലിഭാരം കണക്കിലെടുത്ത് താരത്തിന് വിശ്രമം അനുവദിച്ചു. യുവതാരം സായ് സുദര്‍ശനും ശാര്‍ദുല്‍ താക്കൂറും ടീമില്‍ നിന്ന് പുറത്തായി. പേസ് ബൗളിങ്ങിനെ അതിരറ്റ് തുണയ്ക്കുന്ന പിച്ചാണ് എഡ്ജ്ബാസ്റ്റണിലേത്.

അവസാന പത്ത് ടെസ്റ്റുകളിലെ കണക്ക് ഇക്കാര്യം വ്യക്തമാക്കുന്നു. പേസർമാർ 227 വിക്കറ്റാണ് തെറിപ്പിച്ചത്. സ്പിന്നർമാർക്ക് കിട്ടിയത് 53 വിക്കറ്റ് മാത്രം. എഡ്ജ്ബാസ്റ്റണിൽ ഇതുവരെ ടെസ്റ്റിൽ ജയിക്കാൻ ഇന്ത്യൻ ടീമിന് ആയിട്ടില്ല. ശുഭ്മാൻ ഗില്ലിനും സംഘത്തിനും ആദ്യജയമെന്ന നേട്ടം സ്വന്തമാകുമോയെന്നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ നോക്കിയിരിക്കുന്നത്.

ഇവിടെ കളിച്ച എട്ട് ടെസ്റ്റുകളിൽ ഏഴിലും ഇന്ത്യ തോറ്റു. 1986-ൽ നേടിയ സമനില മാത്രമാണ് വലിയ നേട്ടം. ആ വേദിയിൽ ആദ്യം കളിച്ച മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 92 റൺസിനാണ് പുറത്തായത്. 16 ഇന്നിങ്‌സുകളിൽ 300-ന് മുകളിൽ സ്കോർ ചെയ്തത് രണ്ടുതവണ മാത്രം. 390 റൺസാണ് ഇന്ത്യയുടെ ഉയർന്ന സ്കോർ. തിരിച്ചടികൾമാത്രം നേരിട്ട വേദിയിലേക്കാണ് ആദ്യമത്സരത്തിലെ തോൽവിയുടെ പ്രതിസന്ധിയിൽ ഇന്ത്യൻ ടീം കളിക്കാനിറങ്ങുന്നത്.

ഇന്ത്യന്‍ ടീം - യശസ്വി ജയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, ശുഭ്മാന്‍ ഗില്‍(ക്യാപ്റ്റൻ), ഋഷഭ് പന്ത്, കരുണ്‍ നായര്‍, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

ഇം​ഗ്ലണ്ട് ടീം - ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), സാക് ക്രോളി, ബെൻ ഡെക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജെയ്മി സ്മിത്ത്, ക്രിസ് വോക്സ്, ബ്രെണ്ടൻ കാർസ്, ജോഷ് ടങ്, ഷൊയ്ബ് ബഷീർ.

Content Highlights: England vs India 2nd Test unrecorded updates

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article