സെഞ്ചുറിയുമായി പടനയിച്ച് മാർക്രം, ഒപ്പം ബവുമയും; ദക്ഷിണാഫ്രിക്കയ്ക്ക് ജയത്തിലേക്ക് ഇനി 69 റൺസ് ദൂരം

7 months ago 7

ലോര്‍ഡ്സ്: ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ 282 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക വിജയത്തിനടുത്ത്. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെന്ന നിലയിലാണ് പ്രോട്ടീസ്. വിജയത്തിലേക്ക് അവര്‍ക്കിനി 69 റണ്‍സ് കൂടിയേ വേണ്ടൂ.

ഏയ്ഡന്‍ മാര്‍ക്രത്തിന്റെ സെഞ്ചുറിയും ക്യാപ്റ്റന്‍ ടെംബ ബവുമയുടെ അര്‍ധ സെഞ്ചുറിയുമാണ് പ്രോട്ടീസിന് തുണയായത്. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 143 റണ്‍സ് ചേര്‍ത്ത മാര്‍ക്രം - ബവുമ സഖ്യമാണ് കളി പ്രോട്ടീസിന് അനുകൂലമാക്കിയത്. 159 പന്തുകള്‍ നേരിട്ട മാര്‍ക്രം 102* റണ്‍സുമായും 121 പന്തുകള്‍ നേരിട്ട ബവുമ 65* റണ്‍സോടെയും ക്രീസിലുണ്ട്. കടുത്ത പേശീവലിവ് അനുഭവപ്പെട്ടിട്ടും ഒരു സെഷനിലേറെ സമയം ബാറ്റിങ് തുടര്‍ന്ന ബവുമ ദക്ഷിണാഫ്രിക്കയുടെ പോരാട്ടവീര്യത്തിന്റെ തെളിവായി.

282 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പ്രോട്ടീസിന് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ റയാന്‍ റിക്കെല്‍ട്ടണെ നഷ്ടമായിരുന്നു. ആറു റണ്‍സെടുത്ത താരത്തെ മിച്ചല്‍ സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. പിന്നാലെ രണ്ടാം വിക്കറ്റില്‍ മാര്‍ക്രം - വിയാന്‍ മള്‍ഡര്‍ സഖ്യം 61 റണ്‍സ് ചേര്‍ത്തതോടെ പ്രോട്ടീസ് ഇന്നിങ്സ് ട്രാക്കിലായി. 50 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത മള്‍ഡറെയും സ്റ്റാര്‍ക്കാണ് പുറത്താക്കിയത്.

നേരത്തേ രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് 207 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 136 പന്തുകള്‍ നേരിട്ട് 58 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പ്രതിരോധമാണ് ഓസീസിനെ ലോര്‍ഡ്‌സ് പിച്ചില്‍ മെച്ചപ്പെട്ട ലീഡിലേക്ക് നയിച്ചത്. അവസാന വിക്കറ്റില്‍ ജോഷ് ഹേസല്‍വുഡിനെ കൂട്ടുപിടിച്ച് സ്റ്റാര്‍ക്ക് 59 റണ്‍സ് ചേര്‍ത്തത് നിര്‍ണായകമായി. രണ്ട് ദിവസവും രണ്ട് സെഷനും ബാക്കിനില്‍ക്കേ ഫൈനല്‍ പോരാട്ടത്തിന് ഫലമുണ്ടാകുമെന്നുറപ്പായി. ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാദ നാലും ലുങ്കി എന്‍ഗിഡി മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

എട്ട് വിക്കറ്റിന് 144 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് അധികം വൈകാതെ രണ്ടു റണ്‍സെടുത്ത നേഥന്‍ ലയണിനെ നഷ്ടമായി. തുടര്‍ന്നായിരുന്നു 22 ഓവറുകളിലേറെ പിടിച്ചുനിന്ന സ്റ്റാര്‍ക്ക് - ഹേസല്‍വുഡ് കൂട്ടുകെട്ട്.

മത്സരത്തിന്റെ രണ്ടാം ദിനം 14 വിക്കറ്റുകളാണ് വീണത്. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന്റെ ആറ് വിക്കറ്റ് പ്രകടനത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്സ് 138 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇതോടെ ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് 74 റണ്‍സ് ലീഡ് നേടി.

ഒന്നാമിന്നിങ്സ് ലീഡിന്റെ ആവേശത്തിലിറങ്ങിയ ഓസ്ട്രേലിയയെ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ വിറപ്പിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലുങ്കി എന്‍ഗിഡിയും രണ്ട് വിക്കറ്റെടുത്ത കഗീസോ റബാഡയും പേസ്പടയെ നയിച്ചപ്പോള്‍ ഓസ്ട്രേലിയ എട്ടിന് 144 എന്ന നിലയിലാണ്. മാര്‍നെസ് ലബുഷെയ്ന്‍ (22), ഉസ്മാന്‍ ഖവാജ (ആറ്), കാമറൂണ്‍ ഗ്രീന്‍ (പൂജ്യം), സ്റ്റീവ് സ്മിത്ത് (13), ട്രാവിസ് ഹെഡ് (ഒമ്പത്), ബ്യൂ വെബ്സ്റ്റര്‍ (ഒമ്പത്), പാറ്റ് കമിന്‍സ് (ആറ്), അലക്സ് കാരി (43) എന്നിവര്‍ പുറത്തായി. അലക്സ് കാരിയുടെ ചെറുത്തുനില്‍പ്പാണ് ലീഡ് 200 കടത്തിയത്. കാരിയും മിച്ചല്‍ സ്റ്റാര്‍ക്കും (16) ചേര്‍ന്ന് 61 റണ്‍സ് കൂട്ടിചേര്‍ത്തു.

Content Highlights: Starc`s 58 helps Australia scope 207 successful the WTC final. South Africa needs 282 runs to win

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article