സെഞ്ചുറിയുമായി രോഹൻ കുന്നുമ്മൽ; 327 റൺസ് ലക്ഷ്യം ചേസ് ചെയ്ത് കേരളം, ഒമാനിൽ ടീമിന് വിജയത്തുടക്കം

9 months ago 7

22 April 2025, 12:05 PM IST

kerala-cricket-wins-oman-tour-opener

രോഹൻ കുന്നുമ്മൽ | Photo: KCA

മസ്‌കറ്റ്: ഒമാന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ഉജ്ജ്വല വിജയവുമായി കേരള ടീം. ഒമാന്‍ ചെയര്‍മാന്‍സ് ഇലവനെ നാല് വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്. ഒമാന്‍ ടീം ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ മറികടന്നായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ ചെയര്‍മാന്‍സ് ഇലവന്‍ 50 ഓവറില്‍ 326 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യത്തിലെത്തി. സെഞ്ചുറി നേടിയ രോഹന്‍ കുന്നുമ്മലിന്റെയും അര്‍ധ സെഞ്ചുറികള്‍ നേടിയ സല്‍മാന്‍ നിസാറിന്റെയും ഷോണ്‍ റോജറുടെയും ഇന്നിങ്‌സുകളാണ് കേരളത്തിന് ജയമൊരുക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ ടീമിന് ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കമാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ജതീന്ദര്‍ സിങ്ങും ആമിര്‍ കലീമും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടില്‍ 137 റണ്‍സ് പിറന്നു. ജതീന്ദര്‍ സിങ് 136 പന്തുകളില്‍ 150 റണ്‍സും ആമിര്‍ കലീം 68 പന്തുകളില്‍ 73 റണ്‍സും നേടി. എന്നാല്‍, ആമിര്‍ പുറത്തായതിന് ശേഷമെത്തിയ ഒമാന്‍ ബാറ്റര്‍മാര്‍ക്ക് വലിയ സ്‌കോര്‍ നേടാനായില്ല. ശക്തമായി തിരിച്ചുവന്ന കേരള ബൗളര്‍മാര്‍ ഒമാന്റെ സ്‌കോര്‍ 326-ല്‍ ഒതുക്കി. കേരളത്തിനുവേണ്ടി എം.ഡി. നിധീഷും ഏദന്‍ ആപ്പിള്‍ ടോമും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് രോഹന്‍ കുന്നുമ്മലും അഹ്‌മദ് ഇമ്രാനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. എന്നാല്‍, അഹ്‌മദ് ഇമ്രാനും മുഹമ്മദ് അസറുദ്ദീനും ഒരേ ഓവറില്‍ പുറത്തായി. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ രോഹന്‍ കുന്നുമ്മലും സല്‍മാന്‍ നിസാറും ചേര്‍ന്ന് നേടിയ 146 റണ്‍സാണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. തകര്‍ത്തടിച്ച ഇരുവരും ചേര്‍ന്ന് അനായാസം സ്‌കോര്‍ മുന്നോട്ട് നീക്കി. രോഹന്‍ 109 പന്തുകളില്‍ നിന്ന് 122 റണ്‍സെടുത്തു. 12 ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്‌സ്. സല്‍മാന്‍ നിസാര്‍ 87 റണ്‍സെടുത്തു. രോഹന് ശേഷമെത്തിയ ഷോണ്‍ റോജറുടെ പ്രകടനവും ശ്രദ്ധേയമായി. ഷോണ്‍ 48 പന്തുകളില്‍ നിന്ന് 56 റണ്‍സെടുത്തു. ലക്ഷ്യത്തോട് അടുക്കെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അക്ഷയ് മനോഹറും ഷറഫുദ്ദീനും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു. ഒമാന് വേണ്ടി ഹുസൈന്‍ അലി ഷാ നാല് വിക്കറ്റുകള്‍വീഴ്ത്തി.

Content Highlights: Kerala cricket squad wins Oman circuit opener with Rohan Kunnummal scoring a period and Salman Nizar

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article