Published: October 16, 2025 05:42 PM IST
1 minute Read
ദുബായ്∙ കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങൾക്കുള്ള ഐസിസി പുരസ്കാരം ഇന്ത്യൻ ഓപ്പണർമാരായ അഭിഷേക് ശർമയ്ക്കും സ്മൃതി മന്ഥനയ്ക്കും. ഏഷ്യാ കപ്പിലെ മികച്ച പ്രകടനമാണ് ഇന്ത്യയുടെ പുരുഷ ട്വന്റി20 ടീമിന്റെ ഓപ്പണറായ അഭിഷേക് ശർമയെ പുരസ്കാരത്തിന് അർഹനാക്കിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ വനിതാ ഏകദിന പരമ്പരയിലെ മികച്ച പ്രകടനം സ്മൃതിക്കു തുണയായി.
സെപ്റ്റംബറിൽ, ഏഴു മത്സരങ്ങളിൽനിന്ന് 44.85 ശരാശരിയിലും 200 സ്‌ട്രൈക്ക് റേറ്റിലും 314 റൺസാണ് അഭിഷേക് നേടിയത്. ഏഷ്യ കപ്പിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റായ താരം, ഇതുവരെയുള്ള ഏറ്റവും ഉയർന്ന പോയിന്റോടെ ട്വന്റി20 ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു. ഇന്ത്യയുടെ തന്നെ കുൽദീപ് യാദവ്, സിംബാബ്‍വെ താരം ബ്രയാൻ ബെന്നറ്റ് എന്നിവരെ മറികടന്നാണ് അഭിഷേക് പുരസ്കാരം സ്വന്തമാക്കിയത്.
‘‘ഐസിസി അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. ഏറ്റവും ദുഷ്‌കരമായ സാഹചര്യങ്ങളിൽ നിന്ന് വിജയങ്ങൾ നേടാൻ കഴിയുന്ന ഒരു ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ടി20യിൽ ഇന്ത്യയുടെ സമീപകാല ട്രാക്ക് റെക്കോർഡ്, ഞങ്ങളുടെ മികച്ച ടീം സംസ്കാരത്തെയും പോസിറ്റീവ് മനോഭാവത്തെയും സൂചിപ്പിക്കുന്നു.’’– അഭിഷേക് പറഞ്ഞു.
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടു സെഞ്ചറിയും ഒരു അർധസെഞ്ചറിയുമാണ് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായ സ്മൃതി മന്ഥന കുറിച്ചത്. 58, 117, 125 എന്നിങ്ങനെയായിരുന്നു താരത്തെ സ്കോറുകൾ. ഒരു ഇന്ത്യൻ ബാറ്ററുടെ വേഗതയേറിയ സെഞ്ചറി എന്ന നേട്ടവും സ്മൃതി ഈ പരമ്പരയിൽ സ്വന്തമാക്കി. മൂന്നാം മത്സരത്തിൽ 50 പന്തിൽനിന്നാണ് സ്മൃതി മൂന്നക്കം കടന്നത്.
‘‘ഇതുപോലുള്ള അംഗീകാരങ്ങൾ ഒരു ക്രിക്കറ്റ് താരമായി വളരാനും പരിണമിക്കാനും എന്നെ പ്രേരിപ്പിക്കുന്നു. എന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം.’’– മന്ഥന പറഞ്ഞു.
English Summary:








English (US) ·