Published: December 12, 2025 06:33 PM IST
1 minute Read
കൊച്ചി∙ സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് വേദിയൊരുങ്ങുന്നു. ഡിസംബർ 14ന് നടക്കുന്ന ആദ്യ സെമിയിൽ നിലവിലെ ചാംപ്യന്മാരായ കാലിക്കറ്റ് എഫ്സി തങ്ങളുടെ സ്വന്തം തട്ടകമായ ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സിയെ നേരിടും. ഡിസംബർ 15 ന് നടക്കുന്ന രണ്ടാം സെമിയിൽ കരുത്തരായ തൃശൂർ മാജിക് എഫ്സി, മലപ്പുറം എഫ്സി യുമായി തൃശൂർ കോർപറേഷന്‍ സ്റ്റേഡിയത്തിൽ കൊമ്പുകോർക്കും. സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ കാരണങ്ങളാലാണ് ആദ്യം നിശ്ചയിച്ച തീയതികളിൽ നിന്നു മത്സരങ്ങൾ മാറ്റിവെച്ചത്.
അടിസ്ഥാന സൗകര്യ വികസനത്തിലും ജനപങ്കാളിത്തത്തിലും മാത്രമല്ല, ഡിജിറ്റൽ ലോകത്തും കേരള ഫുട്ബോൾ വൻ വിപ്ലവമാണ് സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ സൃഷ്ടിച്ചിരിക്കുന്നത്. ഈ സീസണിലെ ഏറ്റവും വലിയ പ്രത്യേകത കേരളത്തിലെ ചരിത്രപരമായ വേദികളുടെ തിരിച്ചുവരവാണ്. കണ്ണൂരിലെ ജവഹർ മുനിസിപ്പൽ സ്റ്റേഡിയം, തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയം എന്നീ രണ്ട് പുതിയ വേദികൾ കൂടി ഇത്തവണ സൂപ്പർ ലീഗ് കേരളം വെറും പത്ത് മാസത്തിനുള്ളിൽ മത്സരങ്ങൾക്കായി സജ്ജമാക്കി. കൂടാതെ, ചരിത്രമുറങ്ങുന്ന എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട് അത്യാധുനിക രീതിയിൽ നവീകരിക്കാനും, മത്സരങ്ങൾ നടത്താനും എസ്എൽകെ അധികൃതർക്ക് സാധിച്ചു. ഇതോടെ കേരളത്തിലുടനീളമുള്ള ആറ് വേദികളിലായാണ് ലീഗ് മത്സരങ്ങൾ അഭിമാനകരമായി പൂർത്തിയാക്കിയത്.
ലീഗ് ഘട്ട മത്സരങ്ങളുടെ കണക്കുകൾ അമ്പരപ്പിക്കുന്നതാണ്. കേരളത്തിലെ 6 സ്റ്റേഡിയങ്ങളിലായി ഇതുവരെ 4,20,366 പേരാണ് സൂപ്പർ ലീഗ് കേരള മത്സരങ്ങൾ നേരിട്ട് കാണാൻ ഗാലറിയിലെത്തിയത്. സ്റ്റേഡിയങ്ങൾക്ക് പുറമെ ലൈവ് സ്ട്രീമിംഗിലും റെക്കോർഡ് മുന്നേറ്റമാണ് സൂപ്പർ ലീഗ് നടത്തിയത്. ആദ്യ സീസണിനെ അപേക്ഷിച്ച് തത്സമയ സംപ്രേക്ഷണിതിന്റെ കണക്കുകളിൽ വൻ വർധനവാണ് രണ്ടാം സീസണിൽ സൂപ്പർ ലീഗ് കേരളയ്ക്ക് നേടാനായത്.
‘‘പുതിയ വേദികളുടെ വരവോടുകൂടി സൂപ്പർ ലീഗ് കേരളയ്ക്ക് വൻ സ്വീകാര്യതയാണ് രണ്ടാം സീസണിൽ ലഭിച്ചത്, മലയാളികൾ അവരുടെ സ്വന്തം ലീഗായി സൂപ്പർ ലീഗ് കേരളയെ ഏറ്റെടുക്കുകയും, പ്രായഭേദമന്യേ എല്ലാവരും സ്റ്റേഡിയങ്ങളിലേക്ക് ഒഴുകിയെത്തി ഓരോ മത്സരങ്ങളും അവർ ഉത്സവമായി മാറ്റിയതിൽ ഞങ്ങൾ ഏറെ സന്തുഷ്ടരാണ്’’ സൂപ്പർ ലീഗ് കേരള, ഡയറക്ടർ മാത്യു ജോസഫ് പറഞ്ഞു.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ ലീഗിന്റെ വളർച്ചയും എടുത്തു പറയേണ്ടതാണ്. നിലവിൽ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി ഏകദേശം 15 കോടി കാഴ്ചക്കാരെ സ്വന്തമാക്കാൻ സൂപ്പർ ലീഗ് കേരളയ്ക്ക് സാധിച്ചു, അതിനോടൊപ്പം മറ്റ് സമൂഹ മാധ്യമ ചാനലുകളിലൂടെയും, അകെ 30 കോടി കാഴ്ചക്കാരെ നേടാനായി. ചുരുങ്ങിയ കാലയളവിനുള്ളിൽ, ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന മുൻനിര സ്‌പോർട്ടിങ് ലീഗുകളിൽ ഒന്നായി മാറാൻ സൂപ്പർ ലീഗ് കേരളയ്ക്കു സാധിച്ചു എന്നത് ഏറെ അഭിമാനകരമായ നേട്ടമാണ്.
‘‘കേരളത്തിൽ ഫുട്ബോൾ വളർത്തുന്നതിനോടൊപ്പം, ഫുട്ബോളുമായി ബന്ധപ്പെട്ട മറ്റു വ്യവസായങ്ങൾക്കും പുതു ജീവൻ നല്‍കാൻ സൂപ്പർ ലീഗ് കേരളയ്ക്കു സാധിച്ചു. ആരാധകരെ പോലെ ഞങ്ങളും വാശിയേറിയ സെമിഫൈനൽ മത്സരങ്ങൾക്കായി കാത്തിരിക്കുകയാണ്’’– സൂപ്പർ ലീഗ് കേരള മാനേജിങ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു.
English Summary:








English (US) ·