സെമിയിലും മുഖാമുഖം വന്നതോടെ ‘കുടുങ്ങിയ’ ഇന്ത്യയെ പരിഹസിച്ച് അഫ്രീദി; പൊരുതിനേടിയ സെമി തന്നെ ത്യജിച്ച് ഇന്ത്യൻ ‘സർജിക്കൽ സ്ട്രൈക്ക്’- വിഡിയോ

5 months ago 6

ലണ്ടൻ∙ ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ കളിക്കാനില്ലെന്ന നിലപാട് ആവർത്തിച്ച് ഇന്ത്യൻ വെറ്ററൻ താരങ്ങൾ പരമ്പരയിൽനിന്ന് പിൻമാറിയതിനു പിന്നിൽ പാക്കിസ്ഥാൻ ഷാഹിദ് അഫ്രീദിയുടെ പരിഹാസവും? ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്കരിച്ച് നിലപാട് വ്യക്തമാക്കിയ ഇന്ത്യൻ ടീമിന്, സെമി ലൈനപ്പ് പൂർത്തിയായപ്പോഴും എതിരാളികളായി വന്നത് പാക്കിസ്ഥാൻ. ഇതോടെ എന്തു തീരുമാനമെടുക്കണമെന്ന കാര്യത്തിൽ സന്നിഗ്ധ ഘട്ടത്തിലായിരുന്നു ടീം അധികൃതർ. ഇതിനിടെ ഇന്ത്യൻ ടീമിന്റെ അവസ്ഥയെ പരിഹസിക്കുന്ന അഫ്രീദിയുടെ വിഡിയോ കൂടി പ്രചരിച്ചതോടെയാണ് പൊരുതി നേടിയ സെമിഫൈനൽ സ്ഥാനം തന്നെ ത്യജിക്കുകയെന്ന തീരുമാനത്തിലേക്ക് എത്തിയത്.

വിരമിച്ച രാജ്യാന്തര താരങ്ങൾ മത്സരിക്കുന്ന വേൾഡ് ചാംപ്യൻഷിപ് ഓഫ് ലെജൻഡ്സിന്റെ സെമിയിൽ യുവരാജ് സിങ് നയിക്കുന്ന ഇന്ത്യ ചാംപ്യൻസ് ടീമിന് പാക്കിസ്ഥാൻ ചാംപ്യൻസായിരുന്നു എതിരാളികൾ. എന്നാൽ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച ഇന്ത്യൻ ടീം ഇന്നു നടക്കേണ്ട സെമി ഫൈനൽ മത്സരത്തിൽനിന്നു പിൻമാറുകയായിരുന്നു. ഇതോടെ പാക്കിസ്ഥാൻ ടീം നേരിട്ട് ഫൈനലിലുമെത്തി.

‘‘ഇനി ഇന്ത്യ ഞങ്ങൾക്കെതിരെ എങ്ങനെ കളിക്കുമെന്ന് അറിയില്ല. പക്ഷേ ഒടുവിൽ ഞങ്ങൾക്കെതിരെ തന്നെ കളിച്ചേ തീരൂ എന്ന അവസ്ഥയായി’ എന്നായിരുന്നു ഒരു ചടങ്ങിൽ അഫ്രീദിയുടെ പരാമർശം. ബർമിങ്ങാമിലെ ഒറു റസ്റ്ററന്റിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് അഫ്രീദി നടത്തിയ ഈ പരാമർശത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

നേരത്തേ ചാംപ്യൻഷിപ്പിന്റെ ഗ്രൂപ്പ് റൗണ്ടിലും പാക്കിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യൻ ടീമംഗങ്ങൾ തയാറായിരുന്നില്ല. ഇതോടെ സംഘാടകർ ആ മത്സരവും ഉപേക്ഷിച്ചിരുന്നു. യുവ്‍രാജ് സിങ് ക്യാപ്റ്റനായ ഇന്ത്യൻ ടീമിൽ ശിഖർ ധവാൻ, ഇർഫാൻ പഠാൻ, യൂസുഫ് പഠാൻ, ഹർഭജൻ സിങ്, സുരേഷ് റെയ്ന, റോബിൻ ഉത്തപ്പ തുടങ്ങിയ മുൻകാല സൂപ്പർ താരങ്ങളും മത്സരിക്കുന്നുണ്ട്. കഴിഞ്ഞദിവസം വെസ്റ്റിൻഡ‍ീസ് ചാംപ്യൻസ് ടീമിനെ തോൽപിച്ചാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്.

ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചിൽ നാലു മത്സരങ്ങളും ജയിച്ച് പാക്കിസ്ഥാൻ ഒന്നാം സ്ഥാനക്കാരായും, ഒരേയൊരു മത്സരം മാത്രം ജയിച്ച് ഇന്ത്യൻ ടീം നാലാം സ്ഥാനക്കാരായും സെമിയിലെത്തിയതോടെയാണ് ഇരു ടീമുകളും നേർക്കുനേർ വരുന്ന സാഹചര്യമുണ്ടായത്. ടൂർണമെന്റിൽ ഏറിയ പങ്കും അവസാന സ്ഥാനക്കാരായിരുന്ന ഇന്ത്യ, അവസാന ഗ്രൂപ്പ് മത്സരത്തിൽ വെസ്റ്റിൻഡീസിനെ 13.2 ഓവറിൽ തോൽപ്പിച്ചാണ് സെമിയിൽ ഇടംപിടിച്ചത്. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയെ 10 വിക്കറ്റിന് തകർത്ത് 9 പോയിന്റുമായി പാക്കിസ്ഥാൻ ഒന്നാമതെത്തിയതോടെയാണ്, നാലാം സ്ഥാനക്കാരായ ഇന്ത്യയുമായി സെമി പോരാട്ടത്തിന് അരങ്ങൊരുങ്ങിയത്. രണ്ടാം സെമിയിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.

ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽനിന്ന് ഇന്ത്യൻ ടീം പിൻമാറിയോടെ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ കടുത്ത വാക്പോരും ഉടലെടുത്തിരുന്നു. പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദി, ഇന്ത്യയുടെ പിൻമാറ്റത്തിന് നേതൃത്വം നൽകിയ ശിഖർ ധവാനെ ‘ചീമുട്ട’ എന്നു വിശേഷിപ്പിക്കുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിൽ പിൻമാറിയാലും സെമിയിലോ ഫൈനലിലോ പാക്കിസ്ഥാനോട് കളിക്കേണ്ടി വന്നാൽ എന്തു ചെയ്യുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, എന്തു സംഭവിച്ചാലും താൻ കളിക്കാനിറങ്ങില്ല എന്ന് ധവാൻ മറുപടി നൽകിയിരുന്നു.

English Summary:

Ex-Pakistan skipper Shahid Afridi takes brutal excavation arsenic WCL semifinal hangs successful balance

Read Entire Article