Published: September 06, 2025 03:20 AM IST Updated: September 06, 2025 09:51 AM IST
1 minute Read
ന്യൂയോർക്ക് ∙ യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസിൽ യാനിക് സിന്നർ– കാർലോസ് അൽകാരസ് ഫൈനൽ. രണ്ടാം സെമി ഫൈനലിൽ ഇറ്റാലിയൻ താരം യാനിക് സിന്നർ കാനഡയുടെ ഫെലിക്സ് ഓഷ്യെ അലിയാസിനെ കീഴടക്കി. സ്കോർ– 6–1,3–6, 6–3,6–4. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സിന്നർക്കെതിരെ രണ്ടാം സെറ്റ് കനേഡിയൻ താരം പൊരുതി ജയിച്ചിരുന്നു. പക്ഷേ മൂന്നും നാലും സെറ്റുകൾ പിടിച്ചെടുത്ത് ഇറ്റാലിയൻ യുവതാരം ഫൈനൽ ഉറപ്പിക്കുകയായിരുന്നു. ഈ വർഷം ഇതു മൂന്നാം ഗ്രാൻഡ്സ്‍ലാമിലാണ് രണ്ടു താരങ്ങളും ഫൈനലിൽ നേർക്കുനേർ വരുന്നത്. ആദ്യം റോളാങ് ഗാരോസിൽ അൽകാരസും വിംബിൾഡനിൽ സിന്നറും കിരീടം വിജയിച്ചിരുന്നു. ഞായറാഴ്ചയാണു ഫൈനൽ.
നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് കാർലോസ് അൽകാരസ് യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിലെത്തിയത്. 4–6, 6–7 (4–7), 2–6 എന്ന നിലയിലായിരുന്നു അൽകാരസിന്റെ ജയം. തുടക്കം മുതൽ മുന്നിട്ടു നിന്ന അൽകാരസ് 48 മിനിറ്റിൽ ആദ്യ സെറ്റ് സ്വന്തമാക്കി. ആദ്യ മൂന്നു ഗെയിമുകൾ സ്വന്തമാക്കി രണ്ടാം സെറ്റിൽ മികച്ച തിരിച്ചുവരവാണ് ജോക്കോവിച്ച് നടത്തിയത്. എന്നാൽ ശക്‌തമായി തിരിച്ചടിച്ച അൽകാരസ്, തുടർന്നുള്ള മൂന്നു ഗെയിമുകൾ സ്വന്തമാക്കി ഒപ്പമെത്തി. തുടർന്ന് 6 – 6 എന്ന നിലയിൽ ഒപ്പം പിടിച്ചതോടെ ടൈബ്രേക്കറിലേക്കു നീണ്ടു. ടൈബ്രേക്കറിൽ 4 – 7 എന്ന നിലയിൽ സെറ്റ് അൽകാരസ് സ്വന്തമാക്കി. മൂന്നാം സെറ്റിൽ അൽകാരസിനു മുന്നിൽ പിടിച്ചു നിൽകാനാകാതെ കീഴടങ്ങുന്ന ജോക്കോവിച്ചിനെയാണ് കണ്ടത്. രണ്ടിനെതിരെ ആറു ഗെയിമുകൾക്ക് സെറ്റ് സ്വന്തമാക്കിയ അൽകാരസ്, ഫൈനലും ഉറപ്പിച്ചു.
38 വയസ്സുകാരനായ ജോക്കോവിച്ച് കരിയറിലെ 25–ാം ഗ്രാൻഡ്സ്‍ലാം ലക്ഷ്യമിട്ടാണ് യുഎസ് ഓപ്പണിന് എത്തിയത്. ഒരു സീസണിലെ എല്ലാ ഗ്രാൻസ്‍ലാമുകളിലും ക്വാർട്ടർ ഫൈനലിലെത്തുന്ന പ്രായംകൂടിയ താരമെന്ന റെക്കോർഡ് ജോക്കോ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. പ്രീക്വാർട്ടറിൽ ജർമൻ താരം യാൻ ലിന്നാർഡ് സ്ട്രഫിനെ മറികടന്നാണ് (6-3, 6-3, 6-2) സെർബിയൻ താരം യുഎസ് ഓപ്പണിലെ തന്റെ 14–ാം ക്വാർട്ടർ ഫൈനലുറപ്പിച്ചത്. കൂടുതൽ വർഷങ്ങളിൽ സീസണിലെ എല്ലാ ഗ്രാൻസ്‍ലാമുകളിലും ക്വാർട്ടറിലെത്തിയതിന്റെ റെക്കോർഡും കഴിഞ്ഞ ദിവസം ജോക്കോവിച്ച് (9 തവണ) സ്വന്തമാക്കിയിരുന്നു. സ്വിസ് ഇതിഹാസം റോജർ ഫെഡററെയാണ് (8) ജോക്കോവിച്ച് മറികടന്നത്.
English Summary:








English (US) ·