Published: November 07, 2025 10:26 PM IST
1 minute Read
മുംബൈ∙ ഏകദിന വനിതാ ലോകകപ്പ് സെമി ഫൈനലിനു മുൻപ് ഇന്ത്യൻ ടീമിൽനിന്നു പുറത്തായെങ്കിലും വിജയികൾക്കുള്ള മെഡൽ തനിക്കും ലഭിക്കുമെന്ന് ഐസിസി ചെയര്‍മാൻ ജയ് ഷാ ഉറപ്പു നൽകിയതായി ഇന്ത്യൻ ഓപ്പണര്‍ പ്രതിക റാവൽ. ടൂർണമെന്റിനിടെ പരുക്കേറ്റ താരം ഇന്ത്യൻ ടീമിൽ നിന്നു പുറത്തായിരുന്നു. പ്രതിക റാവലിനു പകരം ലോകകപ്പ് ടീമിലെത്തിയ ഷെഫാലി വർമ ഫൈനലിൽ അടക്കം ഗംഭീര പ്രകടനമാണു നടത്തിയത്. ടീമിൽനിന്നു പുറത്തായെങ്കിലും പ്രതികയെ വീൽ ചെയറിൽ ഇരുത്തി ഇന്ത്യയുടെ വിജയാഘോഷത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നടന്ന വിരുന്നിലും ബിസിസിഐ പങ്കെടുപ്പിച്ചിരുന്നു.
അപ്പോഴും സ്വന്തമായി ലോകകപ്പ് മെഡൽ ലഭിക്കാത്തത് പ്രതികയ്ക്ക് നിരാശയായിരുന്നു. നിയമപ്രകാരം ലോകകപ്പിനിടെ ഒരു താരം ടീമിൽനിന്നു പുറത്തായാൽ, ആ താരത്തിന് വിജയികൾക്കുള്ള മെഡൽ ലഭിക്കില്ല. 15 അംഗ ടീമിനാണ് മെഡലുകൾ ലഭിക്കുക. ‘‘എനിക്കും മെഡൽ ലഭിക്കുമെന്ന് ജയ് ഷാ ഞങ്ങളുടെ മാനേജരെ അറിയിച്ചിരുന്നു. അവസാനം എനിക്കും ലോകകപ്പ് മെഡൽ ലഭിച്ചു. അതിലേക്കു നോക്കിയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ ഒരുപാട് കരയുന്ന ആളല്ല. പക്ഷേ ആ സമയത്ത് ശരിക്കും അതു സംഭവിച്ചുപോയി.’’– പ്രതിക റാവൽ മാധ്യമങ്ങളോടു പ്രതികരിച്ചു.
ലോകകപ്പിൽ ബംഗ്ലദേശിനെതിരായ മത്സരത്തിനിടെയാണ് പ്രതികയുടെ വലത് കാലിനു പരുക്കേൽക്കുന്നത്. ആറു മത്സരങ്ങളിൽനിന്ന് 308 റൺസുമായി തിളങ്ങിയ പ്രതിക, ഇന്ത്യയുടെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുണ്ട്. പരുക്കേറ്റതോടെ താരത്തിന് ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലും ഫൈനലും നഷ്ടമായി. ഒരു സെഞ്ചറിയും അർധ സെഞ്ചറിയും നേടിയ പ്രതികയുടെ ഇന്നിങ്സുകള്‍ സെമി ഫൈനൽ ഉറപ്പിക്കുന്നതിൽ ഇന്ത്യയ്ക്കു നിർണായകമായിരുന്നു. ഈ സാഹചര്യത്തിലാണ് ജയ് ഷാ ഇടപെട്ട് പ്രതികയ്ക്കും മെഡൽ ലഭ്യമാക്കിയത്.
English Summary:








English (US) ·