Published: October 01, 2026 06:17 PM IST Updated: October 01, 2026 08:28 PM IST
2 minute Read
നഗോയ ∙ സ്കിഫ് സെയിലിങ്ങിലും ഗുസ്തിയിൽ ഗ്രീക്കോ – റോമൻ വിഭാഗത്തിലും ‘അപൂർവ’ വെള്ളി നേടിയ ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് 12–ാം ദിനം. ഇതു കൂടാതെ മൂന്നു വെങ്കല മെഡലുകളും ഇന്ത്യ സ്വന്തമാക്കി. ഇതോടെ 10 സ്വർണവും 23 വെള്ളിയും 32 വെങ്കലവുമടക്കം ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 65 ആയി ഉയർന്നു. മെഡൽ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്താണ്.
What you should work next
മലയാളി താരങ്ങളായ പ്രിൻസ് കുരിശിങ്കൽ നോബിൾ, മനു ഫ്രാൻസിസ് സഖ്യമാണ് പന്ത്രണ്ടാം ദിനം ഇന്ത്യയ്ക്ക് ആദ്യമായി ആഘോഷിക്കാൻ വക നൽകിയത്. പുരുഷന്മാരുടെ സ്കിഫ് സെയിലിങ് മത്സരത്തിൽ ഇവർ വെള്ളി മെഡൽ നേടി. ഈ ഇനത്തിൽ വനിതാ വിഭാഗതത്ിൽ ഇന്ത്യയുടെ ഹർഷിത തോമർ, ശീതൾ വർമ സഖ്യം വെങ്കലവും നേടി. ദിവസത്തിന്റെ രണ്ടാം പകുതിയിൽ, ഗ്രീക്കോ റോമൻ ഗുസ്തിയിൽ 97 കിലോഗ്രാം വിഭാഗത്തിൽ നിതേഷ് സിവാച് വെള്ളി മെഡൽ സ്വന്തമാക്കി. ഫൈനലിൽ ജപ്പാന്റെ യൂരി നകാസാറ്റോയോടാണ് (0-4) താരം പരാജയപ്പെട്ടത്. ഇന്ത്യയ്ക്ക് ഗ്രീക്കോ റോമൻ ഇനങ്ങളിൽ വെള്ളി മെഡൽ ലഭിക്കുന്നത് വളരെ അപൂർവ്വമാണ്.
ഇതിനിടെ, പുരുഷ-വനിതാ സ്ക്വാഷ് ടീമുകൾ സെമിഫൈനൽ പോരാട്ടങ്ങളിൽ പരാജയപ്പെട്ട് വെങ്കല മെഡലുകളോടെ യാത്ര അവസാനിപ്പിച്ചു. വനിതാ ടീമിൽ അനാഹത് സിങ്, ജോഷ്ന ചിന്നപ്പ, തൻവി ഖന്ന, ഷമീന റിയാസ് എന്നിവരടങ്ങിയ സംഘം 1-2 ന് ഹോങ്കോങ്ങിനോട് പരാജയപ്പെട്ടു. സിംഗിൾസിൽ വെള്ളി മെഡൽ ജേതാവായ അനാഹത് സിങ് നാല് മാച്ച് പോയിന്റുകൾ കൈവിട്ടാണ് ലോക 25-ാം നമ്പർ താരം സിൻ യുക് ചാനോട് തോറ്റത് (11-9 11-8 6-11 11-13 10-12). പിന്നീട് തൻവി ഖന്ന മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും (1-3), വെറ്ററൻ താരം ജോഷ്ന ചിന്നപ്പ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെട്ടു. പുരുഷ സ്ക്വാഷ് ടീമിൽ അഭയ് സിങ്, വേലവൻ സെന്തിൽകുമാർ, വീർ ചോട്രാനി, സൂരജ് ചന്ദ് എന്നിവരടങ്ങിയ നിലവിലെ ചാംപ്യന്മാർ മലേഷ്യയോട് 1-2 ന് തോറ്റ് മൂന്നാം സ്ഥാനത്തായി.
കോമ്പൗണ്ട് ആർച്ചറിയിൽ 20 വയസ്സുകാരനായ ഗണേഷ് മണിരത്നം തിരുമുരു വിയറ്റ്നാം താരം കോങ് ഡക് ഡാങ്ങിനെ 149-144 ന് തോൽപ്പിച്ച് വെങ്കലം നേടി. സെമിഫൈനലിൽ ദക്ഷിണ കൊറിയയുടെ കിം ജോങ്ഹോയോട് 144-148ന് താരം പരാജയപ്പെട്ടിരുന്നു. ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീം സെമിഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഫൈനലിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 169/7 എന്ന ശക്തമായ സ്കോർ പടുത്തുയർത്തിയപ്പോൾ, ശ്രീലങ്കയെ വെറും 45 റൺസിന് ഇന്ത്യ ചുരുട്ടിക്കൂട്ടി. 46 പന്തിൽ പുറത്താകാതെ 80 റൺസ് നേടിയ ഇഷാൻ കിഷൻ, ക 2 വിക്കറ്റുകൾ വീതം വീഴ്ത്തിയ ജസ്പ്രീത് ബുമ്ര, അക്ഷർ പട്ടേൽ എന്നിവരാണ് വിജയം എളുപ്പമാക്കിയത്. ബംഗ്ലദേശിനെ തോൽപ്പിച്ച് ഫൈനലിലെത്തിയ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.ആവേശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെ 4-3 ന് പരാജയപ്പെടുത്തി ഇന്ത്യ പുരുഷ ഹോക്കി ഫൈനലിൽ പ്രവേശിച്ചു. മത്സരം അവസാനിക്കാൻ വെറും 45 സെക്കൻഡ് മാത്രം ബാക്കിനിൽക്കെ അഭിഷേക് നേടിയ ഫീൽഡ് ഗോളാണ് ഇന്ത്യയ്ക്ക് നാടകീയ വിജയം സമ്മാനിച്ചത്. ഫൈനലിൽ ദക്ഷിണ കൊറിയ - മലേഷ്യ മത്സരത്തിലെ വിജയികളെ ഇന്ത്യ നേരിടും.
ഗോൾഫിൽ മികച്ച പ്രകടനം പുറത്തെടുത്ത പ്രണവി അരസ് രണ്ടാം റൗണ്ടിൽ ഏഴ് അണ്ടർ 63 സ്കോർ ചെയ്ത് സിംഗപ്പൂരിന്റെ ഷാനൻ ടാന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ്. ഇതോടെ വനിതാ ടീം വെങ്കല മെഡൽ സ്ഥാനത്തേക്ക് (273 സ്കോറോടെ) ഉയർന്നു. ദീക്ഷാ ദാഗർ 21-ാം സ്ഥാനത്തും അദിതി അശോക് 25-ാം സ്ഥാനത്തുമാണ്. അതേസമയം, ടെന്നിസിൽ സുമിത് നാഗൽ ക്വാർട്ടർ ഫൈനലിൽ ചൈനയുടെ യിബിംഗ് വുവിനോട് (4-6, 4-6) പരാജയപ്പെട്ടു. ഇതോടെ 1986ന് ശേഷം ആദ്യമായി ഇന്ത്യൻ ടെന്നീസ് ടീം ഏഷ്യൻ ഗെയിംസിൽ മെഡലില്ലാതെ മടങ്ങേണ്ടി വന്നു. ജൂഡോ, സൈക്ലിങ്, ഷൂട്ടിങ് (അനീഷ് ഭൻവാല) ഇനങ്ങളിലും ഇന്ത്യയ്ക്ക് ഇന്ന് മെഡലുകൾ നേടാനായില്ല.
English Summary:
Asian Games 2026, Day 12 Live Updates






English (US) ·