Published: August 14, 2025 10:46 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ഏഷ്യാകപ്പ് ട്വന്റി20ക്കുള്ള ടീമിൽ ഉൾപ്പെടുത്തുമോ? ക്രിക്കറ്റ് ആരാധകർ ദിവസങ്ങളായി ഉന്നയിക്കുന്ന ചോദ്യത്തിനു മറുപടി നൽകാതെ ബിസിസിഐ സസ്പെൻസ് തുടരുകയാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 750 ൽ അധികം റണ്‍സടിച്ച്, പരമ്പര 2–2ന് സമനിലയിലാക്കിയ ഗില്‍ മികച്ച ഫോമിലാണ്. ഗില്ലിനെ ട്വന്റി20 ടീമിന്റെ വൈസ് ക്യാപ്റ്റനാക്കുമെന്നുവരെ നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുമ്പോൾ ഗില്ലിനെ ട്വന്റി20യിൽ കളിപ്പിക്കാൻ സിലക്ടർമാർക്കു താൽപര്യമില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
2024 ജൂലൈയിലാണ് ശുഭ്മൻ ഗിൽ ഇന്ത്യൻ ജഴ്സിയിൽ അവസാനമായി ട്വന്റി20 കളിച്ചത്. അതിനു ശേഷം ഇംഗ്ലണ്ട്, ബംഗ്ലദേശ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെ ഇന്ത്യ ട്വന്റി20 പരമ്പരകൾ കളിച്ചിരുന്നു. ഈ പരമ്പരകളിലൂടെ ‘സെറ്റായ’ ഒരു ട്വന്റി20 സ്ക്വാഡ് ഉണ്ടെന്നിരിക്കെ, അതിലേക്ക് ഗില്ലിനെ തിരുകിക്കയറ്റേണ്ടതില്ലെന്നാണ് സിലക്ഷൻ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകിയില്ലെങ്കിൽ ഒരു പക്ഷേ ഗില്ലിന് ട്വന്റി20 പ്ലേയിങ് ഇലവനിൽ സ്ഥാനം കണ്ടെത്തുക തന്നെ ബുദ്ധിമുട്ടാകും.
ഗില്ലിനെ ഉൾപ്പെടുത്തണമെങ്കിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ ഓപ്പണർ സ്ഥാനത്തുനിന്നു നീക്കേണ്ടിവരും. ട്വന്റി20യിലെ ഒന്നാം നമ്പർ ബാറ്ററായ അഭിഷേകിനെ താഴേക്കു വലിക്കുന്ന കാര്യം പോലും ബിസിസിഐ ചിന്തിക്കുന്നില്ല. തകർത്തടിക്കുന്ന സഞ്ജു– അഭിഷേക് കോംബോയെ ഏഷ്യാകപ്പ് പോലൊരു ടൂർണമെന്റിലും കളിപ്പിക്കാനാണ് സിലക്ടർമാർക്കും താൽപര്യം. വൺഡൗണിൽ യുവതാരം തിലക് വർമയുമുണ്ട്. ഗില്ലിനെ ഉൾപ്പെടുത്തിയാൽ, അതു മറ്റുള്ളവരോടു ചെയ്യുന്ന അനീതിയാകുമെന്നും ടീം മാനേജ്മെന്റിന് നിലപാടുണ്ട്.
കഴിഞ്ഞ ഐപിഎലിലെ ടോപ് സ്കോറർമാരിൽ നാലാം സ്ഥാനത്തെത്തിയിട്ടും ഗില്‍ ടീമിലുൾപ്പെടുന്നതു ബുദ്ധിമുട്ടാകാൻ കാരണവും ഈ പ്രതിഭാധാരാളിത്തമാണ്. 2025 ഐപിഎലിൽ 15 മത്സരങ്ങൾ കളിച്ച ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റൻ 156 സ്ട്രൈക്ക് റേറ്റിൽ 650 റൺസാണ് അടിച്ചുകൂട്ടിയത്. ആറ് അർധ സെഞ്ചറികളും ശുഭ്മൻ ഗിൽ ഐപിഎലില്‍ സ്വന്തമാക്കിയിരുന്നു. ഗില്ലിനു പുറമേ കഴിഞ്ഞ ഐപിഎലിൽ തകർത്തുകളിച്ച സായ് സുദർശനും ഏഷ്യാ കപ്പ് സ്ക്വാഡിൽ ഇടം ലഭിക്കാൻ സാധ്യതയില്ല.
English Summary:








English (US) ·