11 May 2025, 04:01 PM IST

ശ്രീനാഥ് ഭാസി | ഫോട്ടോ: നിദാദ് തടിയൻ ഫോട്ടോഗ്രഫി | മാതൃഭൂമി
സിനിമാ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്റെ പേര് ഉയര്‍ന്നുവരുന്നതില്‍ പ്രതികരണവുമായി നടന്‍ ശ്രീനാഥ് ഭാസി. ലഹരി ഉപയോഗിച്ചശേഷം ക്യാമറയുടെ മുന്നില്‍ വന്നുനിന്നാല്‍ ജോലി ചെയ്യാന്‍ പറ്റില്ലെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. മറ്റ് പണിയൊന്നുമില്ലാത്തവരും പ്രതിഫലം തരാന്‍ ബാക്കിയുള്ള നിര്‍മാതാക്കളുമാണ് തനിക്കെതിരായ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനാഥ് ഭാസി ആരോപിച്ചു.
'ജോലിയില്ലാത്തവരാണ് എനിക്കെതിരായ കഥകള്‍ ഇറക്കിവിടുന്നത്. ലഹരി അടിച്ചിട്ട് ക്യാമറയുടെ മുന്നില്‍ വന്നുനിന്നാല്‍ ഈ പണി ചെയ്യാന്‍ പറ്റുമോയെന്ന് എനിക്ക് സംശയമുണ്ട്. ആരോപണങ്ങളില്‍ അഭിപ്രായം പറയാനോ ചെവികൊടുക്കാനോ ഞാന്‍ നില്‍ക്കാറില്ല. അവ ശരിക്കും നിരാശപ്പെടുത്തുന്നതാണ്. ലഹരിയുമായി ചേര്‍ത്തുള്ള ആരോപണങ്ങള്‍ വ്യക്തിപരമായി ബാധിക്കുന്നുണ്ട്. എന്നെ ആക്രമിക്കാന്‍ എളുപ്പമാണെന്ന് കരുതുന്നു. ഞാന്‍ ഓടി നടന്ന് ലഹരിവില്‍പ്പന നടത്തുകയല്ലല്ലോ. അത് മനസിലാക്കാനുള്ള ബുദ്ധിയൊക്കെ എല്ലാവര്‍ക്കും ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്', ശ്രീനാഥ് ഭാസി പറഞ്ഞു.
'സെറ്റില്‍ ആദ്യമായി വൈകിവന്ന ആള്‍ ഞാനാണെന്ന് എനിക്ക് തോന്നുന്നില്ല. സ്ഥിരമായി ഒരു പടത്തിന് വൈകി പോയിക്കഴിഞ്ഞാല്‍ അത് നടക്കില്ല. ആളുകള്‍ പറയുന്നതും വിചാരിക്കുന്നതും ആലോചിച്ചിരുന്നാല്‍ എനിക്ക് ജോലി എടുക്കാന്‍ പറ്റില്ല. പ്രൊഫഷണലായി നിന്നില്ലെങ്കില്‍ പ്രൊഫഷനുണ്ടാവില്ല. എനിക്ക് പൈസ തരാനുള്ള നിര്‍മാതാക്കളും മറ്റുള്ളവരുമാണ് എന്നെക്കുറിച്ച് പറയുന്നത്. അനാവശ്യവിമര്‍ശനങ്ങളെ തലയില്‍ എടുക്കാതിരിക്കുക. ക്രിയാത്മക വിമര്‍ശനങ്ങളെ സ്വീകരിച്ച് മുന്നോട്ടുപോവുക എന്നതാണ് കാണുന്നത്', നടന്‍ വ്യക്തമാക്കി.
വലിയ സ്വീകാര്യത നേടി മഞ്ഞുമ്മല്‍ ബോയ്‌സ് തന്റെ ജീവതത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തോടും താരം പ്രതികരിച്ചു. 'എന്റെ ജീവിതം മാറ്റി. വിലക്കടക്കം ഒരുപാട് കാര്യങ്ങളുടെ ഇടയിലായിരുന്നു, എന്താണ്ട് കുഴിയില്‍ വീണ അവസ്ഥയില്‍നിന്ന് എന്നെ പൊക്കിക്കൊണ്ടുവന്ന പടമാണ്', ശ്രീനാഥ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Sreenath Bhasi refutes cause allegations, blaming jobless individuals and producers
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·