'സെറ്റിൽവെച്ച് നെഞ്ചുവേദന, ഷൂട്ടിന് ബുദ്ധിമുട്ടാവേണ്ടെന്ന് കരുതി ആശുപത്രിയിൽ പോയില്ല'

5 months ago 7

02 August 2025, 11:13 AM IST

kalabhavan navas vinod kovoor

വിനോദ് കോവൂർ, കലാഭവൻ നവാസ്‌ | Photo: Facebook/ Vinod Kovoor, Navas Kalabhavan

അന്തരിച്ച നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസിന് ഷൂട്ടിങ് സെറ്റില്‍വെച്ച് നെഞ്ചുവേദനയുണ്ടായിരുന്നതായി നടന്‍ വിനോദ് കോവൂര്‍. ഡോക്ടറെ വിളിച്ചുസംസാരിച്ചു. ഷൂട്ടിന് ബുദ്ധിമുണ്ടാവേണ്ടെന്ന് കരുതി ആശുപത്രിയില്‍ പോവാതെ അഭിനയത്തില്‍ മുഴുകിയെന്നും വിനോദ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഷൂട്ട് കഴിഞ്ഞശേഷം ആശുപത്രിയില്‍ പോവാമെന്ന് കരുതിയിട്ടുണ്ടാവുമെന്നും എന്നാല്‍ അതിനുമുമ്പ് 'രംഗ ബോധമില്ലാത്ത കോമാളി വന്ന് ജീവന്‍ തട്ടിയെടുത്തു'വെന്നും വിനോദ് കുറിച്ചു.

വിനോദ് കോവൂര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
നവാസ്‌ക്ക എന്തൊരു പോക്കാ ഇത്
വിവരം അറിഞ്ഞപ്പോള്‍ Fake quality ആവണേന്ന് ആഗ്രഹിച്ചു. പക്ഷെ...
കളമശ്ശേരി മോര്‍ച്ചറിയുടെ മുമ്പില്‍ വെച്ച് ഇന്നലെ രാത്രി 11 മണിക്ക് ചേതനയറ്റ ശരീരം കണ്ടപ്പോള്‍ ആദ്യം അഭിനയിച്ച് ഉറങ്ങുകയാണോന്ന് തോന്നി.
കവിളത്ത് തട്ടി നവാസ്‌ക്കാന്ന് വിളിച്ച് നോക്കി കണ്ണ് അല്പ്പം തുറന്ന് കിടന്നിരുന്നു അപ്പോള്‍, പ്രിയപ്പെട്ടവരെ മുഴുവന്‍ കാണാതെ ആ കണ്ണുകള്‍ അടയില്ല. ജീവനറ്റ ശരീരം മോര്‍ച്ചറിയിലേക്ക് കയറ്റിയതിന് ശേഷം വീട്ടിലേക്കുള്ള യാത്രയില്‍ നവാസ്‌ക്കയുടെ ഓര്‍മ്മകള്‍ മാത്രമായിരുന്നു. ചോറ്റാനിക്കര സിനിമാ സെറ്റില്‍ 5 മണി വരെ അഭിനയിച്ച് താമസിക്കുന്ന ഹോട്ടല്‍ റൂമില്‍ എത്തി യഥാര്‍ഥ ജീവിതത്തിലെ റോളും പൂര്‍ത്തിയാക്കി നവാസ്‌ക്ക കാലായവനികക്കുള്ളില്‍ മറഞ്ഞു.
ഇത്രയേയുള്ളു മനുഷ്യന്റെ കാര്യം
ഏത് നിമിഷവും പൊട്ടി പോകുന്ന ഒരു നീര്‍കുമിളയാണ് നമ്മുടെ ഓരോരുത്തരുടേയും ജീവന്‍.
സെറ്റില്‍ വെച്ച് നെഞ്ച് വേദനയുണ്ടായ് എന്നും ഡോക്ടറെ വിളിച്ച് സംസാരിച്ചെന്നും ഷൂട്ടിന് ബുദ്ധിമുട്ടാവണ്ടാന്ന് കരുതി ആശുപത്രിയില്‍ പോകാതെ അഭിനയ ജോലിയില്‍ മുഴുകി. ഷൂട്ട് കഴിഞ്ഞിട്ട് പോകാമെന്ന് കരുതിയിട്ടുണ്ടാകും പക്ഷെ. അപ്പഴേക്കും രംഗ ബോധമില്ലാത്ത കോമാളി വന്ന് ജീവന്‍ തട്ടിയെടുത്തു. വേദന വന്ന സമയത്തേ ഡോക്ടറെ പോയി കണ്ടിരുന്നെങ്കില്‍ എന്ന് ചിന്തിച്ച് പോയി. എങ്കിലുംകള്‍ക്ക് ഇവിടെ സ്ഥാനമില്ലല്ലോ. നവാസ്‌ക്കയുടെ സമയം വന്നു നവാസ്‌ക്ക പോയി അത്ര തന്നെ
കഴിഞ്ഞ അമ്മയുടെ കുടുംബ സംഗമത്തില്‍ പാട്ടുപാടിയും വ്യത്യസ്ഥ കോമഡി കാണിച്ചും എല്ലാവരുടെ പ്രശംസക്കും പാത്രമായിരുന്നു നവാസ്‌ക്ക ഞാന്‍ ഒന്ന് കെട്ടിപിടിച്ചോട്ടെന്ന് പറഞ്ഞ് കെട്ടിപിടിച്ചത് ഓര്‍ക്കുന്നു. ഒരുമിച്ച കുറേ സ്റ്റേജ് പ്രോഗ്രാമുകള്‍ അതിലുപരി ഒരു സഹോദര സ്‌നേഹമായിരുന്നു നവാസ്‌ക്കക്ക്. ഇനി നവാസ്‌ക്ക ഓര്‍മ്മകളില്‍ മാത്രം വിശ്വസിക്കാന്‍ പ്രയാസം. പടച്ചോന്‍ നവാസ് ക്കയുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ.
കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു. ഇന്നലെ രാത്രി മുഴുവന്‍ മോര്‍ച്ചറിയില്‍ കിടക്കേണ്ടി വന്നു ഇന്ന് പോസ്റ്റ് മാര്‍ട്ടം സഹിക്കാനാകുന്നില്ല നവാസ്‌ക്ക '
ഉച്ചക്ക് ശേഷം ആലുവയിലെ വീട്ടിലേക്ക് പോകണം ഒരു നോക്കു കൂടി കാണാന്‍
ശരിക്കും പേടിയാവുകയാണ് അമ്പത്തിയൊന്നാമത്തെ വയസിലാണ് നവാസ്‌ക്കയുടെ മരണം. ഒരു ഗ്യാരണ്ടിയുമില്ലാത്ത ജീവിതമാണ് നമ്മുടെ ഓരോരുത്തരുടേയും. വേഷം തീര്‍ന്നാല്‍ വേദി ഒഴിയണ്ടേ ആരായാലും.
പ്രണാമം

Content Highlights: Vinod Kovoor astir Kalabhavan Navas death

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article