സെലക്ടര്‍മാര്‍ 7 താരങ്ങളുടെ കരിയര്‍ തകര്‍ത്തു, ധോനിയെ പുറത്താക്കാന്‍ നോക്കി- യോഗ്‌രാജ്

7 months ago 6

ന്യൂഡല്‍ഹി: 2011 ഏകദിനലോകകപ്പ് വിജയത്തിന് പിന്നാലെ സെലക്ടര്‍മാര്‍ ഏഴ് ഇന്ത്യന്‍ താരങ്ങളുടെ കരിയര്‍ തകര്‍ത്തെന്ന് മുന്‍ ഇന്ത്യന്‍ താരം യോഗ്‌രാജ് സിങ്. അന്നത്തെ നായകനായിരുന്ന മഹേന്ദ്ര സിങ് ധോനിയെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ അത് നടന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 2011-ല്‍ ലോകകപ്പ് സംഘത്തിലെ മൂന്നുപേര്‍ മാത്രമാണ് 2015 ലെ ടീമില്‍ ഉള്‍പ്പെട്ടിരുന്നത്. ഇത് മുന്‍നിര്‍ത്തിയാണ് മുന്‍ താരത്തിന്റെ വിമര്‍ശനം.

ബിസിസിഐ സെലക്ടര്‍മാര്‍ താരങ്ങളുടെ കരിയര്‍ തകര്‍ത്തു. ഗൗതം ഗംഭീര്‍, യുവ്‌രാജ് സിങ്, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, മുഹമ്മദ് കൈഫ്, വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ കരിയറാണ് ഇല്ലാതാക്കിയത്. 2011 ലോകകപ്പിന് ശേഷം ടീമിനെ ഒന്നടങ്കം അവര്‍ തകര്‍ത്തു. ഏഴ് താരങ്ങളുടെ കരിയറാണ് നശിപ്പിച്ചത്. - യോഗ്‌രാജ് പറഞ്ഞു.

മഹേന്ദ്ര സിങ് ധോനിയെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ചീഫ് സെലക്ടറായിരുന്ന മൊഹീന്ദര്‍ അമര്‍നാഥ് ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ധോനിയുടെ കീഴില്‍ നമ്മള്‍ അഞ്ച് പരമ്പരകള്‍ തോറ്റുനില്‍ക്കുകയായിരുന്നു. അദ്ദേഹത്തെ മാറ്റുമെന്ന് മൊഹീന്ദര്‍ അമര്‍നാഥ് അറിയിക്കുകയും ചെയ്തു. അതായിരുന്നില്ല ശരിയായ വഴി. - യോഗ്‌രാജ് പറഞ്ഞു. എന്നാല്‍ ബിസിസിഐ പ്രസിഡന്റായിരുന്ന എന്‍ ശ്രീനിവാസന്‍ ഇടപെട്ട് ധോനിയെ നീക്കാനുള്ള തീരുമാനം തടഞ്ഞുവെന്നും യോഗ്‌രാജ് വ്യക്തമാക്കി.

ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ 2011 ഏകദിനലോകകപ്പില്‍ മുത്തമിട്ടത്. വാംഖഡെ സ്റ്റേഡിയത്തിലെ ജയത്തോടെ 28 വര്‍ഷം നീണ്ട കാത്തിരിപ്പിനും വിരാമമായി. എന്നാല്‍ ടീമിലെ പ്രധാനതാരങ്ങളൊന്നും 2015-ലെ ലോകകപ്പില്‍ കളിച്ചിരുന്നില്ല. വിരാട് കോലി, രവിചന്ദ്രന്‍ അശ്വിന്‍, ധോനി എന്നിവര്‍ മാത്രമാണ് 2015-ലെ ലോകകപ്പ് കളിച്ചത്. ഇത് മുന്‍നിര്‍ത്തിയാണ് യോഗ്‌രാജ് വിമര്‍ശനം ഉന്നയിച്ചത്.

Content Highlights: BCCI selectors wanted MS Dhoni sacked Careers of 7 players destroyed aft 2011 WC says Yograj

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article