Published: January 03, 2026 04:09 PM IST Updated: January 03, 2026 07:48 PM IST
1 minute Read
അഹമ്മദാബാദ് ∙ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ്, ബിസിസിഐ സെലക്ഷൻ കമ്മിറ്റിയുടെ വാതിലിൽ സെഞ്ചറിയുടെ കരുത്തോടെ ഒരാൾ മുട്ടിവിളിച്ചു– പേര് സഞ്ജു സാംസൺ. ടീമിന്റെ വാതിൽ തുറന്നില്ലെങ്കിലും ഏകദിന ഫോർമാറ്റിൽ തന്നെ തഴഞ്ഞവർക്ക് പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ ബാറ്റുകൊണ്ട് മറുപടി നൽകിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം താരം. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ ജാർഖണ്ഡിനെതിരെയാണ് സഞ്ജു സാംസണിന്റെ കിടിലൻ സെഞ്ചറി. സഞ്ജുവിന്റെയും ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെയും സെഞ്ചറിക്കരുത്തിൽ മത്സരം എട്ടു വിക്കറ്റിന് കേരളം ജയിച്ചു.
95 പന്തിൽ മൂന്നു സിക്സറുകളുടെയും 9 ഫോറുകളുടെയും അകമ്പടിയോടെ 101 റൺസാണ് സഞ്ജു അടിച്ചു കൂട്ടിയത്. 90 പന്തിലാണ് താരം സെഞ്ചറിയിലേക്ക് എത്തിയത്. സെഞ്ചറിക്കു തൊട്ടുപിന്നാലെ ശുഭം കുമാർ സിങ്ങാണ് സഞ്ജുവിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയത്. വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിലെ ഈ സീസണിൽ സഞ്ജുവിന്റെ ആദ്യ മത്സരമാണിത്.
78 പന്തിൽ 124 റൺസാണ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ അടിച്ചുകൂട്ടിയത്. 11 സിക്സും എട്ടു ഫോറുമാണ് താരത്തിന്റെ ബാറ്റിൽനിന്നു പിറന്നത്. സഞ്ജുവും രോഹനും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 212 റൺസാണ് കേരളത്തിനായി കൂട്ടിച്ചേർത്തത്. 26–ാം ഓവറിൽ രോഹനെ പുറത്താക്കി വികാസ് സിങ്ങാണ് കൂട്ടുകെട്ട് പൊളിച്ചത്.
ജാർഖണ്ഡ് ഉയർത്തിയ 312 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം, 43.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് വിജയത്തിലേക്ക് എത്തിയത്. രോഹനും സഞ്ജുവും പുറത്തായതിനു പിന്നാലെ ഒന്നിച്ച ബാബ അപരാജിത് (49 പന്തിൽ 41*), വിഷ്ണും വിനോദ് (33 പന്തിൽ 40*) എന്നിവർ കേരളത്തെ അനായാസം വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. കേരളത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. രാജസ്ഥാനെതിരായ കഴിഞ്ഞ മത്സരവും കേരളം വിജയിച്ചിരുന്നു. 6നു പുതുച്ചേരിക്കെതിരെയാണ് അടുത്ത മത്സരം.
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ജാർഖണ്ഡ്, നിശ്ചതി 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 311 റൺസെടുത്തത്. സെഞ്ചറി നേടിയ കുമാർ കുശാഗര (137 പന്തിൽ 143) ആണ് ജാർഖണ്ഡിന്റെ ടോപ് സ്കോറർ. അനുകുൽ റോയ് (72 പന്തിൽ 72) അർധസെഞ്ചറി നേടി. ക്യാപ്റ്റൻ ഇഷാൻ കിഷൻ 21 റൺസെടുത്ത് പുറത്തായി. കേരളത്തിനായി നിധീഷ് എം.ഡി നാല് വിക്കറ്റും ബാബ അപരാജിത് രണ്ടു ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി.
English Summary:








English (US) ·