Published: November 07, 2025 12:04 AM IST
1 minute Read
പനജി (ഗോവ) ∙ മുംബൈ സിറ്റി എഫ്സിയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് ഫുട്ബോളിൽ സെമി കാണാതെ പുറത്ത്. ഫറ്റോഡ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മുംബൈ സിറ്റിയുടെ ജയം. 88–ാം മിനിറ്റിൽ മുഹമ്മദ് സഹീഹിന്റെ സെൽഫ് ഗോളാണ് ബ്ലാസ്റ്റേഴ്സിനു പുറത്തേക്കുള്ള വഴിതുറന്നത്. രണ്ടു മത്സരം ജയിച്ച ബ്ലാസ്റ്റേഴ്സ് 6 പോയിന്റുമായാണ് മടങ്ങുന്നത്. മുംബൈയ്‌ക്കും 6 പോയിന്റാണെങ്കിലും നേർക്കുനേർ മത്സരത്തിൽ വിജയിച്ച മുംബൈ സെമിയിൽ ഇടംപിടിക്കുകയായിരുന്നു.
ടൂർണമെന്റിൽ ആദ്യമായി ആറു വിദേശ താരങ്ങളെ ഉൾപ്പെടുത്തിയാണ് പരിശീലകൻ ഡേവിഡ് കറ്റാല ടീമിനെ ഇറക്കിയത്. നിഹാൽ സുധീഷിന് പകരം തിയാഗോ ആൽവസ് ആദ്യ ഇലവനിൽ എത്തി. കളിയുടെ തുടക്കത്തിൽ ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചു. 4-ാം മിനിറ്റിൽ അഡ്രിയൻ ലൂണയുടെ പാസിൽ തിയാഗോ ആൽവസിന് ലഭിച്ച അവസരം ഗോളാക്കാനായില്ല. ബ്ലാസ്റ്റേഴ്സ് ആക്രമണം തുടർന്നെങ്കിലും മുംബൈ സിറ്റിയുടെ വല ചലിപ്പിക്കാനായില്ല. ആദ്യപകുതിയുടെ അവസാനം സന്ദീപ് സിങ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ രണ്ടാം പകുതിയിൽ പത്തു പേരുമായായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടം.
സമനില നേടിയാൽ സെമി ഫൈനൽ ഉറപ്പിക്കാം എന്നതിനാൽ രണ്ടാം പകുതിയിൽ പ്രതിരോധം കൂടുതൽ ശക്തമാക്കിയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ കളി. 88-ാം മിനിറ്റിൽ ബോക്സിനുള്ളിലേക്ക് വന്ന പന്ത് സന്ദീപ് സിങ്ങിന്റെ ദേഹത്തു തട്ടി സ്വന്തം വല ചലിച്ചതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾ തകർന്നു. അവസാന വിസിൽ വരെ ബ്ലാസ്റ്റേഴ്‌സ് പൊരുതി നോക്കിയെങ്കിലും സമനില നേടാനായില്ല.
English Summary:








English (US) ·