Published: May 25 , 2025 08:45 AM IST
1 minute Read
മുംബൈ ∙ 2022 ഡിസംബർ 10ന് തന്റെ സമൂഹ മാധ്യമ പേജിൽ കരുൺ നായർ ഇങ്ങനെയെഴുതി; പ്രിയ ക്രിക്കറ്റ്, എനിക്കൊരു അവസരം കൂടി തരൂ... ടെസ്റ്റ് ക്രിക്കറ്റിൽ 300 റൺസെന്ന കൊടുമുടി കയറി മികവ് തെളിയിച്ചിട്ടും ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയോടെ സെഞ്ചറികൾ നേടിയിട്ടും ദേശീയ ടീമിൽനിന്നു സ്ഥിരമായി തഴയപ്പെട്ട ഒരു താരത്തിന്റെ കണ്ണീരായിരുന്നു ആ വാക്കുകളിൽ.
ഒടുവിൽ 2979 ദിവസം നീണ്ട കാത്തിരിപ്പിനുശേഷം ബിസിസിഐ കരുണിനു നേരെ കണ്ണുതുറന്നു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള വിളിയെത്തിയപ്പോൾ പ്രതിഫലം കിട്ടിയത് കരിയറിൽ തിരിച്ചടികളിൽ പതറാതെ പോരാടിയ കരുണിന്റെ കഠിനാധ്വാനത്തിനാണ്.
വിരേന്ദർ സേവാഗിനുശേഷം ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചറി നേടുന്ന ഏക ഇന്ത്യക്കാരനായ കരുൺ നായർക്ക് കരിയറിൽ ഇതുവരെ 7 ടെസ്റ്റ് ഇന്നിങ്സുകളിൽ മാത്രമാണ് അവസരം ലഭിച്ചത്. 2016ൽ ഇംഗ്ലണ്ടിനെതിരെ കരിയറിലെ മൂന്നാം ടെസ്റ്റ് ഇന്നിങ്സിലായിരുന്നു കരുണിന്റെ ട്രിപ്പിൾ സെഞ്ചറി നേട്ടം (303). 2017 മാർച്ചിൽ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനുശേഷം കരുണിനു നേരെ സിലക്ടർമാർ പതിവായി കണ്ണടച്ചു.
ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തി ഫോം തെളിയിച്ചിട്ടും ആ നേട്ടങ്ങളെയെല്ലാം സിലക്ടർമാർ അവഗണിച്ചു. കഴിഞ്ഞവർഷം കൗണ്ടി ക്രിക്കറ്റിനായി ഇംഗ്ലണ്ടിലേക്കു പോയ കരുൺ അവിടെ ഇരട്ട സെഞ്ചറി നേടി വീണ്ടും മികവുകാട്ടി. ഈ സീസൺ വിജയ് ഹസാരെയിൽ തുടർച്ചയായി 4 സെഞ്ചറികൾ നേടിയ കരുണിനെ ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ടീമിലേക്കു പരിഗണിക്കാത്തതും ഏറെ വിമർശനങ്ങൾക്കു വഴിവച്ചിരുന്നു. ഒടുവിൽ 8 വർഷത്തിനുശേഷം കരുണിനെ ടെസ്റ്റ് ടീമിലേക്കു തിരിച്ചു വിളിച്ചാണ് അവഗണനകളുടെ പരമ്പരകൾക്ക് സിലക്ടർമാർ പ്രായശ്ചിത്തം ചെയ്യുന്നത്.
വിരാട് കോലിയുടെ വിരമിക്കലിലൂടെ ഇന്ത്യൻ മധ്യനിരയിലുണ്ടായ പരിചയ സമ്പത്തിന്റെ അഭാവം കൗണ്ടി ക്രിക്കറ്റ്ൽ മികച്ച റെക്കോർഡുള്ള മുപ്പത്തിമൂന്നുകാരൻ കരുണിലൂടെ മറികടക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം.
ശ്രേയസ് അയ്യരെയും സർഫറാസ് ഖാനെയും മറികടന്നാണ് ഇത്തവണ കരുണിനെ ടീമിലുൾപ്പെടുത്തിയത്. കരുണിന്റെ അച്ഛൻ എം.ഡി.കെ.നായർ പത്തനംതിട്ട മാലക്കര സ്വദേശിയും അമ്മ പ്രേമ കെ.നായർ ചെങ്ങന്നൂർ സ്വദേശിനിയുമാണ്.
English Summary:








English (US) ·