സേവാഗിന്റെ മൂത്ത മകനുവേണ്ടി ലേലത്തില്‍ പൊരിഞ്ഞ പോരാട്ടം, ആര്യവീറിന് ലക്ഷങ്ങള്‍ കിട്ടും; ഇളയ മകനെ ആരും വാങ്ങിയില്ല

6 months ago 6

ഓൺലൈൻ ഡെസ്ക്

Published: July 06 , 2025 08:34 PM IST

1 minute Read

 X/@mufaddal_vohra)
വീരേന്ദർ സേവാഗിന്റെ മക്കളായ വേദാന്തും ആര്യവീറും വിരാട് കോലിക്കൊപ്പം (ചിത്രത്തിന് കടപ്പാട്: X/@mufaddal_vohra)

ന്യൂഡൽഹി∙ ഡൽഹി പ്രീമിയർ ലീഗിനു മുന്നോടിയായുള്ള താരലേലത്തിൽ മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിന്റെ മൂത്തമകൻ ആര്യവീറിനെ സ്വന്തമാക്കാൻ ടീമുകളുടെ പോരാട്ടം. വാശിയേറിയ വിളികൾക്കൊടുവിൽ സെൻട്രൽ ഡൽഹി കിങ്സാണ് എട്ട് ലക്ഷം രൂപയ്ക്ക് ആര്യവീറിനെ വാങ്ങിയത്. അതേസമയം സേവാഗിന്റെ ഇളയ മകൻ വേദാന്ത് സേവാഗിനെ ആരും വാങ്ങിയില്ല. ഡൽഹിക്കു വേണ്ടി അണ്ടർ 19 കളിക്കുന്ന താരമാണ് ആര്യവീർ.

2024ൽ മേഘാലയയ്ക്കെതിരെ 297 റൺസെടുത്ത് ആര്യവീർ വാർത്തകളിൽ ഇടം നേടിയിരുന്നു. സേവാഗിന്റെ ഉയർന്ന ടെസ്റ്റ് സ്കോറായ 319 റൺസ് ആര്യവീർ പിന്നിട്ടിരുന്നെങ്കിൽ താരത്തിന് ഫെറാറി കാർ സമ്മാനിക്കുമായിരുന്നെന്ന് വീരേന്ദർ സേവാഗ് അന്നു പ്രതികരിച്ചിരുന്നു. പേസ് ബോളറായ സിമര്‍ജീത് സിങ്ങാണ് ലേലത്തിലെ വിലയേറിയ താരം. 39 ലക്ഷം രൂപയ്ക്ക് സെൻട്രൽ ഡൽഹി കിങ്സാണ് സിമർജീതിനെ സ്വന്തമാക്കിയത്. 2025 ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു സിമർജീത് സിങ്. ചെന്നൈ സൂപ്പർ കിങ്സിലും മുംബൈ ഇന്ത്യൻസിലും സിമർജീത് മുൻപ് കളിച്ചിട്ടുണ്ട്.

ആഭ്യന്തര ക്രിക്കറ്റിൽ ഡല്‍ഹിക്കുവേണ്ടി കളിക്കുന്ന നിതീഷ് റാണ, വെസ്റ്റ് ഡൽഹി ലയൺസ് ടീമിൽ ഇറങ്ങും. ഐപിഎലിൽ രാജസ്ഥാൻ റോയൽസ് താരമായിരുന്ന റാണയ്ക്ക് 34 ലക്ഷം രൂപയാണ് ഡൽഹി ലീഗിൽ ലഭിക്കുക. വെറ്ററന്‍ താരം ഇഷാന്ത് ശർമ 13 ലക്ഷത്തിന് വെസ്റ്റ് ഡൽഹി ലയണ്‍സില്‍ കളിക്കും.

Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് X@MuffadalVohra എന്ന അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

English Summary:

Virender Sehwag's Elder Son Aaryavir Hits Jackpot At DPL Auction

Read Entire Article