22 September 2025, 12:22 AM IST
.jpg?%24p=8696658&f=16x10&w=852&q=0.8)
ഇന്ത്യൻ താരങ്ങൾ | AP
ന്യൂഡല്‍ഹി: ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടത്തിലും പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യ. ഏതുവിധേനയും ഇന്ത്യയെ തോൽപ്പിക്കാൻ തയ്യാറെടുപ്പോടെയാണ് പാകിസ്താൻ എത്തിയത്. കടുത്ത പരിശീലനത്തിനൊപ്പം സമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനായി ഒരു സൈക്കോളജിസ്റ്റിനെയടക്കം ടീം നിയമിച്ചു. മത്സരത്തിന് മുമ്പ് പാകിസ്താന്‍ ടീം വാര്‍ത്താസമ്മേളനവും റദ്ദാക്കി. എന്നാൽ ഈ തന്ത്രങ്ങളൊന്നും പാകിസ്താനെ രക്ഷിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തിന് സമാനമായി സൂപ്പർ ഫോറിലും പാകിസ്താൻ തകർന്നടിഞ്ഞു.
ആറു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. പാകിസ്താൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. അർധസെഞ്ചുറി തികച്ച അഭിഷേക് ശർമയും ഗില്ലുമാണ് ഇന്ത്യയ്ക്ക് തകർപ്പൻ ജയമൊരുക്കിയത്. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ചാണ് ഇന്ത്യ തുടങ്ങിയത്. പിന്നീട് സ്റ്റേഡിയത്തില്‍ കണ്ടത് ഇന്ത്യന്‍ ഓപ്പണര്‍മാരുടെ താണ്ഡവമായിരുന്നു. അഭിഷേകും ശുഭ്മാന്‍ ഗില്ലും പാക് ബൗളര്‍മാരെ നിലംതൊടീച്ചില്ല. 30 റൺസെടുത്ത തിലക് വർമയുടെ ഇന്നിങ്സും ജയത്തിൽ നിർണായകമായി.
അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കളിക്കാരുടെ സമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനായി ഒരു സൈക്കോളജിസ്റ്റിനെയടക്കം നിയമിച്ചാണ് പാകിസ്താൻ തയ്യാറെടുത്തത്. പാക് മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യക്കെതിരായ മത്സരത്തിന് മുന്നോടിയായി കളിക്കാരുടെ സമ്മര്‍ദം നിയന്ത്രിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സമ്മര്‍ദ ഘട്ടങ്ങളില്‍ സംയമനം പാലിക്കാനും സഹായിക്കുന്നതിനായി പിസിബി ഡോ. റഹീല്‍ കരീമിന്റെ സേവനമാണ് തേടിയത്. പോരാട്ടത്തിന് മുന്നോടിയായി പാകിസ്താന്‍ ടീം വാര്‍ത്താസമ്മേളനം വീണ്ടും റദ്ദാക്കി. യുഎഇക്കെതിരായ കഴിഞ്ഞ മത്സരത്തിന് മുന്‍പും പാകിസ്താന്‍ വാര്‍ത്താസമ്മേളനം റദ്ദാക്കിയിരുന്നു. പക്ഷേ അതൊന്നും ഫലിച്ചില്ല. ഇന്ത്യക്ക് മുന്നിൽ പാകിസ്താൻ തകർന്നടിഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെതിരേ ഏഴുവിക്കറ്റിന്റെ അനായാസജയം ഇന്ത്യ നേടിയിരുന്നു. അന്ന് പാക് ടീമിനെ കളിയുടെ എല്ലാമേഖലയിലും പിന്നിലാക്കിയാണ് സൂര്യകുമാർ യാദവും സംഘവും ജയംനേടിയത്. 47 റൺസുമായി പുറത്താകാതെനിന്ന സൂര്യകുമാർ യാദവാണ് ഇന്ത്യൻ ബാറ്റിങ്ങിന് ചുക്കാൻപിടിച്ചത്. കുൽദീപ് യാദവ്-അക്സർ പട്ടേൽ-വരുൺ ചക്രവർത്തി എന്നിവരടങ്ങുന്ന സ്പിൻത്രയം പാക് ബാറ്റർമാരെ വരച്ചവരയിൽ നിർത്തുകയും ചെയ്തു.
Content Highlights: india bushed pakistan asia cupful scientist appointment








English (US) ·